ബാംഗ്ലൂര്‍: ക്രിക്കറ്റിനെ നശിപ്പിക്കാനാണ് ട്വന്റി - 20 ക്രിക്കറ്റിന്റെ പിറവിയെന്ന് ആരൊക്കെ കുറ്റപ്പെടുത്തിയാലും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കര്‍ക്ക് ആ അഭിപ്രായമില്ല. ക്രിക്കറ്റിനെ കൂടുതല്‍ ആവേശഭരിതമാക്കാന്‍ ട്വന്റി - 20 ക്രിക്കറ്റിന് കഴിഞ്ഞു എന്നാണ് സച്ചിന്റെ അഭിപ്രായം. ട്വന്റി - 20 ക്രിക്കറ്റിന്റെ വരവോടെ ടെസ്റ്റ് മത്സരങ്ങളില്‍ പോലും കൂടുതല്‍ റിസല്‍ട്ടുകള്‍ ഉണ്ടാകാന്‍ തുടങ്ങി എന്നും സച്ചിന് പറഞ്ഞു.
കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്കായി ബാഗ്ലൂരില്‍ എത്തിയതായിരുന്നു സച്ചിന്. സച്ചിനൊപ്പം സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. കളിയുടെ ശൈലി സ്വായത്തമാക്കുക എന്നതാണ് പ്രധാനം എന്നായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ നീരീക്ഷണം.
കേവലം മൂന്നോ നാലോ പന്തുകള്‍ മതി ട്വന്റി - 20 ക്രിക്കറ്റില്‍ ഒരാള്‍ താരമാകാന്‍ എന്നായിരുന്നു സച്ചിന്റെ നിരീക്ഷണം. ട്വന്റി - 20 ക്രിക്കറ്റ് ബാറ്റ്സ്മാന്മാരെ കൂടുതല്‍ അക്രമാസക്തരാക്കി എന്നായിരുന്നു മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ അഭിപ്രായം. കളിയുടെ ഫലത്തില്‍ ഇത് കാണാനുണ്ട് - കൊല്‍ക്കത്തയുടെ ദാദ കൂട്ടിച്ചേര്‍ത്തു.
എ ബി ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്ല്, മൈക്കല്‍ ഹസി തുടങ്ങിയവരുടെ കഴിഞ്ഞ ഐ പി എല്ലിലെ പ്രകടനം ഉദാഹരണം. എല്ലാവരും മികച്ച ടെസ്റ്റ് ക്രിക്കറ്റ് ബാറ്റ്സ്മാന്മാരും കൂടിയാണ്. സ്വാഭാവിക ഷോട്ടുകള്‍ക്കൊപ്പം ട്വന്റി - 20 ക്ക് വേണ്ടി സ്വന്തമായ ചില ഷോട്ടുകള്‍ കണ്ടെത്തുകയും വേണം - ദ്രാവിഡ് പറഞ്ഞു.