സന്നാഹമത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം
ബാംഗ്ലൂര്‍: ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആസ്‌ത്രേലിയക്കെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. 38 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. സ്‌കോര്‍: ഇന്ത്യ - 214(43.3 ഓവര്‍), ഓസ്‌ട്രേലിയ - 176 ഓള്‍ ഔട്ട് (37.5 ഓവര്‍).
ബൗളര്‍മാരെ അനുകൂലിച്ച ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മലയാളി പേസര്‍ എസ്. ശ്രീശാന്തും മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ചോവറില്‍ 21 റണ്‍സ് വഴങ്ങി ഷെയ്ന്‍ വാട്‌സന്റെ (33) നിര്‍ണായക വിക്കറ്റാണ് ശ്രീ വീഴ്ത്തിയത്. അതേസമയം, രണ്ടോവറില്‍ 22 റണ്‍സ് വഴങ്ങിയ മുനാഫ് പട്ടേല്‍ നിരാശപ്പെടുത്തുകയും ചെയ്തു. വിജയം നേടിയെങ്കിലും ലോകകപ്പ് ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ദുര്‍ബലതകള്‍ പലതും സന്നാഹ മത്സരത്തിലൂടെ പുറത്തുവന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ബാറ്റിംഗ് നിര തകര്‍ച്ചയെ നേരിട്ടു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും ഇന്ത്യന്‍ ബാറ്റിങിന് ആശ്വാസമായത് ഓപ്പണര്‍ വീരേന്ദര്‍ സേവാഗിന്റെ(54)യും യൂസഫ് പഠാന്റെ (32) യും പ്രകടനമാണ്. ബൗളര്‍മാരായ ആര്‍.അശ്വിനും (25) ആശിഷ് നെഹ്‌റയും (19) വാലറ്റത്ത് നടത്തിയ മികച്ച ബാറ്റിങാണ് ഇന്ത്യയുടെ സ്‌കോര്‍ 200 കടത്തിയത്. വീരാട് കോഹ്‌ലി 21 റണ്‍സ് നേടി.
തുടര്‍ന്ന് ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയയുടെ തുടക്കം മികച്ച രീതിയിലായിരുന്നു. 215 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയ ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സിലായിരുന്നു. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരായ ഷെയ്ന്‍ വാട്‌സണ്‍ 33 റണ്‍സും ടിം പെയ്ന്‍ 37 റണ്‍സും നേടി. തുടര്‍ന്നെത്തിയ റിക്കി പോണ്ടിംഗ് 57 റണ്‍സും നേടി ഫോമിലെത്തിയതിന്റെ സൂചനകള്‍ നല്‍കി.
എന്നാല്‍, ചൗളയും ഭാജിയും ഫോമിലേക്കുയര്‍ന്നതോടെ സ്പിന്‍ വലയില്‍ കുടുക്കി ശേഷിച്ച ഓസീസ് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കുകയായിരുന്നു ഇന്ത്യ. 37.5 ഓവറില്‍ 176 റണ്‍സിന് ഓസീസ് പോരാട്ടം അവസാനിച്ചു.
നാലു വിക്കറ്റുകളാണ് പീയുഷ് ചൗള നേടിയത്. ഹര്‍ഭജന്‍ സിംഗ് മൂന്ന് വിക്കറ്റുകള്‍ നേടി. ശ്രീശാന്ത്, യുവരാജ് സിംഗ്, ആര്‍.അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications