പുനെ: ഐപിഎല്‍ എന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ ചിയര്‍ഗേള്‍സ് എന്ന പേരും ഓര്‍മ്മവരും കളിയ്ക്കിടെ അല്‍പവസ്ത്രധാരികളായ പെണ്‍കുട്ടികള്‍ വര്‍ണ്ണക്കടലസുകള്‍കൊണ്ടുള്ള തൊങ്ങലുകളും കയ്യിലേറ്റി ചടുലമായി നൃത്തം ചെയ്യുന്നു. ഒരോ ടീമുകള്‍ക്കും സ്വന്തമായി ചിയര്‍ സ്‌ക്വാഡുകള്‍ ഉണ്ട്.

ടീം ഉടമകളായ സഹാറ ഗ്രൂപ്പ് ചിയര്‍ഗേള്‍സിന് പകരം ചിയര്‍ ക്യൂന്‍സിനെയാണ് രംഗത്തിറക്കുന്നത്. ട്രൗസറുകളും മിനിസ്‌കേട്ടുമണിഞ്ഞ പെണ്‍കുട്ടികള്‍ ഇവര്‍ക്കില്ല. പകരം പരമ്പരാഗത ഇന്ത്യന്‍ വ്‌സ്ത്രങ്ങളണിഞ്ഞ തരുണീമണികളായിരിക്കും പൂനെ വാരിയേഴ്‌സിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തുക.
വ്യത്യസ്തമായ ഏഴു ഇന്ത്യന്‍വേഷങ്ങളിലെത്തുന്ന ഇവര്‍ സ്‌റ്റേഡിയത്തില്‍ ഏഴ് ഇന്ത്യന്‍ നൃത്തരൂപങ്ങളും അവതരിപ്പിക്കും. ഭരതനാട്യം, കുച്ചുപ്പുടി, മണിപ്പൂരിനൃത്തം, ബംഗാളി നൃത്തം, ഹര്യാന്‍വി നൃത്തം, ബംഗാളി നൃത്തം എന്നിവയ്‌ക്കൊപ്പം കേരളത്തിന്റെ സ്വന്തം മോഹിനിയാട്ടവും പെണ്‍കുട്ടികള്‍ അരങ്ങിലെത്തിക്കുന്നുണ്ട്.
ഓരോ സിക്‌സറിനും ബൗണ്ടറിക്കുമൊപ്പം മോഹിനിയാട്ടമുള്‍പ്പെടെയുള്ള വിവിധ നൃത്തരൂപങ്ങള്‍ കാണികള്‍ക്ക് ആസ്വദിക്കാമെന്ന് ചുരുക്കം.
ചിയര്‍ക്വീന്‍സ് എന്ന പേരിനൊപ്പം ഭാരതീയ നൃത്യാംഗനാസ് എന്നും ഇവര്‍ക്ക് പേരുണ്ട്.
സഹാറ ഗ്രൂപ്പ് തലവന് സുബ്രതോ റോയിയാണ് ഈ ആശയം മുന്നോട്ടുവച്ചത്.
ചിയര്‍ക്വീന്‍സിനായുള്ള പ്രത്യേകതരം വേഷങ്ങള്‍ പ്രശസ്ത സിനിമാ കോസ്റ്റിയൂം ഡിസൈനര്‍ നീത ലല്ല രൂപകല്പന ചെയ്തുകഴിഞ്ഞു. ജോധ അക്ബര്‍, താല്‍, ഹം ദില്‍ ദേ ചുക്കേ സനം തുടങ്ങി 375ലധികം ബോളിവുഡ് ചിത്രങ്ങള്‍ക്ക് വേഷമൊരുക്കിയ ഡിസൈനറാണ് നീത.
മുന്‍നിര കോറിയോഗ്രാഫര്‍മാരായ ഗണേഷ് ഹെഗ്‌ഡെയും തനുശ്രീ ശങ്കറും ചേര്‍ന്നാണ് ചിയര്‍ക്വീന്‍സിന്റെ നൃത്തച്ചുവടുകള്‍ രൂപപ്പെടുത്തിയത്. പരമ്പരാഗത നൃത്തശൈലികള്‍ പരമാവധി പിന്തുടര്‍ന്നുകൊണ്ടാകും ചിയര്‍ക്വീന്‍സ് അരങ്ങിലെത്തുകയെന്ന് തനുശ്രീ ശങ്കര്‍ പറയുന്നു.
ഇന്ത്യന്‍ സംസ്‌കാരത്തെ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയാണ് ചിയര്‍ക്വീന്‍സിലുടെ ലക്ഷ്യമിടുന്നതെന്ന് സഹാറ ചെയര്‍മാന്‍ സുബ്രതോ റോയ് പറയുന്നു. വിദേശരാജ്യങ്ങളില്‍ നിന്നടക്കം ഒട്ടേറെ പ്രേക്ഷകരാണ് ഓരോ ഐപിഎല്‍ മത്സരവും ടെലിവിഷനിലൂടെ കാണുന്നത്.
ഇന്ത്യയുടെ അതിസമ്പന്നമായ പൈതൃകവും കലാരൂപങ്ങളും ലോകത്തിനു കാട്ടിക്കൊടുക്കാനുള്ള മികച്ച അവസരമായാണ് ഞങ്ങളിതിനെ കാണുന്നത്. പുനേ വാരിയേര്‍സിന്റെ മാതൃക പിന്തുടര്‍ന്ന് മറ്റു ടീമുകളും ഈ അവസരം ശരിയായി വിനിയോഗിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു-സുബ്രതോ പറഞ്ഞു.
ഏപ്രില്‍ പത്തിന് കിങ്‌സ് ഇലവന്‍ പഞ്ചാബുമായാണ് പുനേ വാരിയേര്‍സിന്റെ ആദ്യമത്സരം. അന്നുതന്നെയാകും ചിയര്‍ക്വീന്‍സിന്റെ അരങ്ങേറ്റവും.