മുംബൈ: ഐ പിഎല്‍ ക്രിക്കറ്റിലെ ഒത്തുകളി വിവാദം തന്നെ ഞെട്ടിച്ചുവെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. താരങ്ങള്‍ ഒത്തുകളിച്ചു എന്ന വാര്‍ത്ത തന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുയും ചെയ്തു. ക്രിക്കറ്റിനെ പോലെ ഒരു കളി തെറ്റായ കാരണം കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് തന്നെ വേദനിപ്പിക്കുന്നതായും ജെന്റില്‍മാന്‍ ഗെയിം എന്ന് വിളിക്കപ്പെടുന്ന ക്രിക്കറ്റിന്റെ ശരിയായ പ്രതിനിധികളില്‍ ഒരാളായ സച്ചിന്‍ പറഞ്ഞു.
നേരത്തെ ക്രിക്കറ്റ് വിവാദങ്ങളില്‍ മനംനൊന്ത് രാഹുല്‍ദ്രാവിഡും പ്രതികരിച്ചിരുന്നു. സച്ചിനും ദ്രാവിഡും മികച്ച ഫോമില്‍ കളിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ ഐ പി എല്ലില്‍ നിന്നും വിരമിക്കാന്‍ തീരുമാനം എടുത്തത് ആറാം സീസണിലെ ഒത്തുകളി വിവാദത്തെ തുടര്‍ന്നാണ് എന്നാണ് കരുതപ്പെടുന്നത്. ഒത്തുകളിവിവാദങ്ങള്‍ നിറഞ്ഞ കാലങ്ങളിലെല്ലാം ടീമിന്റെ പ്രതിച്ഛായ കാത്ത രണ്ട് മഹാരഥന്മാരായ കളിക്കാരാണ് സച്ചിനും ദ്രാവിഡും.

എന്നാല്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനായ എം എസ് ധോണി ഇതുവരെ വാതുവെപ്പ് വിവാദത്തെപ്പറ്റി ഒരക്ഷരം മിണ്ടാന്‍ തയ്യാറായിട്ടില്ല. ബി സി സിഐയുടെ കര്‍ശന നിര്‍ദ്ദേശം ഉള്ളതിനാലാണ് ധോണി പ്രതികരിക്കാത്തത് എന്നാണ് കരുതുന്നത്. എന്നാല്‍ ധോണിയുടെ ടീമായ ചെന്നൈ കിംഗ്‌സും ഭാര്യയായ സാക്ഷി ധോണിയും വാതുവെപ്പുസംഘങ്ങളുമായി ബന്ധപ്പെടുന്നു എന്ന് ആരോപണമുണ്ട്.
രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം ശ്രീശാന്തടക്കം മൂന്ന് കളിക്കാരും നിരവധി വാതുവെപ്പുകാരും ഒത്തുകളിക്കേസില്‍ ജയിലിലാണ്.