കറാച്ചി: കളിക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഫാസ്റ്റ്ബൌളര്‍ ഷോയബ് അക്തറിനെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അഞ്ചുവര്‍ഷത്തേക്ക് വിലക്കി.
അച്ചടക്ക ലംഘനത്തിന് നല്ലനടപ്പിലായിരുന്ന അക്തര്‍ ശിക്ഷാകാലയളവില്‍ പാക് ബോര്‍ഡിനെ പരസ്യമായി വിമര്‍ശിച്ചതിനെത്തുടര്‍ന്നാണ് കടുത്ത ശിക്ഷ ലഭിച്ചത്.
പിസിബി അച്ചടക്ക സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ശിക്ഷ ഏര്‍പ്പെടുത്തിയതെന്ന് പിസിബി ചെയര്‍മാന്‍ നസീം അഷ്റഫ് വെളിപ്പെടുത്തി. അക്തറിന് ഈ നടപടിക്കെതിരെ അപ്പീല്‍ നല്‍കാം.
എന്നും വിവാദങ്ങളുടെ കൂട്ടുകാരനായിരുന്ന അക്തറിന്റെ കരിയര്‍ ഇതോടെ അവസാനിക്കുകയാണെന്നാണ് സൂചന. ടീമിനകത്തും പുറത്തും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ശീലമാക്കിയ അക്തറിന് കടിഞ്ഞാണിടാന്‍ ക്യാപ്റ്റനോ കോച്ചിനോ കഴിയാത്ത നില പലപ്പോഴുമുണ്ടായിട്ടുണ്ട്.
പരിക്കും അച്ചടക്ക ലംഘനങ്ങളും ഉത്തേജക വിവാദവും നിറഞ്ഞതാണ് 11 വര്‍ഷം നീളുന്ന അക്തറിന്റെ കരിയര്‍. ദക്ഷിണാഫ്രിക്കയില്‍ ട്വന്റി 20 ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് ടീമംഗം മുഹമ്മദ് ആസിഫിനെ ബാറ്റുകൊണ്ടടിച്ചതിന് 13 മത്സരങ്ങളില്‍ വിലക്കും 34 ലക്ഷം രൂപ പിഴശിക്ഷയും അക്തര്‍ ഏറ്റുവാങ്ങിയിരുന്നു.
അപ്പീലിനെ തുടര്‍ന്ന് നല്ലനടപ്പിലായിരുന്നു അക്തര്‍. ജനവരി മാസത്തില്‍ കളിക്കാരുടെ കരാര്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് പിസിബി ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് അച്ചടക്കലംഘനം നടത്തിയത്. നല്ലനടപ്പ് വിലക്കായി പരിണമിച്ചത് അങ്ങനെയാണ്.
പിസിബി പ്രഖ്യാപിച്ച 15 കളിക്കാരുടെ പട്ടികയില്‍ പെടാതെ പോയതാണ് അക്തറിനെ ചൊടിപ്പിച്ചത്. അക്തറിന് മാത്രമായി പ്രത്യേകമൊരു വാഗ്ദാനം പിസിബിമുന്നോട്ടുവെച്ചെങ്കിലും അതു നിരസിക്കപ്പെട്ടു.
'എനിക്കും അക്തറിനും ദുഃഖകരമായ ദിനം'_ശിക്ഷ പ്രഖ്യാപിച്ച പിസിബി ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.
46 ടെസ്റ്റുകള്‍ കളിച്ച അക്തര്‍ 178 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 138 മത്സരങ്ങളില്‍ 219 വിക്കറ്റാണ് ഏകദിനത്തില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യക്കെതിരെ ബാംഗ്ലൂരിലെ അവസാന ടെസ്റ്റിലാണ് അവസാനമായി കളിച്ചത്.
പി.സി.ബി.യുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അക്തര്‍ വെളിപ്പെടുത്തി. തുടര്‍ച്ചയായ അച്ചടക്ക ലംഘനത്തിന്റെ പേരിലുള്ള ഈ വിലക്ക് വളരെ കടുത്തതായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. അച്ചടക്കസമിതി മുമ്പാകെ മാപ്പു പറഞ്ഞെങ്കിലും അക്തറിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ശിക്ഷ വിധിച്ചിട്ടുള്ളതെന്ന് പിസിബി വൃത്തങ്ങളറിയിച്ചു. അപ്പീലില്‍ ഇളവു കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ കരിയറിന് ഇതോടെ തിരശ്ശീല വീഴും.
അക്തറിന് അഞ്ചു വര്‍ഷത്തേക്ക് പാകിസ്ഥാനിലോ പാക് ടീമിനുവേണ്ടി വിദേശത്തെവിടെയെങ്കിലുമോ കളിക്കാനാവില്ല. എന്നാല്‍ ഏപ്രില്‍ 18ന് തുടങ്ങാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) കളിക്കുന്നതിന് നിരോധനമില്ല.