കുംബ്ലെ യുഗത്തിന് അന്ത്യം
ദില്ലി:ക്രിക്കറ്റിലെ കുംബ്ലെ യുഗത്തിന് അന്ത്യം. ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടില്‍ ഓസീസിനെതിരെ നടക്കുന്ന മൂന്നാം ടെസ്‌റ്റ് മത്സരത്തിനിടെ നാടകീയമായാണ് കുംബ്ലെയുടെ വിരമിയ്‌ക്കല്‍ വാര്‍ത്ത പുറത്തു വന്നത്.
മത്സരത്തിനിടെ കമന്റേറ്റര്‍മാരാണ് കുംബ്ലെയുടെ വിരമിയ്‌ക്കല്‍ വാര്‍ത്ത പുറത്തു വിട്ടത്. മത്സര ശേഷം താന്‍ വിരമിയ്‌ക്കുകയാണെന്ന് കുംബ്ലെ ഔദ്യോഗികമായി പ്രഖ്യാപിയ്‌ക്കുകയും ചെയ്‌തു. കളിക്കളത്തോട് വിടപറയുന്ന താരത്തെ സഹകളിക്കാര്‍ ചുമലിലേറ്റി ഗ്രൗണ്ടിന് വലം വെച്ചാണ് യാത്രയയപ്പ് നല്കിയത്.
കുംബ്ലെ കാലഘട്ടം കഴിയുന്നുവെന്ന് മുന്‍ താരം വെങ്സര്‍ക്കാര്‍ പറഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിരമിക്കല്‍ തീരുമാനം പുറത്തു വന്നത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളായ ഈ കര്‍ണാടകക്കാരന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ മൂന്നാമത്തെ ബൗളറാണ്.
ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും (756), ഓസ്‌ട്രേലിയയുടെ ഷെയ്‌ന്‍ വോണു(708)മാണ് ഇക്കാര്യത്തില്‍ കുംബ്ലെയ്‌ക്ക് മുന്നിലുള്ളത്. പതിനെട്ട് വര്‍ഷത്തോളമായി ഇന്ത്യയ്‌ക്ക് വേണ്ടി പന്തെറിയുന്ന കുംബ്ലെ 132 ടെസ്റ്റ് മത്സരങ്ങളും 271 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.
1970ല്‍ ഒക്ടോബര്‍ 17ന് ബാംഗ്ലൂരിലാണ് കുംബ്ലെ ജനിച്ചത്. 1990ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്‌റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം അക്കൊല്ലം തന്നെ ശ്രീലങ്കക്കെതിരെയുള്ള ഷാര്‍ജ ഏകദിനത്തിലും ആരംഭം കുറിച്ചു.
132 ടെസ്‌റ്റുകളില്‍ നിന്ന് 619 വിക്കറ്റുകളും ഏകദിന മത്സരത്തില്‍ 337 വിക്കറ്റുമാണ് കുംബ്ലെയുടെ സമ്പാദ്യം. 1999ല്‍ ദില്ലിയില്‍ പാകിസ്‌താനെതിരെ ഒരിന്നിങ്‌സില്‍ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതാണ് കുംബ്ലെയുടെ കരിയറിലെ ഏറ്റവും അവിസ്‌മരണീയമായ ടെസ്റ്റ് ക്രിക്കറ്റ് പ്രകടനം.
1993ല്‍ കൊല്‍ക്കത്തയില്‍ വെസ്റ്റ്‌ഇന്‍ഡീസിനെതിരെയാണ് ഏകദിനത്തില്‍ കുംബ്ലെയുടെ മികച്ച പ്രകടനം പുറത്തെടുത്തത്.. വെറും 12 റണ്‍സിന് ആറു വിക്കറ്റ് വീഴ്‌ത്തിയാണ് കുംബ്ലെ അന്ന് വിന്‍ഡീസിനെ തകര്‍ത്തത്.
18 വര്‍ഷം നീണ്ടു നിന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു സെഞ്ച്വറിയും കുംബ്ലെ സ്വന്തമാക്കിയിട്ടുണ്ട്. 2007 ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ബാറ്റ് കൊണ്ടുള്ള കുംബ്ലെയുടെ മായാജാലം.
രാജ്യത്തിന് വേണ്ടി ഒട്ടേറെ അവിസ്‌മരണീയമായ പ്രകടനങ്ങള്‍ കാഴ്‌ചവെച്ചിട്ടുണ്ടെങ്കിലും സമീപ കാലത്തായി കുംബ്ലെയുടെ പ്രകടനം ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു.
കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നു പോകുന്ന താരത്തിന് ടീമില്‍ സ്ഥാനമുറപ്പിയ്‌ക്കുന്നതിന് മികച്ച പ്രകടനം അത്യാവശ്യമായിരുന്നു. എന്നാലിതിനൊന്നും നില്‌ക്കാതെ തന്റെ കരിയറിന് അന്ത്യം കുറിയ്‌ക്കാന്‍ കുംബ്ലെ തീരുമാനിക്കുകയായിരുന്നു.
നിലവില്‍ പുരോഗമിയ്‌ക്കുന്ന ഇന്ത്യ-ഓസീസ് പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഒരൊറ്റ വിക്കറ്റ് പോലും കുംബ്ലെയ്‌ക്ക് നേടാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാം ടെസ്‌റ്റില്‍ പരിക്ക് മൂലം വിട്ടു നിന്ന് കുംബ്ലെയ്‌ക്ക് പകരം ധോണി നയിച്ച ഇന്ത്യന്‍ ടീം കൂറ്റന്‍ വിജയം നേടിയത് കുംബ്ലെയെ പുറന്തള്ളണമെന്ന ആവശ്യത്തിന് കൂടുതല്‍ ശക്തി പകര്‍ന്നു.
മൂന്നാം ടെസ്റ്റിലും നിരാശജനകമായ പ്രകടനം തുടര്‍ന്ന കുംബ്ലെ ഒടുവില്‍ തന്റെ പ്രിയപ്പെട്ട മൈതാനത്തില്‍ തന്നെ കരിയറിന് തിരശ്ശീലയിടാന്‍ തീരുമാനിയ്‌ക്കുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications