കൊല്‍ക്കത്ത: ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് ബൗളര്‍ സഹീര്‍ഖാനാണെന്ന് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ വെങ്കിടേഷ് പ്രസാദ്. ഇര്‍ഫാന്‍ പത്താന് മാധ്യമങ്ങള്‍ നല്‍കുന്ന അമിതമായ പ്രാധാന്യം അദ്ദേഹത്തില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ടെന്നും പ്രസാദ് പറഞ്ഞു.
പത്താനും സഹീറും ലക്ഷ്മിപതി ബാലാജിയും മികച്ച ബൗളര്‍മാരാണെന്നും ഇവര്‍ ഭാവിയില്‍ മികച്ച പേസ് കുട്ടുക്കെട്ടായിത്തീരുമെന്നും പ്രസാദ് പറഞ്ഞു. ഇവരില്‍ ഏറ്റവും മികച്ച ബൗളര്‍ ആരാണെന്ന് ചോദിച്ചാല്‍ അത് സഹീര്‍ഖാനാണെന്ന് താന്‍ പറയുമെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.
പരിക്കുകളെ അതിജീവിക്കുകയാണ് സഹീര്‍ഖാന്‍ പ്രധാനമായും ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ ടീം മാനേജ്മെന്റ് വേണ്ട സഹായം സഹീര്‍ഖാന് നല്‍കേണ്ടതുണ്ട്.
പത്താന്‍ മികച്ച ബൗളറാണ്. എന്നാല്‍ മാധ്യമങ്ങള്‍ നല്‍കുന്ന അമിതമായ പ്രാധാന്യം ഒരു ചെറുപ്പക്കാരനായ ബൗളറില്‍ അനാവശ്യ സമ്മര്‍ദം സൃഷ്ടിക്കും. ഓള്‍റൗണ്ടറെന്ന നിലയില്‍ പത്താനെയും കപില്‍ദേവിനെയും താരതമ്യപ്പെടുത്താന്‍ കൂടി മാധ്യമങ്ങള്‍ തയ്യാറായി. അത്തരം താരതമ്യങ്ങള്‍ നടത്തുന്നതിന് മുമ്പ് ഒരു കളിക്കാരന്റെ രണ്ടോ മൂന്നോ വര്‍ഷത്തെ പ്രകടനം വിലയിരുത്തേണ്ടതുണ്ടെന്ന് പ്രസാദ് ചൂണ്ടിക്കാട്ടി.