മുംബൈ: ബൗളിങിലെ സച്ചിനാണ് മുത്തയ്യ മുരളീധരന്‍, അതുപോലെ ബാറ്റിങിലെ മുരളിയാണ് സച്ചിന്‍. സമകാലീന ക്രിക്കറ്റിലെ ഈ ഇതിഹാസങ്ങളുടെ താരതമ്യത്തിന് ഇങ്ങനയെ സാധിയ്ക്കൂ. റെക്കാര്‍ഡുകളുടെയും മറ്റും നേട്ടത്തില്‍ സച്ചിന് മുന്‍തൂക്കമുണ്ടെങ്കിലും അദ്ദേഹവുമായി താരതമ്യപ്പെടുത്താന്‍ കഴിയാവുന്ന ഏക കളിക്കാരന്‍ പന്തു കൊണ്ട് ഇന്ദ്രജാലം കാണിയ്ക്കുന്ന മുത്തയ്യ മുരളീധരന്‍ മാത്രമാണ്. ഏകദിനക്രിക്കറ്റിലെ അതികായകരുടെ അവസാന കണ്ടുമുട്ടലാണ് മുംബൈയിലെ ലോകകപ്പ് ഫൈനല്‍. കരിയറിലെ ഏറ്റവും ഉന്നതിയിലാണെങ്കിലും ഇനിയൊരു ലോകകപ്പില്‍ കൂടി ഈ താരങ്ങള്‍ മുഖാമുഖം കാണുമെന്നത് വന്യമായൊരു സ്വപ്‌നം മാത്രമാണ്.

കരിയറില്‍ സച്ചിന്‍ റണ്‍മല കയറുമ്പോള്‍ വിക്കറ്റുകള്‍ കൊയ്തുകൂട്ടുകയായിരുന്നു മുരളീധരന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1347 വിക്കറ്റുകളെന്ന മുരളിയുടെ റെക്കാര്‍ഡ് ഭേദിയ്ക്കാന്‍ ഇപ്പോള്‍ കളിയ്ക്കുന്ന ആര്‍ക്കും കഴിയില്ലെന്ന് നിസംശയം പറയാം. അഞ്ച് ലോകകപ്പുകള്‍ കളിച്ചിട്ടുള്ള മുരളിയുടെ കരിയര്‍ ലങ്കന്‍ ടീമിന്റെ ചരിത്രം കൂടിയാണ്. സെമി ഫൈനലില്‍ അവസാന പന്തില്‍ വിക്കറ്റ് നേടി ജന്മനാട്ടില്‍നിന്ന് യാത്രയയപ്പുവാങ്ങിയാണ് മുരളി മുംബൈയിലേക്ക് വിമാനം കയറിയത്.
വാങ്കഡെയില്‍ സച്ചിന്‍ ആദ്യ കിരീടമാണ് തേടുന്നതെങ്കില്‍ മുരളിയുടെ രണ്ടാമൂഴമാണിത്. ഏകദിന ക്രിക്കറ്റിലെ തന്റെ അവസാന മത്സലത്തില്‍ ലങ്കയെ ഒരിയ്ക്കല്‍ കൂടി കീരിടമണിയിക്കുകയെന്ന ദൗത്യമാണ് മുരളിയ്ക്കുള്ളത്. സ്പിന്‍ മാന്ത്രികന്റെ വിരലുകള്‍ക്ക് അതിനുള്ള കഴിവുണ്ടെന്നും ലങ്കന്‍ ജനത വിശ്വസിയ്ക്കുന്നു. പരിക്കുകള്‍ വകവെയ്ക്കാതെയാണ് മുരളി സെമി കളിച്ചത്. എന്തൊക്കെ സംഭവിച്ചാലും ശനിയാഴ്ച കളത്തിലുണ്ടാവുമെന്ന് മുരളി വ്യക്തമാക്കിയിട്ടുണ്ട്.
തങ്ങളുടെ പ്രിയതാരത്തിന് ലോകകപ്പ് സമ്മാനിയ്ക്കുമെന്നാണ് ഇരു ക്യാപ്റ്റന്‍മാരും ആണയിടുന്നത്. അതിന് വേണ്ടി കൈമെയ് മറന്ന് പൊരുതാന്‍ അവര്‍ തയാറായിക്കഴിഞ്ഞു. ലോകകപ്പിലെ അവസാന അധ്യായം രചിയ്ക്കാനൊരുങ്ങുന്ന ഇതിഹാസങ്ങളില്‍ ആര്‍ക്കാവും ജയം? കാത്തിരുന്ന് കാണുക തന്നെ...