കറാച്ചി: പാകിസ്ഥാനെതിരായ നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റിനുള്ളില്‍ ഇന്ത്യന്‍ ടീമില്‍ സൗരവ് ഗാംഗുലിയെ ഉള്‍പ്പെടുത്തിയേക്കും.
രണ്ടാം ടെസ്റില്‍ നിന്ന് വ്യത്യസ്തമായി നാല് ബൗളര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഫൈസലാബാദ് ടെസ്റില്‍ അഞ്ച് ബൗളര്‍മാരെയാണ് ഇന്ത്യ കളിപ്പിച്ചിരുന്നത്. ഗാംഗുലി ടീമിലെത്തുന്നതോടെ ഇതുവരെ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ കഴിയാതെ പോയ സ്പിന്നര്‍ ഹര്‍ഭജന്‍സിംഗിനെ ഇന്ത്യ ഒഴിവാക്കിയേക്കും.
വിരസമായ ആദ്യ രണ്ട് ടെസ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഫലം ഉണ്ടാകാന്‍ സാധ്യതയുള്ള പിച്ചാണ് കറാച്ചിയില്‍ ഒരുക്കാനിടയുള്ളത്. പുല്ലുള്ള പിച്ച് ഫാസ്റ് ബൗളര്‍മാരെ തുണയ്ക്കുമെന്നാണ് പ്രതീക്ഷ.
പരിക്കില്‍ നിന്ന് മോചിതനായ അജിത് അഗാര്‍കറിനെയും ഇന്ത്യ അന്തിമ ഇലവനിലേക്ക് പരിഗണിക്കുന്നുണ്ട്. അഗാര്‍കര്‍ രണ്ടാം ടെസ്റില്‍ കളിച്ചിരുന്നില്ല. അതേ സമയം രണ്ടാം ടെസ്റില്‍ ഏഴ് വിക്കറ്റ് കൊയ്ത സഹീര്‍ഖാനെയും അഞ്ച് വിക്കറ്റ് നേട്ടത്തോടെ തന്റെ പ്രഥമ ടെസ്റില്‍ മാന്‍ ഒഫ് ദി മാച്ചായ ആര്‍.പി.സിംഗിനെയും തഴയാനുമാവില്ല. ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനു പുറമെ ഈ മൂന്ന് ബൗളര്‍മാരില്‍ രണ്ടു പേരായിരിക്കും ഇന്ത്യയുടെ പേസ് ആക്രമണത്തിന് കരുത്തേകുക.
പാകിസ്ഥാന്‍ ടീമില്‍ പരിക്കില്‍ നിന്ന് മോചിതനല്ലാത്ത ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് കളിക്കാനിടയില്ല. ഇന്‍സമാമിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ യൂനിസ്ഖാനായിരിക്കും ടീമിനെ നയിക്കുക.