മൊഹാലി:ആവേശം അതിരുകടന്ന ഇന്ത്യ-പാക് ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്താന്റെ അപ്പാടെ തറപറ്റിച്ച് ഇന്ത്യ ഫൈനലിലെത്തി. ഏപ്രില്‍ രണ്ടിന് മുംബൈയില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഇത് മൂന്നാം തവണയാണ് ഇന്ത്യ ലോക കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ എത്തുന്നത്.

ഇന്ത്യ പടുത്തുയര്‍ത്തിയ 261 എന്ന വിജയലക്ഷ്യം കാണുന്നതില്‍ തുടക്കം മുതല്‍ തന്നെ പാകിസ്ഥാന്‍ പതറി. സച്ചിനെ സെഞ്ചുറി എടുക്കാന്‍ അനുവദിച്ചില്ലെന്നതൊഴിച്ചാല്‍ പാകിസ്ഥാന് മേനി പറയാന്‍ കളിയില്‍ ഒന്നും ഉണ്ടായില്ല. തുടക്കം മുതല്‍ തന്നെ ഇന്ത്യ തങ്ങളുടെ ആധിപത്യം ഉറപ്പിച്ച മട്ടായിരുന്നു. ഓരോ പന്ത് കഴിയുമ്പോഴും ആ ആധിപത്യം കൂടികൂടി വന്നു.
44 റണ്‍സിലെത്തിയപ്പോള്‍ തന്നെ പാകിസ്ഥാന്റെ ആദ്യ വിക്കറ്റ് വീണു. കമ്രാന്‍ അക്മലാണ് ആദ്യം പുറത്തായത്. സഹീര്‍ ഖാന്റെ പന്ത് യുവരാജാണ് കൈക്കലാക്കിയത്. 70 റണ്‍സിലെത്തിയപ്പോള്‍ രണ്ടാമത്തെ വിക്കറ്റും വീണു. മുഹമ്മദായിരുന്നു രണ്ടാമത്തെ ഇര. ഇത്തവണ പാട്ടീലിന്റെ പന്ത് ധോണിപിടിച്ചു. 103 റണ്‍സിലെത്തിയപ്പോള്‍ ഷഫീക്കും 106 ലെത്തിയപ്പോള്‍ യൂനസ് ഖാനും പുറത്ത്.
യുവരാജിന്റെ പന്തില്‍ ആസാദ് ഷഫീഖ് ബൗള്‍ഡായപ്പോള്‍ യൂനസ് ഖാനെ യുവരാജിന്റെ തന്നെ പന്തില്‍ റൈനയാണ് പിടിച്ചത്. 25.4 ഓവറിലായിരുന്നു ഇത്. ഇതോടെ കളിയുടെ ഗതി നിര്‍ണയിയ്ക്കുന്ന രണ്ട് വിക്കറ്റുകള്‍ യുവരാജിന് സ്വന്തമായി. ജയം കാണാന്‍ റണ്‍ റേറ്റ് ആറിലേറെ വേണ്ടപ്പോള്‍ പാകിസ്ഥാന്‍ 4.16 ല്‍ ഇഴയുകയായിരുന്നു അപ്പോള്‍. നാല് വിക്കറ്റും നഷ്ടപ്പെട്ടതോടെ പാകിസ്ഥാന്‍ പരുങ്ങലിലായി. കളിയുടെ ദിശ തന്നെ ഇത് മാറ്റി.
ഭീതി പരത്തിയ സിക്സറുകള്‍
എന്നാല്‍ 29.3 ഓവറില്‍ യുവരാജിന്റെ പന്ത് തറതൊടാതെ ബൗണ്ടറിയ്ക്ക് പുറത്തേയ്ക്ക് അക്മല്‍ പറത്തിയത് ഇന്ത്യന്‍ കാണികളില്‍ ആശങ്ക ജനിപ്പിച്ചു. കളിയുടെ ഗതി അക്മല്‍ മാറ്റുമോയെന്ന ആശങ്ക... പന്ത് പുറത്തേയ്ക്ക് പാഞ്ഞപ്പോള്‍ ധോണിയില്‍ നിന്നുയര്‍ന്ന യുവീ... എന്ന വിളി ഇന്ത്യന്‍ ടീമിലും ആശങ്ക ഉണര്‍ത്തിയത് വെളിപ്പെടുത്തി. 31.3 ഓവറില്‍ വീണ്ടും അക്മല്‍ ആറ് റണ്‍സ് നേടി യുവരാജിനെ ഞെട്ടിച്ചു. പക്ഷേ ആ കളി ഏറെ നീണ്ടില്ല.
അക്മലും റസാഖും പുറത്ത്
പക്ഷേ വൈകിയില്ല. 33-ാമത്തെ ഓവറില്‍ ഹര്‍ഭജന്റെ ആദ്യ പന്തില്‍ അക്മല്‍ ബൗള്‍ഡായി. ഇതോടെ ഇന്ത്യ കളി കൈപ്പിടിയിലൊതുക്കുന്ന അവസ്ഥയിലെത്തി. ഈ അവസ്ഥയില്‍ വിജയിയ്ക്കാന്‍ പാകിസ്ഥാന് വേണ്ട റണ്റേറ്റ് 7.24 ആയിരുന്നു. അവര്‍ നേടിയത് 4.26 മാത്രം.
36-ാമത്തെ ഓവര്‍ എറിഞ്ഞത് മുനാഫ് പട്ടേലായിരുന്നു. ഇതിലെ രണ്ടാമത്തെ പന്തില്‍ റസാഖിനെ മുനാഫ് ബൗള്‍ഡാക്കി. അങ്ങനെ ആറാമത്തെ വിക്കറ്റും വീണു. കഴുത്തോളം മുങ്ങിയ പാകിസ്ഥാന് ഇനിയും കരകയറുക എളുപ്പമല്ല. ഈ വിക്കറ്റും കൂടി വീണതോടെ ഇന്ത്യയിലെമ്പാടും ആരാധകര്‍ പടക്കം പൊട്ടിച്ച് തുടങ്ങിയിരുന്നു. തുടര്‍ച്ചയായല്ല. വല്ലപ്പോഴും മാത്രം. ഈ അവസരത്തില്‍ പാകിസ്ഥാന് ജയിയ്ക്കാന്‍ വേണ്ട റണ്‍റേറ്റ് 8.34
വമ്പ് പറഞ്ഞ അഫ്രീദിയും പുറത്ത്
നാല്പത്തി രണ്ടാമത്തെ ഓവറിലെ അഞ്ചാമത്തെ പന്തില്‍ പാകിസ്ഥാന്റെ ക്യാപ്റ്റന്‍ അഫ്രീദി പുറത്തായി. (184/7) ഒരു പക്ഷേ കളിയുടെ ഗതിമാറ്റുമെന്ന് കരുതിയ അഫ്രീദി പുറത്തായതോടെ ഇന്ത്യന്‍ ടീമില്‍ ആവേശതള്ളലായിരുന്നു. ഗ്യാലറിലിയും അത് പടര്‍ന്നു. ഹര്‍ഭജന്റെ പന്ത് സേവാഗ് പിടിച്ചാണ് അഫ്രീദി പുറത്തായത്.
45 -ാമത്തെ ഓവറിലെ അഞ്ചാമത്തെ പന്തില്‍ റിയാസും പുറത്തായി. നെഹ്റയുടെ പന്ത് ടെന്റുല്‍ക്കറാണ് പിടിച്ചത് (199/8). 47-ാമത്തെ ഓവറിലെ ആദ്യ പന്തില്‍ നെഹ്റ ഉമര്‍ ഗുലിനെ എല്‍ബിഡബ്ലിയു ആക്കി. ഇനി വിജയത്തിലേയ്ക്കുള്ള ദൂരം ഒരു വിക്കറ്റ് മാത്രം. അമ്പതാമത്തെ ഓവറിലെ അഞ്ചാമത്തെ പന്തില്‍ സഹീര്‍ ഖാന്റെ പന്ത് കോഹ്ലി പിടിച്ച് മിസ്ബ പുറത്തായതോടെ പാകിസ്താന്‍ ലോക കപ്പ് ക്രിക്കറ്റില്‍ നിന്ന് പുറത്തായി.
പാക്കിന്റെ വിജയലക്ഷ്യം 261 റണ്‍സ്
മൊഹാലി:ആവേശം അതിരുകടന്ന ഇന്ത്യ-പാക് ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്താന്റെ വിജയലക്ഷ്യം 261 റണ്‍സ്. സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെടാതെ മുന്നില്‍ നിന്ന് നയിച്ച സച്ചിന്‍ നേടിയ 85 റണ്‍സാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. സ്‍കോര്‍ ഇന്ത്യ 9ന് 260
വീരേന്ദര്‍ സേവാഗിന്റെ തകര്‍പ്പനടിയോടെയായിരുന്നു ഇന്ത്യന്‍ ഇന്നിങ്സ് തുടങ്ങിയത്. ആഞ്ഞടിച്ച സേവാഗ് 38ല്‍ പുറത്തായതോടെ ഇന്ത്യന്‍ സ്കോറിങിന് വേഗം കുറഞ്ഞു. പിന്നീട് ക്രീസിലെത്തിയ ഗംഭീറും (27) സച്ചിന് പിന്തുണ നല്‍കി. ഗംഭീര്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കോഹ്‍ലിയ്ക്കും യുവരാജിനും പിടിച്ചുനില്‍ക്കാനായില്ല. റിയാസിന്റെ പന്തില്‍ ഉമര്‍ അക്മല്‍ പിടിച്ചാണ് കോഹ്‍ലി പുറത്തായത്. തൊട്ടടുത്ത പന്തില്‍ പൂജ്യം റണ്‍സുമായി യുവരാജും ഡ്രസിങ് റൂമിലേക്ക് മടങ്ങി. മിഡില്‍ സ്റ്റന്പ് തെറുപ്പിച്ചാണ് റിയാസ് പാകിസ്താന് മുന്‍ കൈ നേടിക്കൊടുത്തത്.
എന്നാല്‍ ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോഴും പാക് ബൗളര്‍മാരെ കൂസാതെ ബാറ്റേന്തിയ സച്ചിന് ഭാഗ്യത്തിന്റെ തുണയുമുണ്ടായിരുന്നു. എന്നാല്‍ സ്കോര്‍ 85 നില്‍ക്കെ നൂറാം സെഞ്ചുറിയെന്ന നേട്ടം ബാക്കിയാക്കി സച്ചിന്‍ പവലിയനിലേക്ക് മടങ്ങി. സച്ചിനെ സെഞ്ചുറിയെടുക്കാന്‍ അനുവദിയ്ക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ പാക് ക്യാപ്റ്റന്‍ ആഫ്രിദിയാണ് സച്ചിനെ ക്യാച്ചെടുത്ത് പുറത്താക്കിയത്. സ്‌കോര്‍ 85ല്‍ നില്‍ക്കെ അജ്മലിന്റെ പന്ത് നേരിട്ട സച്ചിനെ കവറില്‍ ആഫ്രിദി പിടിച്ചു പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി 25 റണ്‍സെടുത്ത് ഔട്ടായി. റിയാസിന്റെ പന്തില്‍ ധോണി എല്‍ബിഡബ്ല്യുവില്‍ കുരുങ്ങുകയായിരുന്നു.
അവസാന ഓവറുകളില്‍ പുറത്താവാതെ റെയ്നയും(36) ഹര്‍ഭജനും (16)നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ സ്കോര്‍ 250 കടത്തിയത്. 250ന് മേലുള്ള സ്കോര്‍ രാത്രിപകല്‍ മത്സരത്തില്‍ മൊഹാലിയിലെ പിച്ചില്‍ ചേസ് ചെയ്യുക ബുദ്ധിമുട്ട് തന്നെയാണെന്നാണ് വിലയിരുത്തല്‍. പാക് ബാറ്റിങിന്റെ ദൗര്‍ബല്യങ്ങളും ഇന്ത്യയ്ക്ക് ഗുണകരമായേക്കും.
ധോണിയും പുറത്ത്
സച്ചിന്റെ പുറത്താകലിന് പിന്നാലെ ക്യാപ്റ്റന്‍ ധോണിയെയും ടീം ഇന്ത്യയ്ക്ക് നഷ്ടമായി. റിയാസിന്റെ പന്തില്‍ ധോണി എല്‍ബിഡബ്ല്യുവില്‍ കുരുങ്ങുകയായിരുന്നു. 42 പന്തില്‍ 25 റണ്‍സാണ് ധോണിയുടെ സന്പാദ്യം. ധോണി റിവ്യൂവിന് അപ്പീല്‍ ചെയ്തെങ്കിലും തേഡ് അന്പയര്‍ ഔട്ട് വിധിയ്ക്കുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ രണ്ട് റിവ്യൂ അവസരങ്ങളും ഉപയോഗിച്ചു കഴിഞ്ഞു. ധോണിയ്ക്ക് ശേഷം ഹര്‍ഭജന്‍ സിങാണ് ക്രീസിലെത്തിയിരിക്കുന്നത്. പത്ത് റണ്‍സെടുത്ത് നില്‍ക്കുന്ന റെയ്ന മാത്രമാണ് ഇനിയുള്ള ഔദ്യോഗിക ബാറ്റ്സ്മാന്‍.
സച്ചിന്റെ ക്യാച്ച് ആഫ്രിദിയ്ക്ക്
നൂറാം സെഞ്ചുറിയെന്ന സുവര്‍ണനേട്ടം 15 റണ്‍സകലെ വെച്ച് സച്ചിന് നഷ്ടമായി. സച്ചിനെ സെഞ്ചുറിയെടുക്കാന്‍ അനുവദിയ്ക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ പാക് ക്യാപ്റ്റന്‍ ആഫ്രിദിയാണ് സച്ചിനെ ക്യാച്ചെടുത്ത് പുറത്താക്കിയത്. സ്‌കോര്‍ 85ല്‍ നില്‍ക്കെ അജ്മലിന്റെ പന്ത് നേരിട്ട സച്ചിനെ കവറില്‍ ആഫ്രിദി പിടിച്ചു പുറത്താക്കുകയായിരുന്നു. 41 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ അഞ്ചിന് 207 റണ്‍സ് എന്ന നിലയിലാണ്. ധോണിയും(25) റെയ്നയു(9)മാണ് ക്രീസില്‍.
സച്ചിന്‍ നയിക്കുന്നു
145 റണ്‍സിന് നാല് വിക്കറ്റ് നഷ്ടമായ ടീം ഇന്ത്യയെ സച്ചിന്‍-ധോണി സഖ്യം മുന്നോട്ട് നയിക്കുന്നു. കരിയറിലെ തൊണ്ണൂറ്റിയഞ്ചാം സെഞ്ചുറി കുറിച്ച സച്ചിന്‍ 77 റണ്‍സെടുത്ത് നൂറം സെഞ്ചുറിയിലേക്കുള്ള കുതിപ്പിലാണ്. 102 പന്താണ് സച്ചിന്‍ നേരിട്ടിരിയ്ക്കുന്നത്. യുവരാജിന്റെ അപ്രതീക്ഷിത പുറത്താകലന് ശേഷമെത്തിയ ക്യാപ്റ്റന്‍ ധോണി മികച്ച പിന്തുണയാണ് സച്ചിന് നല്‍കുന്നത്. 23 പന്തില്‍ 15 റണ്‍സ് ധോണി എടുത്തിട്ടുണ്ട്. ഇവരുടെ കൂട്ടുകെട്ട് ഇതുവരെ 36 റണ്‍സ് നേടിയിട്ടുണ്ട്. 35 ഓവറില്‍ 179 റണ്‍സ് നേടിയ ഇന്ത്യ സ്കോര്‍ 250 കടക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.
പാക് പിടിമുറുക്കുന്നു; 4 വിക്കറ്റ് നഷ്ടമായി
25 ഓവര്‍ പിന്നിടുന്പോള്‍ പാക് ടീം ഇന്ത്യയ്ക്ക് മേല്‍ പിടിമുറുക്കുന്നു. ക്വാര്‍ട്ടര്‍ ഫൈനലിലെ ഹീറോകളായ വിരാട് കോഹ്‍ലിയുടെയും യുവരാജിന്റെയും വിക്കറ്റുകള്‍ പിഴുതു കൊണ്ടാണ് പാകിസ്താന്‍ മത്സരത്തിലേക്ക് തിരിച്ചുവന്നിരിയ്ക്കുന്നത്. റിയാസിന്റെ പന്തില്‍ ഉമര്‍ അക്മല്‍ പിടിച്ചാണ് കോഹ്‍ലി പുറത്തായത്. തൊട്ടടുത്ത പന്തില്‍ പൂജ്യം റണ്‍സുമായി യുവരാജും ഡ്രസിങ് റൂമിലേക്ക് മടങ്ങി. മിഡില്‍ സ്റ്റന്പ് തെറുപ്പിച്ചാണ് റിയാസ് പാകിസ്താന് മുന്‍ കൈ നേടിക്കൊടുത്തത്. 75 പന്തില്‍ 60 റണ്‍സുമായി സച്ചിന്‍ തന്നെയാണ് ഇന്ത്യന്‍ സ്കോര്‍ മുന്നോട്ട് നയിക്കുന്നത്. സച്ചിന്‍ 95ാം അര്‍ദ്ധ സെഞ്ചുറിയാണ് മത്സരത്തില്‍ നേടിയിരിക്കുന്നത്.
ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം
ലോകകപ്പ് ക്രിക്കറ്റിന്റെ സ്വപ്നസെമിഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം ഓപ്പണര്‍മാരുടെ മികവില്‍ ഇന്ത്യ 16 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നൂറ് കടന്നു. കിടിലന്‍ ഫോമിലായിരുന്ന സേവാഗിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. സെവാഗിനെ വഹാബ് റിയാസ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. 25 പന്തുകളില്‍ നിന്ന് ഒമ്പത് ബൌണ്ടറികള്‍ ഉള്‍പ്പടെ 38 റണ്‍സാണ് സെവാഗ് എടുത്തത്.
ഉമര്‍ ഗുല്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഒരു ബൌണ്ടറിയാണ് സെവാഗ് നേടിയത്. എന്നാല്‍ മൂന്നാം ഓവറില്‍ അഞ്ച് തവണയാണ് ഉമര്‍ഗുലിനെ സെവാഗ് അതിര്‍ത്തി കടത്തിയത്. പിന്നീടും മൂന്ന് തവണ സെവാഗ് പാക് ബൌളര്‍മാരെ അതിര്‍ത്തിയിലെത്തിച്ചു. എന്നാല്‍ ബൌളിംഗ് മാറ്റമുണ്ടായ ആറാം ഓവറിലെ അഞ്ചാം പന്തില്‍ വഹാബ് റിയാസ് സെവാഗിനെ പുറത്താക്കി. സ്കോര്‍ 116ല്‍ നില്‍ക്കെ ഗംഭീറും പുറത്തായി. 32 പന്തില്‍ 27 റണ്‍സാണ് ഗംഭീറിന്റെ സന്പാദ്യം. ഹഫീസിന്റെ പന്ത് നേരിട്ട ഗംഭീറിന്റെ വിക്കറ്റ് കമ്രാന്‍ പിഴുതെടുക്കുകയായിരുന്നു.
തുടരെ തുടരെ പുറത്താകല്‍ ഭീഷണി നേരിട്ട സച്ചിനാണ് ഇന്ത്യന്‍ സ്കോറിനെ മുന്നോട്ട് നയിക്കുന്നത്. സച്ചിന്‍ 49 പന്തില്‍ 39 റണ്‍സ് എടുത്തിട്ടുണ്ട്. ആദ്യം എല്‍ബിയും പിന്നിട് ഒരു സ്റ്റന്പിങുമാണ് സച്ചിന്‍ അതിജീവിച്ചത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് പേസര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. നെഹ്ര ടീമില്‍ തിരിച്ചെത്തിയിയിട്ടുണ്ട്. അശ്വിനെ പുറത്തിരുത്തി.
നെഹ്റ ടീമില്‍; ഇന്ത്യ ബാറ്റിങ് തുടങ്ങി
മൊഹാലി: ലോകം ഉറ്റുനോക്കുന്ന മത്സരമായി മാറിയ ഇന്ത്യ-പാക് മത്സരത്തില്‍ ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.സ്പിന്നര്‍ അശ്വിന് പകരം ആശിഷ് നെഹ്‌റയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരെ ക്വാര്‍ട്ടര്‍ കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്.
ഓസ്‌ട്രേലിയക്കെതിരെ നിറം മങ്ങിയ മുനാഫ് പട്ടേലിനെ ഇന്ത്യ ടീമില്‍ നിലനിര്‍ത്തി.ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം കാണുന്നതിനും അതിലൂടെയുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കുമായി പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി ഇന്ത്യയിലെത്തിയിട്ടുണ്ട്.പാകിസ്ഥാന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ 12.20ഓടെ ചണ്ടീഗഡിലെത്തിയ ഗിലാനിയെ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റും, മറ്റ് സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.
കഴിഞ്ഞ രാത്രി തകര്‍ത്തു പെയ്ത മൊഹാലിയില്‍ ബുധനാഴ്ച തെളിഞ്ഞ കാലാവസ്ഥയാണ്. അതുകൊണ്ടു തന്നെ ഗ്രൗണ്ട് ഉണക്കാന്‍ ഫാന്‍ ഉപയോഗിക്കേണ്ടി വരില്ലെന്ന് അധികൃതര്‍. അതേ സമയം വൈകുന്നേരമാകുന്നതോടെ ചെറിയ തോതില്‍ മഴയുണ്ടാകുവാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.