അടുത്ത ലോകകപ്പിലും കളിക്കണം: സച്ചിന്‍
ദില്ലി: സീനിയര്‍ താരങ്ങള്‍ക്ക് വിരമിക്കാന്‍ സമയമായില്ലേയെന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ദ്രാവിഡിനും ഗാംഗുലിക്കും ഇതിനകം തന്നെ ഏകദിന ക്രിക്കറ്റില്‍ സ്ഥാനം നഷ്ടപ്പെട്ടു കഴിഞ്ഞു. എങ്കിലും മുപ്പത്തിനാലുകാരനായ സച്ചിനെ അതൊന്നും അലട്ടുന്നേയില്ല. 2011ലെ ലോകകപ്പിലും കളിക്കണമെന്നാണ് സച്ചിന്റെ മോഹം.
ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ തന്റെ മോഹം പ്രകടിപ്പിച്ചത്. ലോകകപ്പ് നേടണമെന്ന ആഗ്രഹം ഇപ്പോഴും സഫലീകരിക്കാനാവാത്ത സ്വപ്നമായി അവശേഷിക്കുകയാണ്. അതിനായി ഇനിയും കളിക്കണമെന്നാണ് തന്റെ ആഗ്രഹം- സച്ചിന്‍ പറഞ്ഞു.
സച്ചിന്‍ വിരമിക്കാന്‍ സമയമായെന്ന് ഇടക്കാലത്ത് ക്രിക്കറ്റ് വിദഗ്ധര്‍ നിരീക്ഷിച്ചിരുന്നു. അദ്ദേഹം ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്നും ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. വിമര്‍ശനങ്ങളെ അതിജീവിച്ച് സച്ചിന്‍ തിരിച്ചുവരവ് നടത്തിയെങ്കിലും ഇനിയൊരു മൂന്ന് വര്‍ഷം കൂടി ഏകദിന ക്രിക്കറ്റില്‍ തുടരണമെന്നും അടുത്ത ലോകകപ്പ് കളിക്കണമെന്നുമുള്ള ആഗ്രഹം അതിരുകവിഞ്ഞതല്ലേ എന്ന് ക്രിക്കറ്റ് ആരാധകര്‍ക്ക് തോന്നുന്നത് സ്വാഭാവികം.
ഈ നിമിഷം ഞാന്‍ ക്രിക്കറ്റ് ആസ്വദിക്കുകയാണ്. ഭാവിയെ കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നില്ല. 20 വര്‍ഷമായി ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് തുടരുകയാണ്. ഇപ്പോഴത്തെ കാര്യത്തില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധിക്കുന്നത്- സച്ചിന്‍ പറഞ്ഞു.
മുപ്പത്തിനാലുകാരനായ ക്രിക്കറ്റര്‍ ഭാവിയെ കുറിച്ച് കൂടി ചിന്തിക്കാന്‍ സമയമായില്ലേ, ഏകദിന ക്രിക്കറ്റിന് ചേര്‍ന്ന അക്രമോത്സുകത പ്രകടിപ്പിക്കുന്ന യുവതാരങ്ങളുടെ ഒരു നിര തന്നെ ഇന്ത്യന്‍ ടീമിന്റെ വാതിലില്‍ മുട്ടിവിളിക്കുമ്പോള്‍ സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തണമെന്ന് സച്ചിന്‍ സ്വയം തിരിച്ചറിയുന്നതല്ലേ നല്ലത്..... ക്രിക്കറ്റ് ആരാധകരുടെ ചുണ്ടില്‍ ചോദ്യങ്ങള്‍ പലതുണ്ട്.
ദ്രാവിഡിനെയും ഗാംഗുലിയെയും പലപ്പോഴായി ടീമില്‍ നിന്ന് ഒഴിവാക്കി 'ശിക്ഷിച്ച' സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ അധികമാരും വിമര്‍ശിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ പലപ്പോഴും ദ്രാവിഡും ഗാംഗുലിയും നേരിട്ടതു പോലുള്ള ഫോമില്ലായ്മ ഇടക്കാലത്ത് സച്ചിനെയും അലട്ടിയിരുന്നു. അന്നൊന്നും സച്ചിനെതിരെ വാളെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ധൈര്യപ്പെട്ടില്ല.
ഇന്നത്തെ ഫോമില്‍ സച്ചിന്‍ വിരമിക്കണമെന്ന് ആരും പറയില്ല. എന്നാല്‍ മുപ്പത്തിയേഴാം വയസിലും ടീമില്‍ തുടരണമെന്നും ലോകകപ്പ് കളിക്കണമെന്നുമുള്ള സച്ചിന്റെ ആഗ്രഹപ്രകടനം പരിക്കും ഫോമില്ലായ്മയും ഇടയ്ക്ക് തകര്‍പ്പന് പ്രകടനവുമായി ഇരുളും വെളിച്ചവും ഒരു പോലെ പിന്തുടരുന്ന അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറിന്റെ പശ്ചാത്തലത്തില്‍ അതിരുകവിഞ്ഞതല്ലേ എന്ന ചോദ്യം അവശേഷിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications