
ബംഗ്ലാദേശിനെതിരെ കളിക്കാനുള്ള ടീമില്‍ ഉള്‍പ്പെട്ടതോടെ ലോകകപ്പ് മത്സരത്തില്‍ കളിയ്ക്കുന്ന ആദ്യ മലയാളി താരമെന്ന പേര് ശ്രീശാന്ത് സ്വന്തമാക്കി.
പരിക്കേറ്റ ആശിഷ് നെഹ്‌റയ്ക്ക് പകരമാണ് ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍. അശ്വിന്‍, പീയുഷ് ചൗള, സുരേഷ് റെയ്‌ന എന്നിവരാണ് ടീമില്‍ ഇടം നേടാന്‍ കഴിയാതിരുന്ന മറ്റ് താരങ്ങള്‍.
ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസ്സന്‍ ഇന്ത്യയെ ബാറ്റിങിന് അയച്ചിരിക്കുകയാണ്. 3 പേസ് ബൗളര്‍മാരും 3 സ്പിന്നര്‍മാരും ടീമിലുണ്ടെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി സൂചിപ്പിച്ചു. ശ്രീശാന്തിനൊപ്പം സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍ എന്നിവരുമുണ്ട്.
ടീമംഗങ്ങള്‍ മുഴുവന്‍ ആത്മവിശ്വാസത്തിലാണെന്നും 260 റണ്‍സില്‍ കുറഞ്ഞ സ്‌കോര്‍ ടീമിന് പിന്തുടരാവുന്നതേയുള്ളൂവെന്നും ടോസ് ലഭിച്ചശേഷം ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസ്സന്‍ പറഞ്ഞു.
രാത്രി മഞ്ഞുണ്ടാകും എന്നതിനാല്‍ ആദ്യം ബൗള്‍ ചെയ്യാനായിരുന്നു താല്‍പര്യമെന്ന് ഇന്ത്യന്‍ ധോണി പറഞ്ഞു. ടീമിന് ഒരുപാട് യാത്ര ചെയ്യേണ്ടിവന്നിരുന്നെങ്കിലും നന്നായി ഒരുങ്ങാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രതീക്ഷയിലാണെന്നും ധോണി പറഞ്ഞു
ബംഗ്ലാദേശിനെതിരെയുള്ള പോരാട്ടം ഇന്ത്യയ്ക്ക് അഭിമാനപ്പോരാട്ടം കൂടിയാണ്. 2007ലെ അടിയറവിന് പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ കളിയ്ക്കാനിറങ്ങുന്നത്.