കൊല്‍ക്കത്ത: 40 ലക്ഷം രൂപ വാങ്ങിയാണ് ശ്രീശാന്ത് ഒത്തുകളിച്ചതെങ്കില്‍ അത് മഹാമണ്ടത്തരമായിപ്പോയി എന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. 40 ലക്ഷം രൂപ കൊണ്ട് എന്തുചെയ്യാനാണ് എന്നും ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ സമ്പാദിക്കാമായിരുന്നില്ലേ എന്നും ശ്രീശാന്തിനോട് കൊല്‍ക്കത്തയുടെ രാജകുമാരന്‍ ചോദിക്കുന്നു.
പ്രതിഭയെ നശിപ്പിച്ചുകളയലാണ് ശ്രീശാന്ത് ചെയ്തത് എന്നാണ് സൗരവ് ഗാംഗുലി ശ്രീയെക്കുറിച്ച് പറഞ്ഞത്. ഇത്രയധികം പ്രതിഭ നിങ്ങള്‍ക്ക് ലഭിക്കുകയും അത് വെറുതെ കളയുകയും ചെയ്യുന്നത് അസംബന്ധമാണ്. 40 ലക്ഷം രൂപ കൊണ്ട് നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും?

ഒരു ടെസ്റ്റ് പരമ്പരയില്‍ നിന്ന് കിട്ടാവുന്ന പണമേയുള്ളൂ ഇത്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 20 വിക്കറ്റെടുത്താല്‍ ഇതിന്റെ എത്രയോ ഇരട്ടി പണം കിട്ടും. ഐ പി എല്ലിന്റെ ഒരു സീസണില്‍ കളിച്ചാല്‍ ഇതിന്റെ എത്രയോ മടങ്ങ് പണം കിട്ടും. ശ്രീശാന്ത് പണം വാങ്ങിയോ ഇല്ലയോ എന്ന് എനിക്കറിയില്ല. വാങ്ങിയെങ്കില്‍ പക്കാ അസംബന്ധമായിപ്പോയി അത്.
കോഴവിവാദം ഇന്ത്യയിലെ ക്രിക്കറ്റിനെ ബാധിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു സൗരവ് ഗാംഗുലിയുടെ മറുപടി. എല്ലാ കുളത്തിലും ഒരു ചീത്ത മീന്‍ ഉണ്ടാകും. എല്ലാ നദിയിലും രണ്ടോ മൂന്നോ ചീത്ത മീന്‍ ഉണ്ടാകും. എന്ന് കരുതി ആ കുളമോ, നദിയോ മോശമാണ് എന്നല്ല - ഗാംഗുലി പറഞ്ഞു. ശ്രീശാന്ത്, ചവാന്‍, ചന്ദില എന്നീ രാജസ്ഥാന്‍ റോയല്‍സ് കളിക്കാരാണ് ഒത്തുകളിയില്‍ അറസ്റ്റിലായത്. ശ്രീശാന്ത് ഇപ്പോള്‍ ജാമ്യത്തിലാണ്.