മന്ദബുദ്ധികള്‍ രാജ്യസ്നേഹം ഉരച്ചു നോക്കുന്ന ചാണക്കല്ലാണ് ക്രിക്കറ്റ്. രാജ്യസ്നേഹം സമം ക്രിക്കറ്റ് എന്ന സമവാക്യം സൃഷ്ടിച്ചത് ടെലിവിഷനും മാര്‍ക്കറ്റിംഗ് മാനേജര്‍മാരും ചേര്‍ന്നും.
ഉടുതുണിയ്ക്ക് മറുതുണിയില്ലെങ്കിലും സ്ക്വയര്‍കട്ട് കണ്ട് ആനന്ദിക്കുന്ന പുങ്കന്‍ ജനതയായി ഇന്ത്യാക്കാരെ മാറ്റിയത് അവരാണ്. ലോംഗ് ഓണിനു മീതെ പറക്കുന്ന ഗാംഗൂലിയുടെ സിക്സറില്‍ ഒട്ടിയ വയറിന്റെ കാളല്‍ മറക്കാന്‍ ഇന്ത്യാക്കാരനെ ടിവി പഠിപ്പിച്ചു കഴിഞ്ഞു.
ആസ്ട്രേലിയയും ഇന്ത്യയും തമ്മില്‍ നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റ്, കളിയുടെ ചതുരക്കളത്തില്‍ നിന്നും തെന്നിമാറുമ്പോള്‍ ഓര്‍ക്കുക. ഇത് വറ്റിപ്പോയ ക്രിക്കറ്റ് ജ്വരത്തെ പുനപ്രതിഷ്ഠിക്കാന്‍ നടത്തുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങളാകാം. ഇന്ത്യയിലെ ക്രിക്കറ്റ് വിപണിയിലൊഴുകുന്ന കോടികളുടെ പരസ്യപ്പണത്തിന്റെ ഉറവ വറ്റാതെ നോക്കാന്‍ ചെലുത്തുന്ന അതിബുദ്ധിയാവാം.
അതില്‍ വീഴണോ വേണ്ടയോ എന്ന ചോദ്യത്തിന്റെ ഉത്തരം കായികപ്രേമികളുടെ സ്ഥിര ബുദ്ധിയുടെ അളവു കോലും കൂടെയാവും.
ഇന്ത്യയും ആസ്ട്രേലിയയും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന കാര്യമായ കളിയുടെ ഉളളുകളളികള്‍ അറിയണമെങ്കില്‍ ഓര്‍മ്മയെ കുറേ പിറകിലേയ്ക്ക് നയിക്കണം. 2007ലെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ രണ്ടാം റൗണ്ട് കാണാതെ ദയനീയമായി പുറത്തായതും തുടര്‍ന്ന് നടന്ന കാണികളുടെ രോഷപ്രകടനങ്ങളും.
കളിയെന്നാല്‍ ക്രിക്കറ്റ് മാത്രമായിരുന്ന ഇന്ത്യാക്കാര്‍ പൊടുന്നനെയാണ് കളം മാറ്റിച്ചവിട്ടിയത്. ദൈവങ്ങള്‍ക്കും മീതെ പ്രതിഷ്ഠിച്ചിരുന്ന ക്രിക്കറ്റ് താരങ്ങളുടെ വിഗ്രഹങ്ങള്‍ അവര്‍ അടിച്ചുടച്ചു. തെരുവുകളില്‍ പ്രതിഷേധവും രോഷവും തളംകെട്ടി. ദൈവരൂപങ്ങള്‍ തെറിവിളി കേട്ട് നടുങ്ങി.
തുടര്‍ന്ന് നടന്ന ഇന്ത്യാ ബംഗ്ലാദേശ് കളിയില്‍ നിന്നും കാണികള്‍ പുറംതിരിഞ്ഞു നിന്നു. ആവേശം ഒന്ന് തിരികെ വന്നത് ട്വെന്റി ട്വെന്റി കളിയോടെയായിരുന്നു.
ഏതുവിധേനെയും പഴയ ജ്വരം തിരികെ കൊണ്ടു വരാന്‍ അത്യധ്വാനം ചെയ്തു മാര്‍ക്കറ്റിംഗ് സിംഹങ്ങള്‍. ലോകകപ്പിലെ തിരിച്ചടി പരസ്യമേഖലയ്ക്കുണ്ടാക്കിയ പെരും നഷ്ടവും നാണക്കേടും ഇനിയെത്ര പരമ്പരകള്‍ കൊണ്ടാണ് നികത്തിയെടുക്കാനാവുക എന്ന ചോദ്യത്തിന് അവരാണല്ലോ ഉത്തരം കണ്ടെത്തേണ്ടത്.
വീഡിയോകോണും ഐടിസിയും പെപ്സിയുമടക്കമുളള ഭീമന്‍ കമ്പനികള്‍ക്ക് അന്ന് നേരിട്ട നഷ്ടം ചെറുതൊന്നുമല്ല. മഹേന്ദ്രസിംഗ് ധോണി നടിച്ച സെവന്‍അപ് പരസ്യം പെപ്സിക്ക് പിന്‍വലിക്കേണ്ടി വന്നു.
പ്രമുഖ സ്പോര്‍ട്ട്സ് ബ്രാന്‍ഡ് ആയ പുമ ലോകകപ്പ് പ്രമാണിച്ച് സൗരവ് ഗാംഗൂലിയെയാണ് പുതിയ ബ്രാന്‍ഡ് അംബാസഡര്‍ ആക്കിയത്. ആ പരസ്യം വെളിച്ചം കാണും മുമ്പെ പരണത്തു വെയ്ക്കേണ്ടി വന്നു അവര്‍ക്ക്.
എക്കാലത്തെയും വലിയ ക്രിക്കറ്റ് ദൈവമായിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ 12 കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നു. സച്ചിന്റെ പോലും ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്ന നിലയിലെത്തി കാര്യങ്ങള്‍.
കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി ഐസിസിയുടെ ഗ്ലോബര്‍ പാര്‍ട്ട്നറായിരുന്ന എല്‍ജി ഇനി ഐസിസിയുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചു.
ബിസിസിഐയുമായി ഉരസി സീ ഗ്രൂപ്പ് ക്രിക്കറ്റില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുനിഞ്ഞതും ലോകകപ്പ് പരാജയം സൃഷ്ടിച്ച ആഘാതത്തിന്റെ തുടര്‍ ചലനമായിരുന്നു.
ആസ്ട്രേലിയ ഇന്ത്യയില്‍ പര്യടനം നടത്തിയ വേളയില്‍ തന്നെ തിരക്കഥ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. ശ്രീശാന്തും മറ്റും നടത്തിയ പ്രകടനങ്ങള്‍ ആകസ്മികയോ യാദൃശ്ചികമോ അല്ലെന്ന് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നു. കാണികള്‍ക്ക് ഹരം പകരുന്ന തരത്തില്‍ വൈരം കുത്തിവെയ്ക്കാന്‍ ആരൊക്കെയോ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചതു പോലെ.
ആന്‍ഡ്രൂ സിമ്മണ്ട്സിനെ ഹര്‍ബജന്‍ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണമാണ് കൂട്ടത്തിലെ ഏറ്റവും ചൂടന്‍ ആരോപണം. മൂന്ന് ടെസ്റ്റില്‍ നിന്ന് ഹര്‍ബജനെ വിലക്കാനും തീരുമാനം വന്നു കഴിഞ്ഞു. ശിക്ഷയും വിലക്കും ഏല്‍ക്കുന്നത് ഇന്ത്യാക്കാര്‍ക്കാവുന്നതാണ് ക്രിക്കറ്റ് തമ്പുരാക്കന്‍മാര്‍ക്ക് ലാഭം.
ടെലിവിഷനുകളിലും മാധ്യമങ്ങളിലും ഈ നീതികേടിനെതിരെ രോഷവും വിലാപവും അണപൊട്ടിയൊഴുകും. എത്ര വെട്ടിച്ചുരുക്കിയാലും ഇതിന് ചെവി കൊടുക്കുന്ന കോടികളുടെ എണ്ണം ദശകോടികള്‍ കവിയും.
അന്നവും തുണിയും പണിയുമില്ലെങ്കിലും അവര്‍ ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുന്നില്‍ വാ പൊളിച്ചിരിക്കും. തൊലിവെളുത്തവന്‍ കറുത്ത ഇന്ത്യാക്കാരനെതിരെ കാലങ്ങളായി കാട്ടുന്ന അധീശത്വത്തിനെതിരെ ചായക്കടകളിലും ബാര്‍ബര്‍ഷോപ്പുകളിലും രോഷം പതഞ്ഞു പൊങ്ങും. തിരക്കഥ പിഴവില്ലാതെ മുന്നോട്ടു നീങ്ങും.
കത്തിയമര്‍ന്ന ക്രിക്കറ്റ് ജ്വരം അങ്ങനെ പുനര്‍ജനിക്കും. കോടികളൊഴുകുന്ന കായിക മാമാങ്കത്തിന്റെ പദവി ചോദ്യം ചെയ്യപ്പെടാതെ തുടരും. ക്രിക്കറ്റ് ഫീല്‍ഡിലെ ബൗണ്ടറി റോപ്പില്‍ രാജ്യസ്നേഹത്തിന്റെ അതിരും ഒടുങ്ങും. എല്ലാം ശുഭസുന്ദരമായി അവസാനിക്കും.
![]()
![]()
![]()
![]()
![]()
![]()