കൊളംബോ: മലിംഗയുടെ തീതുപ്പും പന്തുകളില്‍ ഭസ്മമായ കെനിയക്ക് മേല്‍ ശ്രീലങ്ക ഒമ്പത് വിക്കറ്റിന്റെ വിജയം ആഘോഷിച്ചു. മാങ്ങയേറുകാരനെന്ന് കളിയാക്കുന്നവര്‍ക്ക് ലോകകപ്പിലെ രണ്ടാം ഹാട്രിക്കിലൂടെ ചുട്ടമറുപടി നല്കിയ ലസിത് മംലിഗ തന്നെയാണ് കെനിയയുടെ അന്തകനായത്.
വമ്പന്‍ ടീമുകള്‍ക്ക് മുന്നില്‍ ദുര്‍ബലരായ ടീമുകള്‍ക്ക് പൊരുതി നില്ക്കാന് പോലും കഴിയാത്ത അവസ്ഥയാണ് ചൊവ്വാഴ്ചത്തെ മത്സരത്തിലും കണ്ടത്. പരിക്കിന് ശേഷം മടങ്ങി വന്ന മലിംഗ അക്ഷരാര്‍ത്ഥത്തില്‍ കെനിയന്‍ ബാറ്റിങിനെ പിച്ചിച്ചീന്തുകയായിരുന്നു.
കെനിയയുടെ ആദ്യ വിക്കറ്റ് ഔമയുടെ(1) രൂപത്തില്‍ കുലശേഖര വീഴ്ത്തി. തൊട്ടുപിന്നാലെ വാട്ടേഴ്സിനെ എല്‍ബിഡബ്ല്യുവില്‍ കുടുക്കിക്കൊണ്ട് മലിംഗ തന്റെ വിക്കറ്റുവേട്ടയ്ക്കു തുടക്കമിട്ടു.
സ്കോര്‍ കാര്‍ഡ്
ഒബുയ സഹോദരങ്ങള്‍(കോളിന്‍സ്, ഡേവിഡ്) ചെറുത്തുനിന്നത് കെനിയ പൊരുതുകയാണെന്ന പ്രതീതി ജനിപ്പിച്ചുയ 94 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷം കോളിന്‍സ് ഒബൂയ മടങ്ങി. മലിംഗ കോളിന്‍സിനെ ബൗള്‍ഡാക്കുകയായിരുന്നു. തൊട്ടുപിന്നാലെ ടിക്കോളോയെ മാത്യൂസും ഡേവിഡ് ഒബൂയയെ മുരളിയും മടക്കിയതോടെ കെനിയ പതറി. എന്നാല്‍ വലിയൊരു ദുരന്തം തങ്ങളെ കാത്തിരിയ്ക്കുന്നുണ്ടെന്ന കാര്യം അപ്പോഴും കെനിയക്കാര്‍ക്ക് അറിയില്ലായിരുന്നു.
രണ്ടാം വരവില്‍ തന്മയ് മിശ്രയെ(0) പുറത്താക്കിക്കൊണ്ട് ആരംഭിച്ച വിക്കറ്റ് വേട്ട മലിംഗ പിന്നീട് നിര്‍ബാധം തുടര്‍ന്നു. തിണ്ണമിടുക്കും യോര്‍ക്കര്‍ എറിയാനുള്ള തന്റെ കഴിവും ഒരുപോലെ ആയുധമാക്കി മലിംഗ കെനിയയെ മുച്ചൂടും പിഴുതും.
കമാന്ഡെയെ റണ്ണൗട്ടാക്കിയ സില്‍വയുടെ അസാമാന്യ പ്രകടനത്തിനു ശേഷമായിരുന്നു മലിംഗയുടെ ഹാട്രിക് പ്രകടനം. അതും മൂന്നുപേരെയും ബൗള്‍ഡാക്കിക്കൊണ്ട്. 43-ാം ഓവറിലെ ആദ്യ പന്തില്‍ ഫുള്‍ ലെംഗ്ത് യോര്‍ക്കര്‍. എന്താണ് സംഭവിച്ചതെന്ന് ഒന്ഗോംഡോയ്ക്ക് അറിയാന്‍ പോലും സാധിച്ചില്ല.
അടുത്തപന്തില്‍ എന്ഗോച്ചെയും മൂന്നാം പന്തില്‍ ഒട്ടീനോയും മലിംഗയുടെ യോര്ക്കറിനുമുന്നില് നമിച്ചു. മലിംഗ നേടിയ ആറുവിക്കറ്റുകളില് നാലെണ്ണം ക്ലീന്‍ ബൗള്ഡിലൂടെയും രണ്ടെണ്ണം എല്ബിഡബ്ല്യുവിലൂടെയും. ഫീല്‍ഡമാരുടെ സഹായമില്ലാതെ തന്നെയാണ് വിക്കറ്റുകള്‍ പിഴുതതെന്ന് ചുരുക്കം.
2007 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയും മലിംഗ ഹാട്രിക് നേടിയിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏഴാം ഹാട്രിക്കാണിത്. തിങ്കളാഴ്ച വിന്‍ഡീസ് ബൗളര്‍ റോഷും ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു.
142 എന്ന ചെറിയ സ്കോര്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ലങ്കന്‍ ബാറ്റ്സ്മാന്മാര് കെനിയന്‍ ബൗളര്‍മാരെ നാലുപാടും അടിച്ചുപറത്തി. ഉപുല്‍ തരംഗ 67 റണ്‍സ് നേടി പുറത്താകാതെനിന്നപ്പോള്‍ ദില്ഷന് 44 റണ്‍സെടുത്തു. സംഗക്കാര 27 റണ്‍സ് നേടി പുറത്താകാതെനിന്നു.