കൊമ്പന്മാരും പടയാളികളും നേര്‍ക്കുനേര്‍
ഐപിഎല്‍ നാലാംസീസണില്‍ വ്യാഴാഴ്ച പുതുമുഖക്കാരുടെ ഏറ്റുമുട്ടല്‍. കൊച്ചി ടസ്‌കേഴ്‌സ് കേരളയും പുനെ വാരിയേഴ്‌സുമാണ് ബുധനാഴ്ച മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മാറ്റുരയ്ക്കാനിറങ്ങുന്നത്. കന്നിമത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനോട് തോറ്റതോടെ പഠിച്ച പാഠവുമായിട്ടാണ് കൊച്ചിയുടെ കൊമ്പന്മാര്‍ കളത്തിലിറങ്ങുന്നത്. അതേസമയം ആദ്യമത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ തറപറ്റിച്ചതിന്റെ ആവേശത്തിലാണ് പൂനെയുടെ പടയാളികള്‍.

ഒരുവശത്ത് പരാജയം നല്‍കിയ നോവും മറുവശത്ത് വിജയം നല്‍കുന്ന ആത്മവിശ്വാസവും ഇതുരണ്ടുതന്നെയാണ് മത്സരത്തില്‍ നിര്‍ണായകമാവാന്‍ പോകുന്നത്. ഈ മത്സരത്തില്‍ക്കൂടി ജയിച്ചില്ലെങ്കില്‍ കൊമ്പന്മാര്‍ക്ക് അത് നാണക്കേടാവും. മാത്രമല്ല പരാജയം തുടര്‍ന്നാല്‍ ടീമിന്റെ മനക്കരുത്തും ചോരും. സ്വന്തം ടീമംഗങ്ങളുടെ ശക്തിദൗര്‍ബല്യങ്ങറിയാതെ തീരുമാനമെടുത്ത ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയാണ് ആദ്യ മത്സരത്തില്‍ കൊച്ചിയുടെ സാധ്യതകള്‍ കെടുത്തിയതെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ബാറ്റിങ് നിര ശരിയ്ക്കും കരുത്തുതെളിയിച്ചിരുന്നു. ബ്രണ്ടന്‍ മക്കല്ലവും വിവിഎസ് ലക്ഷ്മണും നല്ല അടിത്തറയുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ 18ാം ഓവറില്‍ എത്തിയ മലയാളി താരം വിന്‍സെന്റ് റൈഫ് ഗോമസ് കാര്യങ്ങളെല്ലാം തകര്‍ത്തെറിഞ്ഞതോടെ ടീമിന് പിഴച്ചു. അതോടെ കാര്യങ്ങളെല്ലാം അനുകൂലമാക്കിയ റോയല്‍ ചാലഞ്ചേഴ്‌സ് അനായാസം വിജയത്തിലേക്ക് നടന്നടുക്കുകയും ചെയ്തു.
ബാറ്റിങ് നിരയിലെ വൈവിധ്യം തന്നെയാണ് കൊച്ചി ടീമിന്റെ കരുത്ത്. ടോപ്പ് ഓര്‍ഡറില്‍ ഏതു ബൗളറെയും പിച്ചിച്ചീന്താന്‍ കഴിവുള്ള ബ്രണ്ടന്‍ മക്കല്ലമാണുള്ളത്. മിഡില്‍ ഓര്‍ഡറില്‍ വി.വി.എസ്. ലക്ഷമണ്‍, ജയവര്‍ധനെ, ബ്രാഡ് ഹോഡ്ജ് എന്നീ ത്രിമൂര്‍ത്തികള്‍. റണ്‍സെടുക്കുന്നതിനെക്കുറിച്ച് ടസ്‌കേഴ്‌സിന്
ആശങ്കപ്പെടാനില്ല. ഓഫ്‌സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് കൊച്ചി ടസ്‌കേഴ്‌സിന്റെ ബൗളിങ് തുറുപ്പുചീട്ട്. ഏതുനിമിഷത്തിലും വിക്കറ്റ് പിഴുതെടുക്കാന്‍ ശേഷിയുള്ളവയാണ് മുരളിയുടെ ഓരോ പന്തുകളും.
ആര്‍.പി. സിങ്, ശ്രീശാന്ത് തുടങ്ങിയ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്നവരാണ്.
പക്ഷേ യാതൊരു കയ്യും കണക്കുമില്ലാതെ റണ്‍സ് വിട്ടുകൊടുക്കുന്നതിലും നിര്‍ണായകഘട്ടത്തില്‍ മത്സരഗതി ടീമിനെതിരാക്കുന്നതിലും കൂപ്രസിദ്ധിയുള്ളവരാണ് ഇവര്‍ രണ്ടുപേരുമെന്നതും ക്യാപ്റ്റന് തലവേദനയാകും. അതേസമയം 20ട്വന്റിക്ക് പറ്റിയ ആക്രമണോത്സുകത
പ്രകടിപ്പിക്കാനും ഇവര്‍ മിടുക്കര്‍ തന്നെ.
എതിരാളികളായ പുന വാരിയേഴ്‌സിന് ചൂണ്ടിക്കാട്ടാന്‍ ദൗര്‍ബല്യങ്ങള്‍
കാര്യമായി ഇല്ല എന്നതാണ് യഥാര്‍ത്ഥ്യം, ഒപ്പം കരുത്തിന്റെ കണക്ക് ഒട്ടേറെയാണുതാനും. ജെസ്സെ റെയ്ഡര്‍, റോബിന്‍ ഉത്തപ്പ, യുവരാജ് സിങ് എന്നിവരടങ്ങിയ ബാറ്റിങ് പട, ആല്‍ഫോന്‍സോ തോമസ് ശ്രീകാന്ത് വാഗ് എന്നിവരുടെ ബൗളിങ് നിര. ഓപ്പണിങ് ബാറ്റ്‌സമാനായ ഗ്രെയിം സ്മിത്തിന്റെ മോശം ഫോം മാത്രമാണ് ടീമിന് അല്പമെങ്കിലും പ്രശ്‌നം സൃഷ്ടിക്കുന്നത്.
ഒട്ടേറെ ത്രസിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്നത്തെ മത്സരത്തിനാകുമെന്നുറപ്പ്. സ്വന്തം ഭാവി ചോദ്യചിഹ്നമായ ഒട്ടേറെ കളിക്കാര്‍ ഇന്ന് കിണഞ്ഞുകളിച്ചേക്കും. ഓപ്പണിങിനിറങ്ങുന്ന പൂമന ബാറ്റ്‌സ്മാന്‍ ജെസെ റൈഡറും ആദ്യഓവറുകള്‍ എറിയാനെത്തുന്ന ശ്രീശാന്തും തമ്മില്‍ കടുത്ത പോരാട്ടം തന്നെ നടന്നേയ്ക്കും. ഇരുവര്‍ക്കും ഇന്നത്തെ മത്സരം അഭിമാനപ്രശനം കൂടിയാണ്. യുവരാജ് സിങ്- മുത്തയ്യ
മുരളീധരന്‍, അല്‍ഫോന്‍സോ തോമസ്- ബ്രണ്ടന്‍ മക്കല്ലം തുടങ്ങിയവര്‍ തമ്മില്‍ കിടിലന്‍ പോരാട്ടത്തിന് സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications