For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊമ്പന്മാര്‍ ശരിയ്ക്കും ചുണക്കുട്ടികള്‍

By Super

കൊച്ചി: ഇതാണ് വളര്‍ച്ച ആദ്യമാദ്യം ആരുമല്ലെന്ന് തോന്നിച്ച് പതുക്കെ സ്വന്തമായ ഒരു വ്യക്തിത്വമുണ്ടാക്കിയെടുത്ത് പടയാളികളെ തുരത്തുക, ഈ വളര്‍ച്ചാ ക്രമം തന്നെയാണ് കൊച്ചിയുടെ കൊമ്പന്മാരെ ഇപ്പോള്‍ ഐപിഎല്‍ കളിക്കളത്തിലെ ചുണക്കുട്ടികളായി മാറ്റിയിരിക്കുന്നത്. കരുത്തിന്റെ ഈ ഗ്രാഫ് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ കൊമ്പന്മാര്‍ വമ്പന്മാരാകുമെന്നുറപ്പ്.തുടര്‍ച്ചയായ രണ്ട് തോല്‍വിയ്ക്കുശേഷം സച്ചിന്റെ മുംബൈ ഇന്ത്യന്‍സ്, ഇപ്പോള്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടുകൂട്ടരും കൊമ്പന്മാര്‍ക്കുമുമ്പില്‍ മുട്ടുകുത്തി. സ്‌കോര്‍: ചെന്നൈ സൂപ്പര്‍കിംഗ്‌സ് 17 ഓവറില്‍ നാലിന് 131: കൊച്ചി ടസ്‌കേഴ്‌സ് കേരള 15 ഓവറില്‍ മൂന്നിന് 135 (ഡക്ക്‌വര്‍ത്ത് ലൂയിസ്).

Brendon McCullum

എതിരാളികള്‍ ആരായാലും ഇപ്പോള്‍ കൊച്ചിയ്ക്ക് അതൊരു പ്രശ്‌നമേയല്ല. എതിരാളികളെ അവര്‍ കണ്ണുമടച്ച് ചുരുട്ടിക്കെട്ടും. മുംബൈയ്‌ക്കെതിരായ പ്രകടനത്തിന്റെ അതേ സ്റ്റൈല്‍ തിങ്കളാഴ്ച ഹോം ഗ്രൗണ്ടിലും തുടര്‍ന്ന കൊച്ചി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ടൂര്‍ണമെന്റില്‍ നാലാം സ്ഥാനത്തേയ്ക്ക്് കുതിച്ചു. ഒന്നരമണിക്കൂറിലധികം മഴ കളി തടസപ്പെടുത്തിയെങ്കിലും നെഹ്‌റു സ്‌റ്റേഡിയത്തിലെ മുപ്പതിനായിരത്തിലധികം വരുന്ന ആരാധകര്‍ക്കു നിരാശരായി മടങ്ങേണ്ടിവന്നില്ല. കാശു മുടക്കി കലൂരിലെ നെഹ്‌റു സ്‌റ്റേഡിയത്തിലെത്തിയ ക്രിക്കറ്റ് പ്രേമികളെ ജയവര്‍ധനെയും കൂട്ടരും ശരിയ്ക്കും സംതൃപ്തരാക്കി. വിഷുദിനത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ പൊട്ടിച്ച ബാറ്റിംഗ് വെടിക്കെട്ടിന്റെ ബാക്കിയായിരുന്നു തിങ്കളാഴ്ച കൊച്ചി കണ്ടത്. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ചെന്നൈ രാജാക്കന്മാര്‍ക്ക് തലകുനിക്കാതെ വയ്യെന്നായി. ഇത്തവണയും ബ്രണ്ടന്‍ മക്കല്ലം വെടിക്കെറ്റ് ബാറ്റിങാണ് നടത്തിയത്. ഇതാണ് കൊച്ചിയുടെ അനായാസ വിജയം സാധ്യമാക്കിയത്. മക്കല്ലത്തിനു(47) പുറമേ പാര്‍ഥിവ് പട്ടേല്‍ (34), ക്യാപ്റ്റന്‍ മഹേള ജയവര്‍ധനെ(16) എന്നിവരും കൊച്ചിയുടെ ജയത്തിനു ചുക്കാന്‍ പിടിച്ചു.

ടോസ് നേടിയ കൊച്ചി ക്യാപ്റ്റന്‍ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കും വിധമായിരുന്നു കൊച്ചി തുടങ്ങിയത്. ആര്‍.പി. സിംഗിന്റെ ആദ്യ ഓവറില്‍ എട്ടു റണ്‍സ് വഴങ്ങിയെങ്കിലും അധികം വൈകാതെ ടസ്‌കേഴ്‌സ് ആദ്യ വിക്കറ്റ് സ്വന്തമാക്കി. ഓപ്പണര്‍ മൈക്കല്‍ ഹസിയെ(എട്ട്) ആര്‍.പി. സിംഗിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ പിടികൂടുകയായിരുന്നു.

തുടര്‍ന്ന് കളത്തിലിറങ്ങിയ റെയ്‌ന, മുരളി വിജയ്‌ക്കൊപ്പം സൂപ്പര്‍ കിംഗ്‌സിന്റെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ തിസേര പെരേരയുടെ പന്തില്‍ എല്‍.ബി.ഡബ്ല്യു. ആയി മുരളി വിജയ്(28) പുറത്തായതു ചെന്നൈക്കു തിരിച്ചടിയായി. തുടര്‍ന്നാണ് മഴ കളിതുടങ്ങിയത്, കളിയുടെ രസം ഏതാണ്ട് ചത്തു.

മഴയ്ക്കു ശേഷം കളി പുനരാരംഭിച്ചതോടെ ചെന്നൈയുടെ സ്‌കോര്‍ മന്ദഗതിയിലായി. സുരേഷ് റെയ്‌ന ഒരറ്റത്ത് പിടിച്ചു നിന്നെങ്കിലും കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ല. മറുവശത്തുണ്ടായിരുന്ന ബദരീനാഥും മെല്ലെപ്പോക്കിലായിരുന്നു. 17 പന്തില്‍ 19 റണ്‍സെടുത്ത ബദരീനാഥ് ഒടുവില്‍ റൈഫിയുടെ പന്തില്‍ കുടുങ്ങുകയായിരുന്നു.

തുടര്‍ന്നായിരുന്നു ധോണിയുടെ വരവ്. ചെന്നൈയുടേയും ഇന്ത്യയുടേയും ക്യാപ്റ്റനായ ധോണിയെ ഗാലറി ആപ്പുവിളികളോടെയാണ് സ്വീകരിച്ചത്. എന്നാല്‍ കാണികളുടെ ആവേശത്തിനൊത്തു ബാറ്റ് വീശാന്‍ ക്യാപ്റ്റനു കഴിഞ്ഞില്ല. ഇതിനിടെ അര്‍ധസെഞ്ചുറി തികച്ചയുടന്‍ സുരേഷ് റെയ്‌ന റണ്ണൗട്ടാവുകയും ചെയ്തു. അവസാന ഓവറില്‍ ആഞ്ഞടിച്ച ധോണി(14 നോട്ടൗട്ട്)യും ആല്‍ബി മോര്‍ക്കലും(9 നോട്ടൗട്ട്) സൂപ്പര്‍ കിംഗ്‌സിന്റെ സ്‌കോര്‍ 131 ലെത്തിച്ചു. മഴ കളി തടസപ്പെടുത്തിയതിനാല്‍ കൊച്ചിയുടെ ലക്ഷ്യം 135 റണ്‍സായി പുതുക്കി നിശ്ചയിച്ചിരുന്നു.

ജയിച്ചേ മതിയാകൂ എന്നുറച്ചാണ് ബ്രണ്ടന്‍ മക്കല്ലത്തിനൊപ്പം ക്യാപ്റ്റന്‍ മഹേള ജയവര്‍ധനെ വീണ്ടും ഓപ്പണിംഗ് പൊസിഷനില്‍ ഇറങ്ങിയത്. ടൂര്‍ണമെന്റില്‍ മികച്ച ഫോമിലുള്ള ആല്‍ബി മോര്‍ക്കലിന്റെ ആദ്യ ഓവറില്‍ സിക്‌സുമായാണ് കൊച്ചിയുടെ വെടിക്കെട്ടിന് തീകൊളുത്തിയത്. മറുവശത്ത് ജയവര്‍ധനെയും മോശമാക്കിയില്ല.

സ്പിന്നര്‍ അശ്വിനെ കണക്കറ്റു ശിക്ഷിച്ച മഹേല പക്ഷേ അശ്വിനു തന്നെ വിക്കറ്റ് നല്‍കി മടങ്ങി. എങ്കിലും പാര്‍ഥിവ് പട്ടേലിനൊപ്പം മക്കല്ലം കൊച്ചിയുടെ റണ്‍റേറ്റ് ഉയര്‍ത്തി. അര്‍ധസെഞ്ചുറി തികയ്ക്കും മുമ്പ് അശ്വിന്റെ പന്തില്‍ ആല്‍ബി മോര്‍ക്കലിന് പിടി നല്‍കി മക്കല്ലം(47) മടങ്ങിയെങ്കിലും മറുവശത്ത് പട്ടേല്‍ സ്വതസിദ്ധമായ ബാറ്റിംഗുമായി മുന്നേറി.

കൊച്ചി ജയത്തിലേക്ക് അനായാസം മുന്നേറവേ പട്ടേല്‍ പുറത്തായതു തിരിച്ചടിയായി. 26 പന്തില്‍ നാലു ഫോറും ഒരു സിക്‌സുമായി 34 റണ്‍സെടുത്ത പട്ടേല്‍ ബോളിഞ്ചറിനെ സിക്‌സടിക്കാനുള്ള ശ്രമത്തില്‍ അനിരുദ്ധ ശ്രീകാന്തിനു പിടിനല്‍കി മടങ്ങുകയായിരുന്നു. എന്നാല്‍ കൊച്ചി അപ്പോഴേക്കും വിജയതീരമണഞ്ഞിരുന്നു. പിന്നീട് ബ്രാഡ് ഹോഡ്ജും(19 നോട്ടൗട്ട്) രവീന്ദ്ര ജഡേജയും(16 നോട്ടൗട്ട്) ചേര്‍ന്ന് 15 ഓവറില്‍ ചെന്നൈയെ 'ഫിനിഷ്' ചെയ്തു. ഈ ജയത്തോടെ നാലു കളികളില്‍ നിന്ന് നാലു പോയിന്റുമായി ടസ്‌കേഴ്‌സ് പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തെത്തി.

Story first published: Saturday, May 19, 2012, 16:48 [IST]
Other articles published on May 19, 2012
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+