Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്‍: കുട്ടിക്രിക്കറ്റിലെ രാജാക്കന്മാര്‍

ലോര്‍ഡ്‌സ്‌: കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം ക്രിക്കറ്റിന്റെ മെക്കയില്‍ പാകിസ്‌താന്‍ തിരിച്ചുപിടിച്ചപ്പോള്‍ വിജയിച്ചത്‌ ക്രിക്കറ്റിലെ കാവ്യനീതി. കളിക്കളത്തിന്‌ പുറത്തെ കാരണങ്ങളാല്‍ സ്വന്തം മണ്ണില്‍ ക്രിക്കറ്റ്‌ നിഷേധിച്ച ലോക ക്രിക്കറ്റിലെ തമ്പുരാക്കന്മാര്‍ക്കുള്ള പാക് ടീമിന്റെ മറുപടി.

അജയരായി അന്തിമ പോരാട്ടത്തിനെത്തിയ ലങ്കന്‍ പടയെ എട്ടുവിക്കറ്റിന്‌ തകര്‍ത്താണ്‌ പാകിസ്‌താന്‍ കുട്ടിക്രിക്കറ്റിലെ വമ്പന്‍മാരായത്‌. കളിയുടെ എല്ലാ മേഖലകളിലും ഒരുപോലെ പ്രതാപം കാട്ടിയ പാകിസ്‌ഥാന്‌ മുന്നില്‍ സിംഹളപ്പട ആയുധം വെച്ച്‌ കീഴടങ്ങുകയായിരുന്നു.

ടോസ്‌ നേടി ആദ്യബാറ്റിംഗ്‌ തിരഞ്ഞെടുത്ത ലങ്കക്ക്‌ ആദ്യ ഓവറില്‍ തിരിച്ചടി നേരിട്ടു. തിലകരത്‌നെ ദില്‍ഷനെ പൂജ്യനാക്കി 17 കാരന്‍ മുഹമ്മദ്‌ ആമറാണ്‌ ലങ്കയ്‌ക്ക്‌ ആദ്യ പ്രഹരം നല്‍കിയത്‌. ഫസ്‌റ്റ്‌ ഡൗണായി സ്‌ഥാനക്കയറ്റം നല്‍കിയ ജൊഹാന്‍ മുബാറക്കിനെ റണ്ണെടുക്കും മുമ്പേ മടക്കിയയച്ചതോടെ ലങ്ക 2ന്‌ രണ്ട്‌ എന്ന നിലയിലായി.

സംഗക്കാരയെ വിഡ്‌ഢിയാക്കി മുഹമ്മദ്‌ റസാഖ്‌ തന്റെ ആദ്യ സ്‌പെല്ലില്‍ തന്നെ മൂന്ന്‌ വിക്കറ്റുകള്‍ എറിഞ്ഞിടുമ്പോള്‍ ചിത്രം ഏകദേശം വ്യക്തമായിരുന്നു. ഒരുഘട്ടത്തില്‍ ആറിന്‌ 70 എന്ന നിലയില്‍ കൂപ്പുകുത്തിയ ലങ്കയെ ഒറ്റയ്‌ക്ക്‌ തോളിലേറ്റി നായകന്‍ സംഗക്കാര നേടിയ 64 റണ്ണും വാലറ്റത്ത്‌ എഞ്ചലോമാത്യൂസിന്റെ 35 റണ്‍സിന്റെയും സഹായത്താടെ സ്‌കോര്‍ 138 ലെത്തിച്ചപ്പോള്‍ ലങ്കന്‍ ക്യാമ്പ്‌ വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്നു. ലോകോത്തര ബൗളിംഗ്‌ നിരയെ കൊണ്ട്‌ പാകിസ്‌താനെ കെട്ടിവരിയാമെന്നായിരുന്നു ലങ്കന്‍ നായകന്റെ പ്രതീക്ഷ.

എന്നാല്‍ പതിവ്‌ വീശിയടികള്‍ ഉപേക്ഷിച്ച്‌ ലക്ഷ്യബോധത്തോടെ ബാറ്റേന്തിയ ഷഹീദ്‌ അഫ്രീദിയെന്ന പത്താനി ഓള്‍ റൗണ്ടറര്‍ ലങ്കക്കെതിരെയുള്ള വിശുദ്ധയുദ്ധം ജയിക്കുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ്‌ കളത്തിലെത്തിയത്‌. കമ്രാന്‍ അക്‌മലും (28 പന്തില്‍ രണ്ടു ഫോറും രണ്ട്‌ സിക്‌സുമടക്കം 37) ഷഹ്‌സൈബ്‌ ഹസനും (23 പന്തില്‍ 19) നല്‍കിയ നല്ല തുടക്കം പാകിസ്‌ഥാന്‍ മുതലെടുത്തു. ഇരുവരും പുറത്തായെങ്കിലും അഫ്രീദിയും (40 പന്തില്‍ പുറത്താകാതെ രണ്ട്‌ ഫോറും രണ്ട്‌ സിക്‌സുമടക്കം 54) മുന്‍ നായകന്‍ ഷൊയ്‌ബ്‌ മാലിക്കും (22 പന്തില്‍ 24) ചേര്‍ന്നു പാകിസ്‌താനെ വിജയതീരത്തെത്തിയ്‌ക്കുകയായിരുന്നു.

നാല്‌ ഓവറില്‍ കേവലം 20 റണ്‍സ്‌ മാത്രം വഴങ്ങി ഒരു വിക്കറ്റ്‌ വീഴ്‌ത്തുകയും പുറത്താകാതെ 54 റണ്‍സെടുക്കുകയും ചെയ്‌ത അഫ്രിദിയാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌. മാന്‍ ഓഫ്‌ ദ സീരീസായി ലങ്കയുടെ തിലകരത്‌നേ ദില്‍ഷന്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഭീകരാക്രമണങ്ങള്‍ കൊണ്ട്‌ നട്ടംതിരിയുന്ന ജനതയ്‌ക്കുള്ള സമ്മാനവുമായാണ്‌ പാക്‌ താരങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നും മടങ്ങുന്നത്‌. ഐപിഎല്ലിന്റെ വീരവാദങ്ങളുമായി കിരീടം ഞങ്ങള്‍ക്ക്‌ തന്നെയെന്ന ഭാവത്തിലെത്തിയ ഇന്ത്യയും ലോകചാമ്പ്യന്മാരായ ഓസ്ത്രേലിയയും വെറും കൈയ്യോടെ മടങ്ങിയപ്പോഴാണ്‌
നിത്യവും വെടിയൊച്ചകള്‍ മുഴങ്ങുന്ന നാട്ടില്‍ നിന്നുമെത്തി പാകിസ്ഥാന്‍ കിരീടം ചൂടിയത്‌. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന്‌ ഇന്ത്യയും, തുടര്‍ന്ന്‌ മാര്‍ച്ചില്‍ ശ്രീലങ്കന്‍ ടീമിനെതിരായ ആക്രമണത്തിനുശേഷവും പാക്‌ മണ്ണില്‍ ക്രിക്കറ്റ്‌ കളിയ്‌ക്കാന്‍ ഒരു രാജ്യവും തയാറായിരുന്നില്ല.

പരാജയപ്പെട്ടെങ്കിലും ശ്രീലങ്കയും തലയുയര്‍ത്തിപ്പിടിച്ചു തന്നെയാണ്‌ മടങ്ങുന്നത്‌. മൂന്ന്‌ പതിറ്റാണ്ട്‌ നീണ്ട യുദ്ധം അവസാനിച്ചതിന്‌ പിന്നാലെ ലോകകപ്പ്‌ കളിയ്‌ക്കാനെത്തിയ ലങ്കന്‍ ടീമിനെതിരെ ഇംഗ്ലണ്ടില്‍ പോലും പ്രതിഷേധം അലയടിച്ചിരുന്നു. എന്നാല്‍ ലോകകപ്പിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ അവര്‍ ഏറ്റവും മികച്ച ടീമുകളിലൊന്നായി അവര്‍ മാറി.

Story first published: Wednesday, December 7, 2011, 14:26 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+