അഡിലെയ്‍ഡ് : തീപാറുന്ന പോരാട്ടത്തിനൊടുവില്‍ ഇന്ത്യ വല്ല വിധേനെയും ജയിച്ചു. അവസാന നിമിഷം വരെ പൊരുതിയ ലങ്കക്കാര്‍ രണ്ടു വിക്കറ്റിന് തോല്‍വി സമ്മതിച്ച് മടങ്ങുമ്പോള്‍ ടീം ഇന്ത്യയുടെ നായകന്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു കാണും. കാരണം ഇവിടെ തോറ്റിരുന്നെങ്കില്‍, ധോണിയ്ക്ക് മാളത്തില്‍ ഒളിക്കേണ്ടി വന്നേനെ.
നിര്‍ണായകമായ അവസാന രണ്ടോവറുകളെ അതിജീവിച്ച് എങ്ങനെ ഈ കളി ജയിച്ചെന്ന് ഇപ്പോഴും അമ്പരക്കുകയാവും ധോണി.
ലസിത് മലിംഗെയെന്ന ശ്രീലങ്കയുടെ സൂപ്പര്‍ഫാസ്റ്റ് ബൗളര്‍ നാല്‍പത്തി ഒമ്പതാം ഓവര്‍ എറിയാനെത്തുമ്പോള്‍ പന്ത്രണ്ടു പന്തില്‍ ഏഴ് റണ്‍സെന്ന ലക്ഷ്യമായിരുന്നു ഇന്ത്യയ്ക്ക്. മലിംഗയെ നേരിടുന്ന ഹര്‍ബജന്റെ നെഞ്ചിടിപ്പ് ഇന്ത്യ മുഴുവനും കേട്ടുകാണും. ആദ്യപന്തില്‍ ഹര്‍ബജന്‍ പുറത്തായെന്നു തന്നെ കരുതിയതാണ്. അപ്പീല്‍ പക്ഷേ അനുവദിക്കപ്പെട്ടില്ല.
തൊട്ടടുത്ത പന്തില്‍ മലിംഗെയ്ക്ക് ദിശ പിഴച്ചു. ലെഗ് സൈഡിലേയ്ക്ക് വഴുതിമാറിയ സ്വിംഗ്, ലെഗ് ബൈയായി ബൗണ്ടറി ലൈന്‍ കടന്നപ്പോള്‍ ഇന്ത്യ ആശ്വസിച്ചു. ധോണി ആശ്വസിച്ചു. ഹര്‍ബജനാകട്ടെ അടുത്ത പന്തുകള്‍ എങ്ങനെ നേരിടുമെന്ന് അമ്പരന്നു നിന്നു.
ആ അമ്പരപ്പ് ഏറെ നീണ്ടില്ല. തൊട്ടടുത്ത സുന്ദരന്‍ യോര്‍ക്കറില്‍ ഹര്‍ബജന്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. ശ്രീലങ്കയ്ക്കും ജയത്തിനുമിടയില്‍ രണ്ടു വിക്കറ്റ്. ഇന്ത്യയ്ക്കും വിജയത്തിനുമിടയില്‍ മൂന്നു റണ്ണും. തുടര്‍ന്ന് വന്ന ഇശാന്ത് ശര്‍മ്മ രണ്ടു പന്തുകള്‍ വിദഗ്ധമായി അതിജീവിച്ചു.
മെഹ്റൂഫ് എറിഞ്ഞ അവസാന ഓവര്‍ നേരിട്ടത് ധോണി. ആദ്യ പന്ത് വൈഡ്. ഒരു റണ്‍. തൊട്ടടുത്ത പന്തില്‍ നിന്ന് രണ്ടു റണ്‍ നേടി ധോണി കളി ജയിപ്പിച്ചു. അപ്പോഴാണ് വെറുതെ കൊടുത്ത 24 എക്സ്ട്രാ റണ്ണുകളുടെ വിലയെന്തെന്ന് ലങ്കയുടെ നായകന്‍ മഹേല ജയവര്‍ദ്ധനെ അറിഞ്ഞത്.
അച്ചടക്കമുളള ബൗളിംഗും സൂചിമുനയുടെ കൃത്യതയുളള ഫീല്‍ഡിംഗുമായാണ് ലങ്കക്കാരെ ഇന്ത്യ 238 റണ്‍സില്‍ ഒതുക്കിയത്. സൂപ്പര്‍താരം സച്ചിന്‍ റണ്ണൊന്നുമെടുക്കാതെ നേരിട്ട രണ്ടാമത്തെ പന്തില്‍ തന്നെ പുറത്തായി. ഉത്തപ്പ റണ്ണൗട്ടാവുകയും ചെയ്തപ്പോള്‍ തന്നെ പോരാട്ടം കടുപ്പമേറിയതാകുമെന്ന് ഉറപ്പായിരുന്നു.
ഈ ടൂര്‍ണമെന്റില്‍ ഇതുവരെ തിളങ്ങാതിരുന്ന യുവരാജ് സിംഗിന്റെ ദിവസമായിരുന്നു ഇത്. രോഹിത് ശര്‍മ്മയെയും നായകന്‍ ധോണിയെയും കൂട്ടുപിടിച്ച് യുവരാജ് തകര്‍പ്പന്‍ കളിയാണ് കെട്ടഴിച്ചത്. എന്നാല്‍ യുവരാജും പഠാനും പുറത്തായതോടെ ഇന്ത്യ വീണ്ടും സമ്മര്‍ദ്ദത്തിലായി.
68 പന്തുകളില്‍ നിന്ന് 50 റണ്‍ നേടിയ ധോണിയുടെ ഇന്നിംഗ്സില്‍ ഒരു ബൗണ്ടറി പോലും ഉണ്ടായിരുന്നില്ലെന്ന് അറിയുമ്പോഴാണ്, കളത്തില്‍ ലങ്കയുടെ സേന ഉയര്‍ത്തിയ സമ്മര്‍ദ്ദം എത്രയെന്ന് മനസിലാവുന്നത്.
ഈ ജയത്തോടെ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. 19 പോയിന്റോടെ ആസ്ട്രേലിയ ഒന്നാം സ്ഥാനത്തും 12 പോയിന്റോടെ ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. ആസ്ട്രേലിയയുമായി ഇനിയൊരു മത്സരം ശേഷിക്കുന്ന ലങ്കയ്ക്ക് ആ കളി ജയിച്ചാലും 10 പോയിന്റേ ആവൂ.
ശ്രീലങ്കയ്ക്കു വേണ്ടി സെഞ്ച്വറി നേടിയ കുമാര സംഗക്കാരയാണ് കളിയിലെ കേമന്‍.