മൊഹാലി: ഇംഗ്ലണ്ടിന്റെ വാലറ്റക്കാരെ അരിഞ്ഞുവീഴ്ത്തി ഒന്നാമിന്നംഗ്സില്‍ അഞ്ച് വിക്കറ്റുകള്‍ കൊയ്ത അനില്‍ കുംബ്ലെ ഒടുവില്‍ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് 300 റണ്‍സിന് അവസാനിക്കുകയും ചെയ്തു.
ടെസ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേടുന്ന ലോകത്തെ അഞ്ചാമത്തെ ബൗളറാണ് അനില്‍ കുംബ്ലെ.
കഴിഞ്ഞ രണ്ടു ദിവസവും മഴ കാരണം തടസപ്പെട്ടുകൊണ്ടിരുന്ന കളി കുംബ്ലെയുടെ 500 വിക്കറ്റ് ലക്ഷ്യം വൈകിച്ചെങ്കിലും ശനിയാഴ്ച ഒരു ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ പിഴുത് ചരിത്രനേട്ടത്തിലെത്തുകയായിരുന്നു. 500 വിക്കറ്റ് നേട്ടത്തിലെത്താന്‍ രണ്ട് വിക്കറ്റുകള്‍ കൂടി വേണ്ടിയിരുന്ന കുംബ്ലെ തൊട്ടടുത്ത പന്തുകളില്‍ ജോണ്‍സിനെ പുറത്താക്കി 499ലും ഹാര്‍മിസനെ പുറത്താക്കി 500-ാമത്തെ വിക്കറ്റിലുമെത്തി.
കുംബ്ലെ എറിഞ്ഞ അവസാന ഓവറിലെ ആദ്യപന്തില്‍ ജോണ്‍സും രണ്ടാമത്തെ പന്തില്‍ ഹാര്‍മിസണും പുറത്തായി. ഹാര്‍മിസനെ വിക്കറ്റിന് മുന്നില്‍ കുരുക്കികയാണ് കുംബ്ലെ 500-ാം വിക്കറ്റ് നേടിയത്. ഹാട്രിക് നേട്ടത്തിന് തൊട്ടടുത്തെത്തിയ കുംബ്ലെക്ക് അത് നേടാനായില്ലെങ്കിലും ആ ഓവറിലെ നാലാമത്തെ പന്തില്‍ തന്നെ ഇംഗ്ലണ്ടിന്റെ ഒടുവിലത്തെ വിക്കറ്റും വീഴ്ത്തി.
നേരത്തെ ആന്‍ഡ്രൂ ഫ്ലിന്റോഫിനെ (70)യും പ്ലങ്കറ്റിനെയും (0) പുറത്താക്കി മുനഫ് പട്ടേല്‍ കളി ഇന്ത്യയുടെ വരുതിയില്‍ കൊണ്ടുവന്നു. മൊത്തം മൂന്ന് വിക്കറ്റ് വീഴ്ത്തിയ പട്ടേല്‍ തന്റെ ടെസ്റ് അരങ്ങേറ്റം ഉജ്വലമാക്കി.