Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗെയ്ല്‍ പക തീര്‍ത്തു; കൊല്‍ക്കത്ത പറപറന്നു

കൊല്‍ക്കത്ത: ഗെയ്ല്‍ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ ജയം. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഒമ്പതു വിക്കറ്റും 11 പന്തും ബാക്കിനിര്‍ത്തി ബംഗ്ലൂര്‍ പുഷ്പം പോലെ മറികടന്നു.

Chris Gayle

നാലാം ഐപിഎല്ലിലെ തന്റെ ആദ്യമത്സരത്തിനായി കളിയ്ക്കാനിറങ്ങുമ്പോള്‍ കരീബിയക്കാരന്‍ ഗെയ്‌ലിന്റെ മനസ്സിനുള്ളില്‍ നിറയെ പകയായിരുന്നു. ഐപിഎല്‍ ലേലത്തില്‍ തന്നെ കയ്യൊഴിഞ്ഞ ടീമുകളോട്, പാകിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍നിന്ന് ഒഴിവാക്കിയ വിന്‍ഡീസ് സെലക്ടര്‍മാരോട്. ഇവരോടുള്ള വാശിയില്‍ പക്ഷേ എരിഞ്ഞടങ്ങിയത് ഷാരൂഖിന്റെ കൊല്‍ക്കത്തയാണെന്ന് മാത്രം.

പരിക്കേറ്റ ഡിര്‍ക് നാനെസിന് പകരക്കാരനായാണ് ഗെയ്‌ലിനെ ദിവസങ്ങള്‍ക്കുമുമ്പ് ബംഗ്ലൂര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണ്‍ വരെ തങ്ങളുടെ കുപ്പായമണിഞ്ഞ ഗെയ്‌ലിന്റെ സംഹാരരൂപം പൂണ്ടപ്പോള്‍ കൊല്‍ക്കത്തയ്ക്ക് മറുപടിയില്ലാതെയായി. 55 പന്തില്‍ ഏഴു സിക്‌സും 10 ബൌണ്ടറിയും ഉള്‍പ്പെടെയാണ് ഗെയ്ല്‍ 102 റ നേടിയത്. ബാംഗ്ലൂരിനെ വിജയവഴിയിലെത്തിയ്ക്കുമ്പോഴും കീഴടങ്ങാതെ നിന്ന ഗെയ്ല്‍ തന്നെയാണ് കളിയിലെ കേമന്‍.

കൊല്‍ക്കത്ത ഇന്നിങ്‌സില്‍ ആകെ പിറന്നത് നാല് സിക്‌സറാണ്. ബംഗ്‌ളൂരിന് ജയിക്കാന്‍ 2.5 ഓവറില്‍ രണ്ടു റണ്‍ മാത്രം വേണ്ടപ്പോള്‍ 98 റണ്ണുമായി 'നോ സ്‌െ്രെടക് എന്‍ഡി'ലായിരുന്നു ഗെയ്ല്‍. എന്നാല്‍, പിന്നീടുള്ള അഞ്ച് പന്തുകള്‍ മുട്ടിയിട്ട് വിരാട് കോഹ്ലി ഗെയ്‌ലിന്റെ സെഞ്ചുറിക്ക് വഴിയൊരുക്കി. ഒരു എക്‌സ്ട്രാ റണ്‍ മാത്രമായിരുന്നു ഈ അഞ്ചു പന്തില്‍ കൊല്‍ക്കത്ത നേടിയത്. 19ാം ഓവറിലെ ആദ്യ പന്ത് ബൌണ്ടറി കടത്തി ഗെയ്ല്‍ സെഞ്ചുറിയും ടീമിന്റെ വിജയവും ആഘോഷിച്ചു.

ബംഗ്‌ളൂരിനുവേണ്ടി പന്തെറിഞ്ഞ ഇഖ്ബാല്‍ അബ്ദുള്ള ഒഴികെയുള്ളവരെല്ലാം ഗെയ്‌ലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഒന്നാം വിക്കറ്റില്‍ ഗെയ്‌ലും തിലകരത്‌നെ ദില്‍ഷനും (31 പന്തില്‍ 38) ചേര്‍ന്ന് 12 ഓവറില്‍ 123 റണ്‍ വാരിയപ്പോള്‍തന്നെ ബംഗ്‌ളൂര്‍ ജയം ഉറപ്പിച്ചിരുന്നു. കളിയുടെ രണ്ടാം പകുതിയല്‍ ഗെയ്ല്‍ സെഞ്ചുറയടിക്കുമോയെന്ന് മാത്രമാണ് അറിയാനുണ്ടായിരുന്നത്. 13ാം ഓവറിലെ ആദ്യ പന്തില്‍ ദില്‍ഷന്‍ പുറത്തായെങ്കിലും പിന്നീട് വന്ന കോഹ്ലി (23 പന്തില്‍ പുറത്താകാതെ 30) വിജയനിമിഷംവരെ ഗെയ്‌ലിനൊപ്പം നിലയുറപ്പിച്ചു.

നേരത്തെ, ഓപ്പണര്‍മാരായ ജാക് കാലിസ് (42 പന്തില്‍ 40), ബ്രാഡ് ഹാഡിന്‍ (11 പന്തില്‍ 18), ഗൌതം ഗംഭീര്‍ (38 പന്തില്‍ 48), യൂസഫ് പഠാന്‍ (24 പന്തില്‍ 46) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ വിജയപ്രതീക്ഷ നല്‍കുന്ന സ്‌കോറുയര്‍ത്താന്‍ കൊല്‍ക്കത്തക്കായി. സഹീര്‍ഖാന്‍ എറിഞ്ഞ ആദ്യ ഓവറില്‍ കാലിസ് മൂന്നു ബൌണ്ടറിയും ശ്രീനാഥ് അരവിന്ദിന്റെ അടുത്ത ഓവറില്‍ ഹാഡിന്‍ ഒന്നുവീതം ബൌണ്ടറിയും സിക്‌സും പറത്തിയപ്പോള്‍ രണ്ട് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്ണെന്ന നിലയിലായിരുന്നു കൊല്‍ക്കത്ത.

4.5 ഓവറില്‍ 45 റണ്ണാണ് ഓപ്പണിങ് കൂട്ടുകെട്ടിന്റെ സംഭാവന. രണ്ടാം വിക്കറ്റില്‍ കാലിസും ഗംഭീറും ചേര്‍ന്ന് 58 റണ്ണടിച്ചു. ഇടയ്ക്ക് അല്‍പ്പമൊന്നു താഴ്ന്ന റനിരക്ക് മൂന്നുവീതം സിക്‌സും ബൌണ്ടറിയും വര്‍ഷിച്ച യൂസഫ് പഠാന്‍ ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം ഗെയ്‌ലിന്റെ സംഹാരതാണ്ഡവത്തില്‍ വെറുതെയായെന്ന് മാത്രം.

തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയോടെ റനിരക്ക് ഇടിഞ്ഞ കൊല്‍ക്കത്തയ്ക്ക് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവന്നു. കൊല്‍ക്കത്തയ്‌ക്കൊപ്പം ആറു പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് ഒന്നാം സ്ഥാനത്തേക്കു മുന്നേറി. ആറു മത്സരങ്ങളില്‍ അഞ്ചു പോയിന്റുമായി ബംഗ്‌ളൂര്‍ അഞ്ചാം പടിയിലേക്കു കടന്നു.

Story first published: Saturday, May 12, 2012, 16:00 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+