ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രമുഖ കമ്പനികള്‍ ക്രിക്കറ്റ് താരങ്ങളുമായുള്ള കരാറുകളും പുന:പരിശോധിക്കുന്നു. ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ രാഹുല്‍ ദ്രാവിഡിനെയും സൗരവ് ഗാംഗുലിയെയും പെപ്സി ബ്രാന്റ് അംബാസിഡര്‍ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കി.
ഇവര്‍ക്കു പകരം ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ കണ്ടെത്തലുകളായ ഇഷാന്ത് ശര്‍മയെയും രോഹിത് ശര്‍മയെയും ബ്രാന്റ് അംബാസിഡര്‍മാരാക്കാനാണ് പെപ്സിയുടെ തീരുമാനം. അതേ സമയം ഏറെ കാലമായി പെപ്സിയുടെ ബ്രാന്റ് അംബാസിഡറായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആ സ്ഥാനത്ത് തുടരുമോയെന്ന കാര്യത്തില്‍ പെപ്സി മൗനം പാലിക്കുകയാണ്.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കാര്യത്തില്‍ ഇപ്പോഴെന്തെങ്കിലും പറയുന്നത് അനുചിതമായിരിക്കുമെന്ന് പെപ്സികോ ഇന്ത്യാ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംഗ്-കോള) സന്ദീപ് സിംഗ് അറോറ പറഞ്ഞു.
നേരത്തെ ഇന്ത്യ ലോകകപ്പില്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്തായപ്പോള്‍ ക്രിക്കറ്റ് താരങ്ങളെ തങ്ങളുടെ പരസ്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ട്വന്റി ട്വന്റി ലോകകപ്പ് ജയത്തോടെ ഇന്ത്യ തിരിച്ചുവരവ് നടത്തിയതോടെയാണ് ക്രിക്കറ്റ് താരങ്ങള്‍ വീണ്ടും പരസ്യങ്ങളിലെയും വിലയേറിയ താരങ്ങളായത്.