ഡല്‍ഹിയില്‍ ആനപ്പക
ദില്ലി: കണക്കുതീര്‍ക്കുകയെന്നാല്‍ ഇങ്ങനെവേണം വിജയലഹരിയും പരാജയത്തിന്റെ കനലുകളും അടങ്ങുന്നതിന് മുമ്പേ. ഈ ഒരൊറ്റലക്ഷ്യവും വച്ചാണ് കൊച്ചി ടസ്‌കേഴ്‌സ് ദില്ലിയില്‍ കളിക്കാനിറങ്ങിയത്. 30പന്തുകള്‍ ശേഷിയ്‌ക്കേ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ഏഴ് വിക്കറ്റിന് പിച്ചിച്ചീന്തി. നാലാം ജയത്തോടെ കൊച്ചി പോയിന്റ് നിലയില്‍ ആറാം സ്ഥാനത്തേയ്ക്കുയര്‍ന്നു. ദില്ലിയിലെ ഫിറോസ്ഷാ കോട്‌ല സ്‌റ്റേഡിയം ഈ പരാജയത്തോടെ വീണ്ടും ഡല്‍ഹിയുടെ നിര്‍ഭാഗ്യമായി മാറി. സ്‌കോര്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 20 ഓവറില്‍ ആറിന് 140. കൊച്ചി ടസ്‌കേഴ്‌സ് കേരള 15 ഓവറില്‍ മൂന്നിന് 141.

ഡെവിള്‍സ് കൊച്ചിയില്‍ വന്നു കളിച്ച കളിയില്‍ ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗായിരുന്നു താരമെങ്കില്‍ അവരുടെ നാട്ടിലെ കളിയില്‍ വീരുവിന്റെ വിക്കറ്റെടുത്ത് മലയാളിതാരം പ്രശാന്ത് പരമേശ്വരന്‍ താരമായി. പ്രശാന്ത് തന്നെയാണ് കളിയിലെ കേമനും. രണ്ടുവിക്കറ്റുകളാണ് പ്രശാന്ത് വീഴ്ത്തിയത്. ടോസ് നേടിയ കൊച്ചി ടീം ഡെവിള്‍സിനെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു.. ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയുടെ തീരുമാനം ശരിവെക്കുന്ന വിധമായിരുന്നു ടസ്‌കേഴ്‌സിന്റെ തുടക്കം. തകര്‍ത്തടിച്ച് മുന്നേറുകയായിരുന്ന ഡെവിള്‍സ് നായകന്‍ സെവാഗിനെ 15 റണ്‍സിനു പുറത്താക്കി പ്രശാന്ത് പരമേശ്വരന്‍കൊച്ചിയുടെ പ്രതീക്ഷയ്ക്ക് ചിറകുനല്‍കി. അടുത്ത ഊഴം ടീമിലെ മറ്റൊരു മലയാളിയായ ശ്രീശാന്തിന്റേതായിരുന്നു. ഡേവിഡ് വാര്‍നറെ (13) ശ്രീശാന്തിന്റെ പന്തില്‍ വിനയ്കുമാര്‍ പുറത്താക്കി. പിന്നീടെത്തിയ നമന്‍ ഓജയ്ക്ക് (13) മികച്ച തുടക്കം ലഭിച്ചെങ്കിലും ആര്‍.പി. സിങ്ങിന്റെ പന്തില്‍ പുറത്തായതോടെ ഡല്‍ഹിയുടെ നില കഷ്ടത്തിലായി.
ഡല്‍ഹി ഉയര്‍ത്തിയ 141 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊച്ചിയെ പെട്ടെന്ന് വിജയത്തോടടുപ്പിച്ചത് ബ്രെണ്ടന്‍ മക്കെല്ലത്തിന്റെ സ്‌ഫോടനാത്മകമായ ബാറ്റിങ്ങാണ്. 19 പന്തില്‍ അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സറുമടക്കം 37 റണ്‍സെടുത്ത മക്കെല്ലം കൊച്ചിയുടെ വിജയം മിന്നുന്നതാക്കിമാറ്റി. 5.1 ഓവറില്‍ മക്കെല്ലം പുറത്താകുമ്പോള്‍ കൊച്ചി 61 റണ്‍സിലെത്തിയിരുന്നു.
മക്കെല്ലം നല്‍കിയ മികച്ച തുടക്കം പിന്നീടുവന്നവരും ബുദ്ധിപൂര്‍വ്വം വിനിയോഗിച്ചു. പാര്‍ഥിവ് പട്ടേല്‍ 37 പന്തില്‍ 31 റണ്‍സോടെ പുറത്താകാതെ നിന്നപ്പോള്‍, 13 പന്തില്‍ 24 റണ്‍സ് നേടി ബ്രാഡ് ഹോഡ്ജ് വിജയം പ്രതീക്ഷിച്ചതിലും നേരത്തെയാക്കി. ഈ കളിയില്‍ അരങ്ങേറ്റം കുറിച്ച പ്രശാന്ത് പരമേശ്വരന്‍ ക്രിക്കറ്റിലെ പുതിയ താരോദയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications