മുംബൈ: ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് തിങ്കളാഴ്ച 33-ാം ജന്മദിനം. പരിക്കു മൂലം ക്രിക്കറ്റ് കരിയറില്‍ മറ്റൊരു ഇടവേളയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് സച്ചിന്‍ 33-ാം ജന്മദിനം ആഘോഷിക്കുന്നത്.
പരിക്ക് മൂലം കഴിഞ്ഞ ഒരു വര്‍ഷം സച്ചിന്റെ കരിയര്‍ ചില പ്രതിസന്ധികളെ നേരിടുകയായിരുന്നു. കുറഞ്ഞ സ്കോറുകളില്‍ അവസാനിക്കുന്ന ഇന്നിംഗ്സുകള്‍ സച്ചിന് പഴയ പ്രതാപം നഷ്ടപ്പെട്ടുവെന്ന വിമര്‍ശനം ക്ഷണിച്ചുവരുത്തി.
ദില്ലിയില്‍ ശ്രീലങ്കയ്ക്കെതിരെ നടന്ന ടെസ്റില്‍ ടെസ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ബാറ്റ്സ്മാനെന്ന സുനില്‍ ഗവാസ്കറിന്റെ റെക്കോഡ് തകര്‍ത്ത് 35-ാം സെഞ്ച്വറി നേടിയതു മാത്രമാണ് കഴിഞ്ഞ ജന്മദിനത്തിനു ശേഷം സച്ചിന്റെ തിളക്കമാര്‍ന്ന പ്രകടനം.
പാകിസ്ഥാനെതിരെയും ഇംഗ്ലണ്ടിനെതിരെയും നടന്ന ടെസ്റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയ സച്ചിന്റെ കരിയറിലെ ഏറ്റവും തിളക്കം കുറഞ്ഞ വര്‍ഷമാണ് കടന്നുപോയത്. അടുത്ത മാസം ആരംഭിക്കുന്ന വെസ്റ് ഇന്റീസ് പര്യടനത്തിലും സച്ചിന്റെ അസാന്നിധ്യം തുടരും.