മുംബൈ: കോടികള്‍ വാരിയെറിഞ്ഞ് പുത്തന്‍ ടീമുമായി ഐപിഎല്ലിനെത്തിയ ഷാരൂഖിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനല്‍ കാണാതെ പുറത്ത്. എൈപിഎല്‍ പ്ലേഓഫിലെ രണ്ടാംമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് നാല് വിക്കറ്റിന് തോറ്റാണ് റൈഡേഴ്‌സ് പുറത്തേക്ക് പോയത്. നേരത്തെ കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തിലും മുംബൈ റൈഡേഴ്‌സിനെ തോല്‍പ്പിച്ചിരുന്നു.

എന്നാല്‍, തുടരെ നാലുവിക്ക റ്റുകള്‍ നഷ്ടപ്പെട്ടത് ടീം ആരാധകരെ ഞെട്ടിച്ചെങ്കിലും ഫ്രാങ്ക്‌ളിന്‍(29 ) ഒരിക്കല്‍ക്കൂടി മുംബൈയെ വിജയത്തിലെത്തിച്ചു. ആറു റണ്‍സ് വേണമെന്നിരിക്കെ ഹര്‍ഭജന്‍സിംഗ് സിക്‌സറടി ച്ചാണ് മുംബൈയെ ലക്ഷ്യത്തിലെത്തിച്ചത്.
മുംബൈയുടെ കൃത്യതയാര്‍ന്ന ബൗളിംഗാണ് കോല്‍ക്കത്തയെ വന്‍ സ്‌കോര്‍ നേടുന്നതില്‍നിന്നുമകറ്റിയത്. അവസരത്തിനൊത്തുയര്‍ന്ന ഹോളണ്ട് താരം ടെന്‍ ഡോഷെയുടെ മികച്ച ബാറ്റിംഗാണ് കോല്‍ക്കത്തയ്ക്കു മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.49 പന്തില്‍ ആറു ബൌണ്ടറിയും മൂന്നു സിക്‌സുമടക്കം ടെന്‍ ഡോഷെ 70 റണ്‍സ് നേടി.
ടോസ് നേടിയ മുംബൈ നായകന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിംഗിനയച്ചു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുംവിധം പന്തെറിഞ്ഞ മുംബൈ ബൌളര്‍മാര്‍ 5.3 ഓവറില്‍ സ്വന്തമാക്കിയത് നാലുവിക്കറ്റാണ്. വിട്ടുകൊടുത്തതാവട്ടെ കേവലം 20 റണ്‍സും. ഇതോടെ കൊല്‍ക്കത്ത നൂറിന് താഴെ ഒതുങ്ങുമെന്ന് കരുതിയവര്‍ ഏറെയാണ്. രണ്ടാം ഓവറില്‍ത്തന്നെ അപകടകാരിയായ ബാറ്റ്‌സ്മാന്‍ ജാക്ക് കാലിസിനെ മുനാഫ് പട്ടേല്‍ പുറത്താക്കി. മിഡ് ഒഫില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഉജ്വല ക്യാച്ചിലാണ് കാലിസ് കൂടാരം കയറിയത്. തൊട്ടുപിന്നാലെ റൈഡേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും നായകനുമായ ഗൗതം ഗംഭീറിനെ ഹര്‍ഭജന്‍ ബൗള്‍ഡാക്കി. പരിക്കു വകവയ്ക്കാതെയാണ് ഗംഭീര്‍ കളിക്കാനിറങ്ങിയത്. അധികം താമസിയാതെ ഗോസ്വാമിയെ മുനാഫും മനോജ് തിവാരിയെ ദാവല്‍ കുല്‍ക്കര്‍ണിയും പുറത്താക്കി.
തുടക്കത്തിലെ നാലുവിക്കറ്റ് നഷ്ടമായ കോല്‍ക്കത്തയെ യൂസഫ് പഠാനും(26) ടെന്‍ ഡോഷെയും ചേര്‍ന്നു കരകയറ്റുകയായിരുന്നു. എന്നാല്‍, ടെന്‍ ഡോഷെയ്‌ക്കൊപ്പം ഷക്കീബ് അല്‍ ഹസന്‍ ചേര്‍ന്നതോടെ തരക്കേടില്ലാത്ത സ്‌കോര്‍ സ്വന്തമാക്കി. മുംബൈക്കു വേണ്ടി മുനാഫ് പട്ടേല്‍ മൂന്നുവിക്കറ്റ് നേടി.