
ഇംഗ്ലണ്ടിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ടോസ് നേടി ബാറ്റു ചെയ്ത ഹോളണ്ട് റയന്‍ ടെന്‍ഡസ്‌ചേറ്റിന്റെ(119) കന്നി ലോകകപ്പ് സെഞ്ച്വറിയുടെ ബലത്തില്‍ 292 റണ്‍സാണ് അടിച്ചുകൂട്ടിയത്. രണ്ട് വിക്കറ്റെടുത്ത് ബൗളിങിലും ഡസ്‌ചേറ്റ് തിളങ്ങിയെങ്കിലും അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ വേറാരുമില്ലാത്തത് ഇംഗ്ലണ്ടിന് തുണയായി. എട്ടു പന്ത് ബാക്കിനില്‌ക്കെ നാലു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഓറഞ്ച് പടയുടെ വിപ്ലവമോഹങ്ങള്‍ ഇംഗ്ലണ്ട് അടിച്ചമര്‍ത്തിയത്.
ക്യാപ്റ്റന്‍ സ്‌ട്രോസും(88) കെവിന്‍ പീറ്റേഴ്‌സണും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ നേടിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുത്തത്. ക്യാപ്റ്റന്‍ സ്‌ട്രോസിനു പുറമെ ജോനാഥന്‍ ട്രോട്ടും(62) ഇംഗ്ലണ്ടിനുവേണ്ടി അര്‍ധസെഞ്ച്വറി കുറിച്ചു. ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്മാരെല്ലാം ടീം ടോട്ടലിലേക്ക് തരക്കേടില്ലാതെ സംഭാവന ചെയ്തു.
സെഞ്ച്വറി നേടുകയും രണ്ടു വിക്കറ്റിനുടമയാവുകയും ചെയ്ത ഡസ്‌ചേറ്റാണ് കളിയിലെ താരം. ഡസ്‌ചേറ്റിന്റെ കന്നി ലോകകപ്പ് സെഞ്ച്വറിയാണിത്. ആദ്യം പിച്ചു പഠിച്ച ഡസ്‌ചേറ്റ് പിന്നീടാണ് തത്സ്വരൂപം പുറത്തെടുത്തത്. ആദ്യ റണ്‍ സ്‌കോര്‍ ചെയ്യാന്‍ 12 റണ്‍ പാഴാക്കിയ ഡസ്‌ചേറ്റ് പിന്നീട് ഇംഗ്ലണ്ടിന്റെ ബൗളര്‍മാരെയെല്ലാം കൂസലില്ലാതെ നേരിട്ടു. 98 പന്തില്‍ സെഞ്ച്വറി നേടി ഡസ്‌ചേറ്റ് ഒറ്റയ്ക്ക് ഹോളണ്ടിനെ ചുമലിലേറ്റുകയായിരുന്നു. മൂന്നു സിക്‌സറുകള്‍ക്കു പുറമെ ഒമ്പത് ബൗണ്ടറിയും ഡസ്‌ചേറ്റ് നേടിയിരുന്നു. ഏകദിനത്തില്‍ ഡസ്‌ചേറ്റിന്റെ നാലാമത്തെ സെഞ്ച്വറിയാണിത്. കൂപ്പര്‍(47), ക്യാപ്റ്റന്‍ പീറ്റര്‍ ബോറന്‍(35 നോട്ടൗട്ട്), ബറേസി(29), ഗ്രൂത്ത്(28) എന്നിവരും ഹോളണ്ടിന്റെ സ്‌കോര്‍ 300നടുത്തേക്ക് എത്തിച്ചു. ഹോളണ്ട് നേടിയ 292 റണ്‍സ്, ഏകദിനത്തില്‍ ഒരു ടെസ്റ്റ് ടീമിനെതിരെ അവരുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്.