കൊല്‍ക്കത്ത: ഒത്തുകളി വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഐ പി എല്‍ അവസാനിപ്പിക്കേണ്ട കാര്യമില്ല എന്ന് മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് രാഹുല്‍ ദ്രാവിഡ്. പണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിനെ കോഴവിവാദം പിടികൂടിയപ്പോള്‍ നമ്മള്‍ ക്രിക്കറ്റ് നിരോധിച്ചില്ലല്ലോ - ഐ പി എല്ലിലെ രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാപ്റ്റന്‍ ചോദിക്കുന്നു.
കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കുകയാണ് വേണ്ടത്. കളിയെ നിരോധിക്കലല്ല. അഴുക്കുവെള്ളത്തോടൊപ്പം കുട്ടിയെക്കൂടി കളയേണ്ട കാര്യമില്ലെന്നും ദ്രാവിഡ് പറഞ്ഞു. ഇനിയൊരു ഐ പി എല്‍ സീസണിന് കൂടി താനുണ്ടാകില്ല എന്ന സൂചനയും ദ്രാവിഡ് നല്‍കി. സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി താന്‍ കളിച്ചേക്കും എന്നും ദ്രാവിഡ് പറഞ്ഞു.

കളിക്കളത്തില്‍ നിന്നും പൂര്‍ണമായും വിരമിക്കുന്നതോടെ ദ്രാവിഡ് ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്തേക്ക് വരുന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കാന്‍ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 25 വര്‍ഷത്തോളം നീണ്ട ക്രിക്കറ്റ് കരിയറില്‍ ഒരിക്കല്‍പോലും വിവാദങ്ങളുണ്ടാക്കാത്ത, ആരോപണങ്ങള്‍ കേള്‍പ്പിച്ചിട്ടില്ലാത്ത ദ്രാവിഡിനെയും സച്ചിനെയും പോലുള്ളവര്‍ ഭരണത്തിലേക്ക് വരുന്നതിന് ക്രിക്കറ്റിന്റെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ഉപകരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ദ്രാവിഡ് ക്യാപ്റ്റനായ രാജസ്ഥാന്‍ ടീമിന്റെ മൂന്ന് കളിക്കാരെയാണ് ഒത്തുകളി വിവാദത്തില്‍ പോലീസ് പിടികൂടിയത്. ഇത് തന്നെ ഏറെ നിരാശപ്പെടുത്തി എന്നും ദ്രാവിഡ് പറഞ്ഞു. എന്നാല്‍ പ്രതിസന്ധികളെ വിജയകരമായി മറികടക്കാന്‍ ടീമിന് കഴിഞ്ഞു എന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. വന്‍താരങ്ങളില്ലാതെ, രണ്ടാം ക്വാളിഫയര്‍ വരെ ടീമിനെ എത്തിച്ച ശേഷമാണ് രാഹുല്‍ ദ്രാവിഡ് ഐ പി എല്ലിനോട് വിടപറയുന്നത്.