ചെന്നൈ: അടുത്ത മാസം നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യടെസ്റിനുള്ള ടീമില്‍ സൗരവ് ഗാംഗുലിയെ ഉള്‍പ്പെടുത്തി. നവംബര്‍ 23 ബുധനാഴ്ച ചെന്നൈയില്‍ നടന്ന അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ടെസ്റ് ടീമിനെ തീരുമാനിച്ചത്.
ശ്രീലങ്കയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ഏകദിന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഗാംഗുലിക്കു ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിനു പുറമെ ടെസ്റ് ടീമിന്റെ നേതൃത്വവും നഷ്ടപ്പെട്ടിരുന്നു. ചൊവ്വാഴ്ച ദ്രാവിഡിനെ ടെസ്റ് ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു.
ഏകദിന മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിംഗ് ധോണി ടെസ്റ് ടീമില്‍ ആദ്യമായി സ്ഥാനം കണ്ടെത്തി. ഏകദിന മത്സരങ്ങളില്‍ നിന്നുമൊഴിവാക്കപ്പെട്ട വി.വി.എസ്.ലക്ഷ്മണിനെയും അനില്‍ കുംബ്ലെയെയും ടെസ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏകദിന മത്സരങ്ങളിലെ മികവില്‍ ടെസ്റ് ടീമില്‍ ആദ്യമായി സ്ഥാനം കണ്ടെത്തിയ മറ്റൊരു കളിക്കാരന്‍ പേസ് ബൗളര്‍ ആര്‍.പി.സിംഗാണ്. അതേ സമയം ഏകദിന ടീമില്‍ നിന്നു ഒഴിവാക്കപ്പെട്ട സഹീര്‍ഖാനെ ടെസ്റ് ടീമിലും ഉള്‍പ്പെടുത്തിയില്ല. ധോണിക്ക് ടെസ്റ് ബര്‍ത്ത് കിട്ടിയതോടെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനും ടീമില്‍ ഇടം കണ്ടെത്താനായില്ല.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അടുത്ത രണ്ട് ഏകദിന മത്സരങ്ങളിലെ ടീം മാറ്റമില്ലാതെ തുടരും. ചെന്നൈയില്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി എസ്.കെ.നായരാണ് ടീമിനെ പ്രഖ്യാപിച്ചത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കിരണ്‍ മോറെയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ടെസ്റ് ടീം: രാഹുല്‍ ദ്രാവിഡ് (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ് (വൈസ് ക്യാപ്റ്റന്‍), സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍കര്‍, വി.വി.എസ്.ലക്ഷ്മണ്‍, യുവരാജ്സിംഗ്, മുഹമ്മദ് കെയ്ഫ്, ഗൗതം ഗംഭീര്‍, എം.എസ്.ധോണി, മുരളി കാര്‍ത്തിക്, അനില്‍ കുംബ്ലെ, അജിത് അഗാര്‍കര്‍, ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍സിംഗ്, ആര്‍.പി.സിംഗ്.