കറാച്ചി: ബാറ്റ്സ്മാന് എന്ന നിലയില്‍ ലാറയാണ് സച്ചിനെക്കാള്‍ മേലെ നില്‍ക്കുന്നതെന്ന് പാകിസ്ഥാന് മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് താരവുമായ ഷാഹിദ് അഫ്രീദി. പോണ്ടിംഗും സ്റ്റീവ് വോയും വീണ്ടും തുടക്കം കുറിച്ച വിവാദത്തിലേക്ക് തന്റെ പങ്ക് സംഭാവന ചെയ്തുകൊണ്ടാണ് ഗ്ലാമര്‍ താരമായ അഫ്രീദി ഇക്കാര്യം പറഞ്ഞത്.
സച്ചിനെക്കാളും പോണ്ടിംഗിനെക്കാളും മേലെയാണ് ബ്രയാന്‍ ലാറയുടെ സ്ഥാനം. ഞാന്‍ ഇതുവരെ കളിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല ബാറ്റ്സ്മാനാണ് അദ്ദേഹം. 16 കൊല്ലം നീണ്ട ക്രിക്കറ്റ് കരിയറില്‍ ലാറയെപ്പോലെ പ്രതിഭയുള്ള മറ്റൊരാളെ കണ്ടിട്ടില്ല എന്നും അഫ്രീദി പറഞ്ഞു.
താന്‍ പന്തെറിഞ്ഞിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് ലാറ. അദ്ദേഹം ബാറ്റ് ചെയ്യുന്നത് വെറുതെ നോ്ക്കി നില്ക്കാന് പോലും എനിക്കിഷ്ടമാണ്. സച്ചിനും പോണ്ടിംഗുമാണ് ലാറ കഴിഞ്ഞാല്‍ മികച്ച ബാറ്റിംഗ് പ്രതിഭകള്‍. ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്തും പാകിസ്ഥാന്റെ മുഹമ്മദ് ആസിഫുമാണത്രെ അഫ്രീദിയുടെ കണ്ണില്‍ ഏറ്റവും മികച്ച ബൗളര്‍മാര്‍.
ലാറയാണ് സച്ചിനെക്കാള്‍ മികച്ച ബാറ്റ്സ്മാനെന്നും കണക്കുകള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു എന്നും പറഞ്ഞ് റിക്കി പോണ്ടിംഗാണ് കഴിഞ്ഞമാസം സച്ചിന് - ലാറ പോരിന് വീണ്ടും തുടക്കമിട്ടത്. എന്നാല്‍ സച്ചിനാണ് മികച്ച ബാറ്റ്സ്മാന് എന്നാണ് ആരാധകരും കണക്കുകളും പറയുന്നത്. ഓസ്ട്രേലിയയുടെ മുന്‍ നായകന് സ്റ്റീവ് വോയും കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിരുന്നു.