കൊച്ചിയില്‍ വിജയാരവം
കൊച്ചി : ഹോം ഗ്രൗണ്ടിലെ കലാശക്കൊട്ട് കൊച്ചി ടസ്‌കേഴ്‌സ് കേരള ഗംഭീരമാക്കി. ടസ്‌കേഴ്‌സ് അഭിമാനം കാത്ത കളികാണാന്‍ ഇതാദ്യമായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്്‌റ്റേഡിയത്തിന്റെ ഗാലറികള്‍ തിങ്ങിനിറഞ്ഞു. ഐപിഎല്ലിലെ ശക്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കന്നിക്കാരായ ടസ്‌കേഴ്‌സിനോട് തോല്‍ക്കേണ്ടിവന്നത് വലിയ നാണക്കേടായി. സ്വന്തം ടീം വിജയിക്കുമെന്ന് വിശ്വസിച്ച് കളികാണാനെത്തിയ ടീം ഉടമയും നടനുമായ ഷാരൂഖിന് ചില്ലറ നിരാശയാവില്ല തോന്നിയിട്ടുണ്ടാവുത. കൊല്‍ക്കത്തയെ 17 റണ്‍സിനാണ് കൊച്ചി ടീം ചുരുട്ടിക്കെട്ടിയത്. ജയത്തോടെ 10 പോയിന്റുമായി കൊച്ചി അഞ്ചാം സ്ഥാനത്തെത്തി.

പഥാന്‍ വന്നാലും ഗാസറിയിലിരുന്ന ഷാരൂഖ് ചുംബനങ്ങള്‍ പറത്തിയാലും കൊച്ചിയില്‍ ജയിക്കുകയെന്നത് എത്രഎളുപ്പമല്ലെന്ന് റൈഫിയും പ്രശാന്ത് പരമേശ്വരനും അടങ്ങുന്ന മലയാളിക്കൂട്ടം തെളിയിച്ചു. ബാറ്റിങിലും ബൗളിങ്ങിലും ഒരേപോലെ മികവാണ് കൊച്ചി കാഴ്ചവച്ചത്. അര്‍ധസെഞ്ചുറിനേടിയ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനയാണ്(55) കൊച്ചിയുടെ ജയത്തിന് മൂലക്കല്ലിട്ടത്. ഒപ്പം ബ്രെറ്റ് ലീയുടെ അവസാന ഓവറില്‍ 22 റണ്‍സ് നേടിയ ബ്രാഡ് ഹോഡ്ജും (19 പന്തില്‍ പുറത്താകാതെ 35) നാലോവറില്‍ 14 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ റൈഫിയും കൊച്ചിയുടെ വിജയം ഉറപ്പിച്ചു. നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി കൊല്‍ക്കത്തയുടെ റണ്ണൊഴുക്കിനു തടയിട്ട പ്രശാന്ത് പരമേശ്വരന്‍ വീണ്ടും മലയാളികളുടെ അഭിമാനമായി. അവസാന ഓവറിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ കൊച്ചിയെ 150 കടത്തിയ ബ്രാഡ് ഹോഡ്ജാണ് കളിയിലെ താരം. ടോസ് നേടിയ നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീര്‍ കൊച്ചിക്കെതിരായ ആദ്യ മത്സരത്തിലേതുപോലെ തന്നെ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ബ്രെറ്റ് ലീയുടെ ആദ്യ ഓവര്‍ മെയ്ഡനായതോടെ ഗംഭീറിന്റെ തീരുമാനം ശരിയാണെന്ന് വന്നു. അടുത്ത ഓവറില്‍ ഉനാദ്കാതിന്റെ പന്തില്‍ ജാക്ക് കാലിസ് കൊച്ചിയുടെ നട്ടെല്ലായ മക്കല്ലത്തെ മടക്കിയതോടെ കൊച്ചി പരാജയപ്പെടുമെന്ന ആശങ്കയുണ്ടായി.
തുടര്‍ന്നിറങ്ങിയ പാര്‍ഥിവ് പട്ടേല്‍ വന്നപാടേ രണ്ടു ബൗണ്ടറിയുമായി മിന്നിയെങ്കിലും പ്രകടനം അധികം നീണ്ടില്ല. ഉനദ്കാതിന്‍ പട്ടേലിനെ തുരത്തി. തുടര്‍ന്നാണ് ക്യാപ്റ്റന്‍ മഹേള ജയവര്‍ധനെയും മൈക്കല്‍ ക്ലിംഗറും ഒന്നിച്ചത്. മെല്ലെമെല്ലെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു ഇരുവരും.രണ്ടുപേരും ചേര്‍ന്ന് 12 ഓവറില്‍ സ്‌കോര്‍ 80 കടത്തി. എന്നാല്‍ പഥാന്റെ പന്തില്‍ സിക്‌സറിന് ശ്രമിച്ച ക്ലിംഗറിനെ(29) ബൗണ്ടറിയില്‍ വച്ച് അബ്ദുള്ള പിടികൂടി. അഞ്ചാമതായി ബാറ്റിംഗിനിറങ്ങിയ രവീന്ദ്ര ജഡേജക്ക് (8) കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഭാട്ടിയയുടെ പന്തില്‍ പഠാന്‍ ക്യാച്ചെടുക്കുകയായിരുന്നു.
ഇതോടെ കൊച്ചിയുടെ സ്‌കോറിംഗ് മന്ദഗതിയിലായി. ഇതിനിടെ ജയവര്‍ധനെ അര്‍ധസെഞ്ചുറി തികച്ചെങ്കിലും ഇല്ലാത്ത റണ്ണിനോടി പുറത്തായതോടെ കൊച്ചി 140 കടക്കില്ലെന്നു തോന്നിച്ചു. 19 ഓവര്‍ കഴിഞ്ഞപ്പോള്‍ കൊച്ചിയുടെ സ്‌കോര്‍ 134 റണ്‍സായിരുന്നു. എന്നാല്‍ അടുത്ത ഓവറില്‍ കൊച്ചിയുടെ തലവര തെളിഞ്ഞു. ആദ്യ ഓവര്‍ മെയ്ഡനെറിഞ്ഞ ബ്രെറ്റ് ലീയുടെ അവസാന ഓവറില്‍ ഹോഡ്ജ് നടത്തിയ വെടിക്കെട്ട് കൊല്‍ക്കത്തയുടെ നട്ടെല്ലൊടിച്ചു. ഡീപ് മിഡ് വിക്കറ്റിലേക്ക് രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ 22 റണ്‍സാണ് ഹോഡ്ജ് ഈ ഓവറില്‍ അടിച്ചു കൂട്ടിയത്.
ജയിക്കാന്‍ ഓവറില്‍ എട്ട് റണ്‍സിനടുത്ത് വേണമെന്ന അവസ്ഥയില്‍ ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത ആദ്യം മുതലേ തകര്‍ത്തടിച്ചു. ജാക്ക് കാലിസും മോര്‍ഗനും രണ്ടു സൈഡില്‍നിന്ന് ആക്രമണം തുടങ്ങിയതോടെ കൊച്ചി പതറുകയായിരുന്നു. അഞ്ചോവറില്‍ 40 റണ്‍സിലെത്തിയ കൊല്‍ക്കത്തക്കെതിരേ ആറാമത്തെ ഓവറില്‍ പ്രശാന്ത് പരമേശ്വരന്‍ പന്തെടുത്തപ്പോള്‍ ഗാലറി ഇളകിമറിയുകയായിരുന്നു.ഈ ഓവറില്‍ വെറും മൂന്ന് റണ്‍സ് മാത്രമാണ് പ്രശാന്ത് വഴങ്ങിയത്. എങ്കിലും വിക്കറ്റ് വീഴാത്തതിനാല്‍ മേല്‍ക്കൈ കൊല്‍ക്കത്തക്കായിരുന്നു. ആര്‍.പി. സിംഗിനെ തലങ്ങും വിലങ്ങും പായിച്ച കാലിസാണ് കൊച്ചിയെ ഏറെ വിറപ്പിച്ചത്. പത്തോവറില്‍ 69അടിച്ചൂകൂട്ടിയ റൈഡേഴ്‌സ് ജയത്തിലേയ്ക്ക് എന്ന തോന്നിയപ്പോഴായിരുന്നു റൈഫിയുടെ പ്രകടനം.
അര്‍ധസെഞ്ചുറിക്കരികില്‍ കാലിസിനെ തെറിപ്പിച്ച് റൈഫി കൊച്ചിക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. തീര്‍ന്നില്ല, അടുത്ത പന്തില്‍ ക്യാപ്റ്റന്‍ കൊല്‍ക്കത്തയുടെ നായകന്‍ ഗംഭീറും വീണു. മിഡ് വിക്കറ്റിലേക്ക് കളിക്കാന്‍ ശ്രമിച്ച ഗംഭീറിനെ ജയവര്‍ധനെ കൈയിലൊതുക്കിയതോടെ സ്‌റ്റേഡിയം ആവേശത്തിലായി. മികച്ച ഫോമിലുള്ള തിവാരിയും അധികം വൈകാതെ പുറത്തായതോടെ കളി ആരും ജയിക്കുമെന്ന് കണ്‍ഫ്യൂഷനായി. ഇയാന്‍ മോര്‍ഗന്‍ അപ്പോഴും കൊച്ചിക്ക് ഭീഷണിയായി നില്‍ക്കുകയായിരുന്നു. എട്ട് ബൗണ്ടറിയും രണ്ടു സിക്‌സുമായി മോര്‍ഗന്‍ കൊല്‍ക്കത്തയെ ജയിപ്പിക്കുമെന്ന അവസ്ഥയായി. മോര്‍ഗന് കൂട്ടിന് യൂസഫ് പഠാനും ഗ്രൗണ്ടിലേക്കിറങ്ങിയതോടെ ഗാലറിയിലെ ടസ്‌കേഴ്‌സ് ആരാധകര്‍ പോലും കൂറുമാറുന്ന അവസ്ഥയായി.
എന്നാല്‍ കൊല്‍ക്കത്തയുടെ സ്വപ്‌നങ്ങളെ വിനയ് കുമാര്‍ തകര്‍ത്തു. വിനയ്കുമാറിന്റെ പന്തില്‍ പഠാനുമായുള്ള ആശയക്കുഴപ്പത്തില്‍ മോര്‍ഗന്‍ റണ്ണൗട്ടായി. അടുത്ത പന്തില്‍ വിനയ് കുമാറിനെ ഓഫ് സൈഡിലേക്ക് കളിച്ച പഠാനെ മിഡ്‌വിക്കറ്റില്‍ അത്യുഗ്രന്‍ ക്യാച്ചിലൂടെ ജയവര്‍ധനെ പിടികൂടിയതോടെ ഗ്യാലറി വീണ്ടും കൊച്ചിയ്‌ക്കൊപ്പമായി. പിന്നീട് പുതിയ ആയുധങ്ങളൊന്നുമില്ലാതെ റൈഡേഴ്‌സ് പരാജയം വഴങ്ങുകയായിരുന്നു.
ഇതോടെ കൊച്ചിയിലെ ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് തിരശ്ശീല വീണു. നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന അഞ്ചു മത്സരങ്ങളില്‍ ടസ്‌കേഴ്‌സ് രണ്ട് കളികളാണ് ജയിച്ചത്.10 കളികളില്‍ ടസ്‌കേഴ്‌സിന്റെ അഞ്ചാം വിജയമാണിത്. ഇത്രയും മത്സരങ്ങളില്‍ കൊല്‍ക്കത്തയുടെ നാലാം തോ്ല്‍വിയും. വിജയത്തോടെ അവസാന നാലിലെത്താമെന്ന് പ്രതീക്ഷ കൊച്ചി നിലനിര്‍ത്തിയിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications