കടലാസ് കടുവകളുടെ ശൗര്യമടങ്ങി
ഹൈദരാബാദ് : മക്കായാ എന്റിനിയുടെ ആ സുന്ദരന്‍ ഇന്‍സ്വിംഗറിന് മറുപടി പറയാനുളള മികവ് ശ്രീശാന്തിന്റെ ബാറ്റിനില്ലായിരുന്നു. ചില കാടന്‍ അടികളിലൂടെ ഇന്ത്യയുടെ ഇന്നിംഗ്സ് പരാജയം ഏതാനും ഓവറുകള്‍ കൂടി ദീര്‍ഘിപ്പിച്ചെന്ന് ശ്രീശാന്തിന് ആശ്വസിക്കാം. അത്രമാത്രം.
ഒരിന്നിംഗ്സിനും 90 റണ്‍സിനുമായിരുന്നു നീലക്കടുവകളുടെ നാണം കെട്ട പരാജയം. ,
ചെന്നൈയില്‍ സേവാഗില്‍ നിന്നേറ്റ പ്രഹരം മറികടക്കാന്‍ ഭംഗിയായി ഗൃഹപാഠം ചെയ്താണ് ദക്ഷിണാഫ്രിക്കക്കാര്‍ ഹൈദരാബാദില്‍ കളിക്കാനെത്തിയത്. മൂളിപ്പറക്കുന്ന സ്വിംഗ് ബൗളിംഗിനു മുന്നില്‍ വിരണ്ടു ചൂളുന്ന ഇന്ത്യയുടെ കൊടികെട്ടിയ ബാറ്റിംഗ് നിരയെ ആദ്യ ദിവസം വെറും ഇരുപതോവറില്‍ പുറത്താക്കിയപ്പോള്‍ തന്നെ വിധി കുറിച്ചിരുന്നു. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ അത്ഭുതങ്ങള് സംഭവിക്കണമായിരുന്നു. അല്ലെങ്കില്‍ മഴ ദൈവങ്ങളുടെ കനിവ്.
രണ്ടും നടന്നില്ല. ക്രിക്കറ്റ് പ്രേമികള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ നാണക്കേടിന്റെ മറ്റൊരധ്യായം എഴുതിച്ചേര്‍ത്ത് വില്ലാളി വീരന്മാര്‍ മൂന്നു ദിവസം കൊണ്ട് ടെസ്റ്റ് അവസാനിപ്പിച്ച് മടങ്ങി. ട്വെന്റി ട്വെന്റിയില്‍ കിലുങ്ങുന്ന കോടികളുടെ സ്വപ്നമുളളപ്പോള്‍ ടെസ്റ്റ് എന്തിന് അഞ്ചു ദിവസത്തേയ്ക്ക് നീളണം?
തലേ ദിവസത്തെ ഏഴിന് 494 എന്ന സ്കോറിന് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്താണ് ദക്ഷിണാഫ്രിക്ക പന്തെടുത്തത്. എന്റിനിയും മോര്‍ക്കെലും സ്റ്റെയിനുമടങ്ങുന്ന പേസ് നിര തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുമ്പോള്‍ ഇത് ഇന്ത്യയ്ക്ക് സ്വപ്നം കാണാവുന്നതിലും വലിയ സ്കോര്‍.
ഒന്നാം ഇന്നിംഗ്സില്‍ നിര്‍ത്തിയേടത്തു നിന്ന് ദക്ഷിണാഫ്രിക്കയുടെ ബൗളര്‍മാര്‍ പന്തെറിഞ്ഞു തുടങ്ങി. രണ്ട് സിക്സറും ഒരു ഫോറും നേടിയ വീരേന്ദ്ര സെവാഗിന്റെ വീരസ്യം അധികം നീണ്ടില്ല. 17 റണ്‍സിലെത്തിയപ്പോള്‍ എന്റിനിയുടെ പന്തില്‍ സെവാഗ് വിക്കറ്റിനു മുന്നില്‍ കുടുങ്ങി.
സ്കോര്‍ 64ലെത്തിയപ്പോള്‍ 17 റണ്‍സെടുത്ത ദ്രാവിഡും മടങ്ങി. ഡിവില്ലിയേഴ്സിന് കാച്ച്, മോര്‍ക്കെലിന് വിക്കറ്റ്. സ്കോര്‍ 70 ആയപ്പോള്‍ 19 റണ്‍സെടുത്ത ജാഫര്‍ പുറത്ത്. സ്കോര്‍ ബോര്‍ഡില്‍ 125 റണ്‍സായപ്പോഴേയ്ക്കും ലക്ഷ്മണിന്റെ രൂപത്തില്‍ നാലാം വിക്കറ്റും പോയി. അപ്പോഴേ ഇന്ത്യയുടെ വിധി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
ഇന്ത്യയുടെ ഏറ്റവും നല്ല കൂട്ടുകെട്ടാണ് പിന്നെ പിറന്നത്. പരിചയ സമ്പത്ത് മുഴുവന്‍ പുറത്തെടുത്ത് ഗാംഗൂലി പിടിച്ചു നില്‍ക്കാന്‍ നോക്കി. ധോണിയായിരുന്നു കൂട്ട്. സ്കോര്‍ 235ലെത്തിയപ്പോള്‍ 87 റണ്‍സെടുത്ത ഗാംഗൂലി പുറത്ത്.
പിന്നെയെല്ലാം ചടങ്ങുകള്‍. 57 റണ്‍സെടുത്ത ധോണി, അഞ്ച് റണ്‍സെടുത്ത നായകന്‍ കുംബ്ലെ, നാലു റണ്‍സെടുത്ത ഹര്‍ബജന്‍, എട്ടു റണ്‍സോടെ ആര്‍ പി സിംഗ്. ഒന്നിനു പുറകെ ഒന്നായി വാലറ്റം കൂടാരം കയറി.
ഒമ്പതാം വിക്കറ്റിലാണ് ശ്രീശാന്തിന്റെ ശൗര്യം കണ്ടത്. 13 പന്തുകളില്‍ ഒരു സിക്സും രണ്ടു ഫോറുമായി 17 റണ്‍സ്. കളി അടുത്ത ദിവസത്തേയ്ക്ക് നീട്ടാന്‍ ഇന്ത്യയ്ക്കും താല്‍പര്യമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ശ്രീശാന്തിന്റെ ബാറ്റു വീശല്‍.
ഒടുവില്‍ എന്റിനിയുടെ ഇന്‍സ്വിംഗര്‍ കഥ തീര്‍ത്തു.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി എന്റിനിയും സ്റ്റെയിനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ പുറത്താകാതെ 217 റണ്‍സ് നേടിയ ഡിവില്ലിയേഴ്സാണ് മാന്‍ ഓഫ് ദി മാച്ച്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications