ദില്ലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ടെസ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് തികച്ചു. ദില്ലിയില്‍ നടക്കുന്ന ഇന്ത്യാ-ശ്രീലങ്ക രണ്ടാംടെസ്റിന്റെ രണ്ടാം ഇന്നിംഗ്സിലാണ് ദ്രാവിഡ് ഈ നേട്ടം കരസ്ഥമാക്കിയത്.
ടെസ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് കരസ്ഥമാക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് രാഹുല്‍ ദ്രാവിഡ്. ദ്രാവിഡിന് മുന്‍പ് സുനില്‍ ഗവാസ്കറും (10,122) സച്ചിന്‍ ടെണ്ടുല്‍ക്കറും മാത്രമാണ് (10,281) ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ള ഇന്ത്യന്‍ കളിക്കാര്‍.
ശ്രീലങ്കയുടെ ദില്‍ഹാര ഫെര്‍ണാണ്ടസിന്റെ പന്ത് ബൗണ്ടറി കടത്തി 50 റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് ദ്രാവിഡ് ഈ നേട്ടത്തിനര്‍ഹനായത്. 75 പന്തില്‍ നിന്നും അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയ ദ്രാവിഡ് 53 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ റണ്ണൗട്ടായി.
ടെസ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് നേടുന്ന 15-ാമത്തെ ബാറ്റ്സ്മാനാണ് ദ്രാവിഡ്. ഇപ്പോള്‍ കളിക്കുന്ന ബാറ്റ്സ്മാന്‍മാരില്‍ സച്ചിനെ കൂടാതെ വെസ്റിന്റീസിന്റെ ബ്രയന്‍ ലാറയും (11,204) പാകിസ്ഥാന്റെ ഇന്‍സമാം ഉള്‍ ഹഖും (8,052)മാത്രമാണ് ടെസ്റ് ക്രിക്കറ്റില്‍ ദ്രാവിഡിനേക്കാള്‍ റണ്‍സ് നേടിയിട്ടുള്ളത്.