മുള്‍ട്ടാന്‍: ടെസ്റ് സെഞ്ച്വറികളുടെ എണ്ണത്തില്‍ വെസ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയന്‍ ലാറ സുനില്‍ ഗവാസ്കര്‍ക്കൊപ്പമെത്തി. മുള്‍ട്ടാനില്‍ നടക്കുന്ന പാകിസ്ഥാനെതിരായ രണ്ടാമത്തെ ടെസ്റില്‍ 77 പന്തുകളില്‍ നിന്ന് ലാറ ടെസ്റ് ക്രിക്കറ്റിലെ തന്റെ 34-ാമത്തെ സെഞ്ച്വറി പൂര്‍ത്തിയാക്കി.
ടെസ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയ ബാറ്റ്സ്മാനായ ലാറയ്ക്ക് ടെസ്റ് സെഞ്ച്വറികളുടെ എണ്ണത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്താന്‍ ഇനി ഒരു സെഞ്ച്വറി കൂടി മതി. 35 സെഞ്ച്വറി നേടിയ സച്ചിനാണ് ടെസ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി വേട്ടയില്‍ മുമ്പന്‍.
രാവിലത്തെ സെഷനില്‍ റണ്ണൊന്നുമില്ലാതെയെത്തി ലഞ്ചിന് മുമ്പായി സെഞ്ച്വറി തികയ്ക്കുന്ന അഞ്ചാമത്തെ ബാറ്റ്സ്മാന്‍ കൂടിയായി ലാറ. അഞ്ച് സിക്സറുകളും 12 ബൗണ്ടറികളും അടങ്ങിയതായിരുന്നു ലാറയുടെ ഇന്നിംഗ്സ്.