കറാച്ചി: പാകിസ്‌താനില്‍ നടന്ന ഏഷ്യാകപ്പ് ഫൈനല്‍ തലേന്ന് ഇന്ത്യന്‍ താരങ്ങള്‍ രാത്രി ബീച്ച് പാര്‍ട്ടിയില്‍ പങ്കെടുത്തെന്ന ആരോപണം ക്രിക്കറ്റ് ബോര്‍ഡ് അന്വേഷിയ്ക്കാന്‍ സാധ്യത.
ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാരായ യുവരാജ്‌സിങ്, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ എന്നിവര്‍ കറാച്ചിയിലെ ഫ്രഞ്ച് ബീച്ചില്‍ കൂട്ടുകാരോടൊപ്പം പുലരുവോളം നീണ്ട പാര്‍ട്ടിയില്‍ പങ്കെടുത്തതായി പാക് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
പിറ്റേന്ന് ശ്രീലങ്കയ്ക്കെതിരെ നടന്ന ഫൈനലില്‍ വൈസ് ക്യാപ്‌റ്റനായ യുവരാജ് പൂജ്യത്തിനും റെയ്‌ന 16 റണ്‍സിനും രോഹിത് 3 റണ്‍സിനും പുറത്തായിരുന്നു. മത്സരത്തില്‍ ഇന്ത്യ 100 റണ്‍സിന് തോല്‌ക്കുകയും ചെയ്‌തു.
പുലര്‍ച്ചെ മൂന്നു മണിയോടെയാണ് താരങ്ങള്‍ പാര്‍ട്ടി കഴിഞ്ഞ് ഹോട്ടലില്‍ തിരിച്ചെത്തിയതെന്നും ഫൈനല്‍ ദിനത്തില്‍ ഇവര്‍ ക്ഷീണിതരായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ആരോപണം സംബന്ധിച്ച് യാതൊരു അന്വേഷണവും ആരംഭിച്ചിട്ടില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.