മുംബൈ: ഒരു ട്വന്റി-20 ഫൈനലിന്റെ വീറും വാശിയും നില നിന്ന ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കളിക്കാരെ തിരഞ്ഞെടുക്കുന്ന ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്‌ക്ക് മഹേന്ദ്ര സിങ്ങ് ധോണിയെ ചെന്നൈ ടീം സ്വന്തമാക്കി. ആറു കോടി രൂപയ്ക്കാണ് ചെന്നൈ ടീം ധോണിയെ സ്വന്തമാക്കിയത്.
3.9 കോടി രൂപയ്‌ക്ക് ജയസൂര്യയെയും, 3.4 കോടി രൂപയ്ക്ക് ഹര്‍ഭജന്‍ സിങ്ങിനെയും മുംബൈ ടീം വാങ്ങി. കോടീശ്വരമന്മാരായ വ്യവസായികളും ബോളിവുഡിലെ രാജാക്കാന്മാരും കളിക്കാരെ സ്വന്തമാക്കാന്‍ അണി നിരന്നപ്പോള്‍ കോടികളാണ് ഒഴുകിയത്.
അംബാനിയും വിജയ്‌മല്യയും ഷാരൂഖും പ്രീതി സിന്റയുമൊക്കെ കളിക്കാര്ക്ക് വില പറയാനെത്തി. ഐപിഎല്ലില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുളള 89 താരങ്ങളെ എട്ടു ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു ലേലം.
പാകിസ്‌താന്‍ പേസ് ബൗളര്‍ അക്തറിനെ 1.7 കോടി രൂപയ്‌ക്ക് ഷാരൂഖിന്റെ കൊല്‍ക്കത്ത ടീം വാങ്ങിയപ്പോള്‍ ലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധനെയെ (1.1 കോടി), ഉപനായകന്‍ സംഗക്കാരെ (2.8 കോടി) എന്നിവരെ പ്രതീ സിന്റയുടെ മൊഹാലി ടീം സ്വന്തമാക്കി.
ഒരു ടീമിന്റെ ഉടമയ്‌ക്ക് പരമാവധി ചെവഴിക്കാവുന്ന തുക 20 കോടിയായതിനാല്‍ ലേലത്തില്‍ പങ്കെടുത്തവരെല്ലാം കരുതലോടെയാണ് നീങ്ങിയത്. സൂപ്പര്‍ താരങ്ങളായ സച്ചിന്‍, ദ്രാവിഡ്, സൗരവ് ഗാംഗുലി, യുവരാജ് സിങ്ങ് എന്നിവര്‍ ലേലത്തിനുണ്ടായിരുന്നില്ല.
അവര്‍ സ്വന്തം നഗരങ്ങളെ പ്രതിനിധീകരിയ്‌ക്കുന്ന അമൂല്യ താരങ്ങളായതിനാലാണിത്. ഇവര്‍ക്ക് സ്വന്തം ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന വിലയുള്ള താരത്തിന്റെ പതിനഞ്ചു ശതമാനം കൂടിയ തുക ലഭിയ്‌ക്കും.