മൊഹാലി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യക്ക് 38 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. സന്ദര്‍ശകരുടെ 300 റണ്‍സ് എന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരെ ഇന്ത്യ 338 റണ്‍സെടുത്ത് പുറത്തായി.
രാഹുല്‍ ദ്രാവിഡിന്റെയും (95) ഇര്‍ഫാന്‍ പഠാന്റെയും (52) അര്‍ധശതകങ്ങളാണ് ഇന്ത്യയെ ഒരു തകര്‍ച്ചയില്‍ നിന്നും കരകയറ്റി ഭേദപ്പെട്ട നിലയിലെത്തിച്ചത്. അനില്‍ കുംബ്ലെയുടെയും (32) ഹര്‍ഭജന്‍സിംഗിന്റെയും (32) വാലറ്റത്തെ പ്രകടനം ഇന്ത്യയെ ഇംഗ്ലണ്ടിന്റെ സ്കോര്‍ മറികടക്കാന്‍ പ്രാപ്തമാക്കി.
നാലാം ദിവസമായ ഞായറാഴ്ച കളി തുടങ്ങിയ ഉടനെ മഹേന്ദ്രസിംഗ് ധോണിയുടെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ അഞ്ചിന് 153 എന്ന നിലയില്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച ഇന്ത്യയെ രാഹുല്‍ ദ്രാവിഡും ഇര്‍ഫാന്‍ പഠാനും ചേര്‍ന്നുള്ള 76 റണ്‍സിന്റെ വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ ദ്രാവിഡ് പുറത്തായി. 58 പന്തില്‍ നിന്നും 52 റണ്‍സെടുത്ത പഠാന്‍ ഇംഗ്ലീഷ് ബൗളര്‍മാരെ മികച്ച ഷോട്ടുകളിലൂടെ ശിക്ഷിച്ചു.
ഫ്ലിന്റോഫിന്റെ പന്തില്‍ പഠാന്‍ പുറത്തായതിനു ശേഷം അനില്‍ കുംബ്ലെയും ഹര്‍ഭജന്‍സിംഗും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്കോര്‍ 300 റണ്‍സ് കടത്തിയത്. ഇരുവരും ചേര്‍ന്ന് 53 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഒരു ഘട്ടത്തില്‍ ഇംഗ്ലീഷ് സ്കോര്‍ മറികടക്കാനാവാതെ അവസാനിക്കുമെന്ന് തോന്നിച്ച ഇന്ത്യന്‍ ഇന്നിംഗ്സ് ലീഡിലേക്കു നീങ്ങി.
നാല് വിക്കറ്റെടുത്ത ഫ്ലിന്റോഫാണ് ഇംഗ്ലീഷ് ബൗളിംഗ് നിരയില്‍ തിളങ്ങിയത്. സച്ചിന്‍, ദ്രാവിഡ്, പഠാന്‍ എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകള്‍ ഫ്ലിന്റോഫാണ് കൊയ്തത്. ഹാര്‍മിസണനും മാത്യു ഹൊഗാര്‍ഡും രണ്ട് വീതം വിക്കറ്റെടുത്തു.