അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. രണ്ട് ഇന്നിങ്‌സുകളിലുമായി ഡബിള്‍ സെഞ്ച്വറിയടക്കം 247 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാരയുടെയും ഒമ്പത് വിക്കറ്റ് വീഴ്ത്തിയ പ്രഗ്യാന്‍ ഓജയുടെയും തകര്‍പ്പന്‍ പ്രകടനങ്ങളാണ് ആതിഥേയര്‍ക്ക് മിന്നുന്ന ജയം സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 521ഉം രണ്ടാം മിന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സും അടിച്ചെടുത്തു. ആദ്യ ഇന്നിങ്‌സില്‍ 191 റണ്‍സിന് തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് ഫോളോ ചെയ്ത രണ്ടാമിന്നിങ്‌സില്‍ 406 റണ്‍സിന് ഓള്‍ഔട്ടായി.
അവസാന ദിവസമായ തിങ്കളാഴ്ച വെറും 66 റണ്‍സ് മാത്രം വഴങ്ങി ഇന്ത്യന്‍ ബൗളര്‍മാര്‍ അഞ്ചുവിക്കറ്റുകളാണ് പിഴുതെടുത്തത്. ഗൗതം ഗംഭീറിന്റെ അഭാവത്തില്‍ വീരേന്ദര്‍ സെവാഗിനൊപ്പം പുജാരയാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപണ്‍ ചെയ്യാനെത്തിയത്. 21 ബോളില്‍ നിന്നും 25 റണ്‍സെടുത്ത സെവാഗിനെ സ്വാനിന്റെ ബോളില്‍ പീറ്റേഴ്‌സണ്‍ പിടികൂടി. പുജാര 51 ബോളില്‍ നിന്ന് എട്ടു ഫോറുകളുടെ പിന്തുണയോടെ 41 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വിരാട് കോഹ്‌ലി 21 ബോളില്‍ നിന്ന് 14 റണ്‍സ്(നോട്ടൗട്ട്) അടിച്ചെടുത്തു.
രണ്ടാം ടെസ്റ്റ് നവംബര്‍ 23 മുതല്‍ 27 വരെ മുംബൈയില്‍ നടക്കും. മൂന്നാം ടെസ്റ്റിന് കൊല്‍ക്കത്തയും നാലാം ടെസ്റ്റിന് നാഗ്പൂരും വേദിയാകും. പരമ്പരയിലെ ട്വന്റി മത്സരത്തിന് പൂനെയാണ് വേദി.