For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീശാന്ത്, അല്‍പം അതിരുകടക്കുന്നു!

By മാരീചന്‍

ശ്രീശാന്തിന്റെ കടുത്ത ആരാധകര്‍ പോലും അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ ചില പ്രകടനങ്ങള്‍ കണ്ട് മൂക്കത്ത് വിരല്‍ വെച്ചു പോയിട്ടുണ്ടാവും. എന്തു പറ്റിയീ പയ്യന് എന്ന് തമ്മില്‍ തമ്മില്‍ ചോദിക്കുകയും ചെയ്തു പലരും!

ആന്‍ഡ്രൂ സിമ്മണ്ട്സിനെതിരെ ‍ ശ്രീശാന്ത് കാട്ടിക്കൂട്ടിയതിനെ ഏതു വാക്കിലാണ് വിശേഷിപ്പിക്കേണ്ടത്? കുട്ടിക്കളിയെന്നോ? തോന്നിയവാസമെന്നോ? അതോ കോമാളിത്തരമെന്നോ?

ക്ഷോഭിക്കുന്ന യുവത്വമാണത്രേ ശ്രീശാന്ത്. എന്തിനാണ് ശ്രീ ഇങ്ങനെ ക്ഷോഭിക്കുന്നത്? ഒരോവറില്‍ ഏഴിലധികം റണ്‍സ് വഴങ്ങുന്ന ബൗളര്‍ക്ക് ക്ഷോഭത്തെക്കാള്‍ നാണക്കേടല്ലേ ചേരുക. തന്റെ പന്തുകള്‍ എതിര്‍ടീമിലെ ബാറ്റ്സ്മാന്‍ ബൗണ്ടറിയിലേയ്ക്കും ഗാലറിയിലേയ്ക്കും പറത്തുമ്പോള്‍ ക്ഷോഭിച്ചിട്ടെന്തു കാര്യം?

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ എന്നു പേരുകേട്ട കപില്‍ദേവ് ഇങ്ങനെയാണോ പെരുമാറിയിരുന്നത്? സ്വിംഗ് ബൗളിംഗിന്റെ ഇതിഹാസമായിരുന്ന വാസിം അക്രം? കൃത്യത കൊണ്ട് സചിന്റെ പോലും ബഹുമാനം നേടി ഈയിടെ കളമൊഴിഞ്ഞ ഗ്ലെന്‍ മഗ്രാത്ത്? ആരെയാണ് ശ്രീശാന്ത് മാതൃകയാക്കുന്നത്?

അടിച്ചു തകര്‍ക്കുന്ന ഒരു ബാറ്റ്സ്മാന്‍ ബൗളറെ നിരാശനും നിരായുധനുമാക്കുന്നത് നമുക്കു മനസിലാകും. അയാളുടെ ബലഹീനത കണ്ടെത്തി അതിനനുസരിച്ച് പന്തെറിഞ്ഞാണ് ബൗളര്‍ മിടുക്ക് തെളിയിക്കേണ്ടത്. ഏറ്റവും നല്ല ഉദാഹരണം ഇന്നത്തെ ബൗളിംഗ് കോച്ചായ വെങ്കിടേഷ് പ്രസാദിന്റെ സ്വന്തം അനുഭവം തന്നെ.

ബാംഗ്ലൂരില്‍ നടന്ന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാറ്റു കൊണ്ട് തന്നെ പ്രകോപിപ്പിച്ച പാകിസ്താന്‍ താരം ആമിര്‍ സൊഹൈലിനെ അടുത്ത പന്തില്‍ ബൗള്‍ഡാക്കിയാണ് പ്രസാദ് പകരം വീട്ടിയത്. അതാണ് ജനം ബഹുമാനിക്കുന്ന ആക്രമണോത്സുകതയെന്ന് ആരാണ് പാവം ഗോപുമോന് പറഞ്ഞു കൊടുക്കുന്നത്?

സിമ്മണ്ട്സിനെ റണ്ണൗട്ടാക്കാന്‍ കാണിച്ച കോപ്രായവും അയാളെ ഔട്ടാക്കിയ ശേഷം നടത്തിയ കുരങ്ങന്‍ പ്രകടനവുമൊന്നും ശ്രീശാന്തിന്റെ കരിയറിന് ഒരു ഗുണവും ചെയ്യില്ല. പ്രകോപിതനായ ബൗളര്‍ക്ക് ഏകാഗ്രത നഷ്ടപ്പെടുമെന്നും പിന്നെ അയാളെ കൈകാര്യം ചെയ്യുന്ന കാര്യം എളുപ്പമാകുമെന്നും റമീസ് രാജ ചൂണ്ടിക്കാട്ടിയത് ശ്രീശാന്തിന്റെ തലയില്‍ കയറുമോ ആവോ?

കഴിവുളള ബൗളറാണ് ശ്രീശാന്ത്. ട്വെന്റി ട്വെന്റി സെമി ഫൈനലില്‍ ഗില്‍ക്രിസ്റ്റിനെയും ഹെയ്ഡനെയും ബൗള്‍ഡാക്കിയ എണ്ണം പറഞ്ഞ പന്തുകള്‍ മതി ശ്രീശാന്തിലെ പ്രതിഭയെ അറിയാന്‍. എന്നാല്‍ അച്ചടക്കമില്ലാത്ത പെരുമാറ്റവും കൃത്യതയില്ലാത്ത പന്തേറും ശ്രീശാന്തിന്റെ ഭാവി തുലച്ചാല്‍ അതിശയിക്കേണ്ടതില്ല.

ഫീല്‍ഡിനനുസരിച്ച് പന്തെറിയാനോ സ്വിംഗ് നിയന്ത്രിക്കുന്നതിനായി വേഗത ക്രമീകരിക്കാനോ ഒന്നും ഈ ഫാസ്റ്റ് ബൗളര്‍ മെനക്കെടാറില്ല. കൃത്യതയാണ് ഒരു ഫാസ്റ്റ് ബൗളറെ അപകടകാരിയാക്കുന്നതെന്ന് തിരിച്ചറിഞ്ഞാണ് ബ്രെറ്റ്ലീ വേഗതയുടെ പേരില്‍ ഷൊഅയ്ബ് അക്തറുമായുളള പോര് വേണ്ടെന്നു വെച്ചത്. വേഗതയെക്കാള്‍ കൃത്യതയ്ക്ക് മുന്‍തൂക്കം നല്‍കിയതു കൊണ്ടാണ് കളിക്കളത്തില്‍ നിന്നും പിരിയും വരെ മഗ്രാത്തിനെ എതിരാളികള്‍ മാനിച്ചത്.

ചൂടന്‍ പെരുമാറ്റത്തിന്റെ പേരില്‍ കുപ്രസിദ്ധനായിരുന്നു മനോജ് പ്രഭാകര്‍. മാര്‍ട്ടിന്‍ ക്രോയെപ്പോലുളള സ്ഥിരം എതിരാളികള്‍ പ്രഭാകറിനുണ്ടായിരുന്നു, പരസ്പരം പ്രകോപിപ്പിക്കാനും തെറിവിളിക്കാനും തുനിഞ്ഞിട്ടുണ്ടെങ്കിലും പന്തായിരുന്നു പ്രഭാകറിന്റെ പ്രധാന ആയുധം, കോപ്രായങ്ങളായിരുന്നില്ല.

ഒരു ഫാസ്റ്റ് ബൗളറെന്ന നിലയില്‍ ഇവരിലാരുടെയും ഏഴയലത്ത് ശ്രീശാന്ത് വരുന്നില്ല. ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്നും അമ്പതു വിക്കറ്റ് തികച്ചതിന്റെ ലോകറിക്കാര്‍ഡ് ഇപ്പോഴും കൈവശമുളള അജിത് അഗാര്‍ക്കര്‍ പോലും ശ്രീശാന്തിനെക്കാള്‍ മുന്നിലാണ്.

അത്രയെളുപ്പം കിട്ടുന്ന ഒരു സ്ഥാനമല്ല ഇന്ത്യയിലെ ക്രിക്കറ്റ് ടീമിലെ അംഗത്വം. അനന്തപത്മനാഭനെപ്പോലുളളവര്‍ക്കറിയാം അവഗണിക്കപ്പെട്ടവരുടെ വേദന. സ്വന്തം കഴിവുകൊണ്ടു തന്നെയാണ് ശ്രീ ടീമിലെത്തിയത്. മാന്യന്മാരുടെ കളിയെന്ന് പരക്കെ അറിയപ്പെടുന്ന ക്രിക്കറ്റില്‍ അമാന്യമായ പെരുമാറ്റത്തിന്റെ പേരില്‍ ശ്രീശാന്ത് പുറത്താക്കപ്പെടുന്നത് കേരളത്തിനും അപമാനമാണ്. കളിച്ചു ജയിപ്പിക്കുന്ന ശ്രീശാന്തിനെ കാണാനാണ് കേരളം കൊതിക്കുന്നത്.

ട്വെന്റി ട്വെന്റി മത്സരങ്ങളില്‍ മാച്ച് ഫീയുടെ ഒരു പങ്ക് അനാവശ്യ പ്രകടനങ്ങളുടെ പേരില്‍ ശ്രീശാന്തിന് പിഴയൊടുക്കേണ്ടി വന്നു. കൊച്ചിയിലെ പ്രകടനങ്ങള്‍ കവരുന്നത് മാച്ച് ഫീയുടെ 30 ശതമാനമാണത്രേ.

ഫീല്‍ഡിലെ ആക്രമണോത്സുകതയെന്നാല്‍ തിണ്ണമിടുക്കിന്റെ തറവേലയല്ലെന്ന് പൂജാമുറിയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ സാവിത്രീദേവി ഗോപുമോനെ പറഞ്ഞു മനസിലാക്കുമോ ആവോ?

ശ്രീശാന്തിന്റെ കളിക്കളത്തിലെ പ്രകടനങ്ങളെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു? അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.

Story first published: Wednesday, December 7, 2011, 14:15 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+