മുംബൈ: ഇന്ത്യയ്‌ക്കെതിരേയുള്ള രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് പത്തുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇംഗ്ലീഷ് സ്പിന്നര്‍മാരായ മോണ്ടി പനേസറുടെയും ഗ്രേയം സ്വാനിന്റെ മാസ്മരിക പ്രകടനമാണ് ഇന്ത്യയെ നാണംകെട്ട തോല്‍വിയിലേക്ക് നയിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 327നും രണ്ടാം ഇന്നിങ്‌സ് 142നും അവസാനിപ്പിക്കാന്‍ ഇംഗ്ലീഷ് ബൗളര്‍മാക്കായി. ആദ്യഇന്നിങ്‌സില്‍ 413 റണ്‍സെടുത്ത ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 58 റണ്‍സെടുത്ത് കളി അവസാനിപ്പിച്ചു.
ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ ചേതേശ്വര്‍ പുജാര നേടിയ സെഞ്ച്വറിയും അശ്വിന്റെ 68 റണ്‍സും മാത്രമാണ് എടുത്തുപറയാവുന്ന കാര്യങ്ങള്‍. അലസ്റ്റര്‍കുക്കും(122), കെവിന്‍പീറ്റേഴ്‌സണും(186) ഇംഗ്ലണ്ടിനുവേണ്ടി സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ ഗൗതം ഗംഭീര്‍(65) ഒഴികെ ആര്‍ക്കും തിളങ്ങാനായില്ല.
പനേസര്‍ ഇരു ഇന്നിങ്‌സുകളിലുമായി 11 വിക്കറ്റും സ്വാന്‍ എട്ടുവിക്കറ്റും വീഴ്ത്തി. ഇന്ത്യന്‍ നിരയില്‍ അഞ്ചു വിക്കറ്റ് നേടിയ പ്രഗ്യാന്‍ ഓജ മാത്രമാണ് തിളങ്ങിയത്. അടുത്ത ടെസ്റ്റ് ഡിസംബര്‍ അഞ്ചു മതുല്‍ കൊല്‍ക്കത്തയിലാണ്.