ദില്ലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ ഉള്‍പ്പെടുത്തി. പത്ത് മാസത്തെ ഇടവേളക്കു ശേഷമാണ് ഗാംഗുലി ടീമില്‍ തിരിച്ചെത്തുന്നത്.
ഇന്ത്യക്കു വേണ്ടി പാകിസ്ഥാനെതിരെയാണ് ഗാംഗുലി ഒടുവിലായി കളിച്ചത്. ബംഗാള്‍ രഞ്ജി ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നുള്ള രാജി ബുധനാഴ്ച ഗാംഗുലി പ്രഖ്യാപിച്ചിരുന്നു.
ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പരിചയസമ്പന്നരായ കളിക്കാരെ ടീമിലേക്ക് കൊണ്ടുവരുന്നതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദിലീപ് വെംഗ്സാര്‍ക്കര്‍ പറഞ്ഞു.
ഡിസംബര്‍ 15നാണ് മൂന്ന് ടെസ്റുകളുള്ള പരമ്പര ആരംഭിക്കുന്നത്. ടീമിനെ രാഹുല്‍ ദ്രാവിഡ് നയിക്കും. വി.വി.എസ്.ലക്ഷ്മണാണ് വൈസ് ക്യാപ്റ്റന്‍. ദില്ലി ഓപ്പണര്‍ ഗൗതം ഗംഭീറിനെയും പഞ്ചാബ് പേസ് ബൗളര്‍ വി.ആര്‍.വി.സിംഗിനെയും ടീമില്‍ ഉള്‍പ്പെടുത്തി. ഏകദിന സ്ക്വാഡിലുണ്ടായിരുന്ന മുഹമ്മദ് കൈഫ്, സുരേഷ് റെയ്ന, ദിനേശ് മോംഗിയ, അജിത് അഗാര്‍കര്‍ എന്നിവരെ ടെസ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എസ്.ശ്രീശാന്തിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
ടീം അംഗങ്ങള്‍: രാഹുല്‍ ദ്രാവിഡ് (ക്യാപ്റ്റന്‍), വി.വി.എസ്.ലക്ഷ്മണ്‍, സൗരവ് ഗാംഗുലി, വസീം ജാഫര്‍, വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി, ദിനേശ് കാര്‍ത്തിക്, ഇര്‍ഫാന്‍ പഠാന്‍, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ്, മുനഫ് പട്ടേല്‍, സഹീര്‍ഖാന്‍, എസ്.ശ്രീശാന്ത.്