മെല്‍ബണ്‍: അദ്‌ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഓസ്‌ട്രേലിയന്‍ മണ്ണിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം കയ്‌പേറിയ ഓര്‍മ്മയാകും. രണ്ടു ദിവസവും 10 വിക്കറ്റും ശേഷിക്കെ 499 എന്ന അസാധ്യമെന്ന് തന്നെ കരുതാവുന്ന സ്‌കോറാണ് ഓസീസ് മുന്നോട്ടു വച്ചിട്ടുള്ളത്.
ഇതിനു മുമ്പ് മൂന്നു തവണയെ ഏതെങ്കിലും ഒരു ടീം 400ന് മുകളിലുള്ള സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ചിട്ടുള്ളു. 2003 ല്‍ വെസ്റ്റിന്‍ഡീസ് ഓസ്‌ട്രേലിയക്കെതിരെ 418 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് ഏറ്റവും വലിയ വിജയം . 1976ല്‍ ഇന്ത്യ വെസ്‌റ്റിന്‍ഡീസിനെതിരെ 406 റണ്‍സ് നേടി ജയിച്ചിരുന്നു. കൂടാതെ 1948ല്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ 404 റണ്‍സ് വിജയ ലക്ഷ്യം പിന്‍തുടര്‍ന്ന് തോല്‌പിച്ചിരുന്നു. ചരിത്രം ഇതായിരിക്കെ ഇന്ത്യ വിജയിക്കാനുള്ള സാധ്യത വിദൂരമാണ്.
വിക്കറ്റൊന്നും നഷ്ടപ്പെടാതെ മൂന്നാം ദിവസം കളിക്കാനിറങ്ങിയ ഓസീസ് ബാറ്റ്‌സ്‌മാന്‍മാരുടെ ശരീര ചലനങ്ങളില്‍ നിന്നു തന്നെ അവരുടെ ലക്ഷ്യം വ്യക്തമായിരുന്നു. ഉയര്‍ന്ന സ്‌കോര്‍ നേടി ഇന്ത്യക്കാരെ സമ്മര്‍ദ്ദത്തിലാഴ്‌ത്തുക.
ഈ ലക്ഷ്യവുമായി തുടക്കം മുതലേ അക്രമിച്ചു കളിച്ച ഹെയ്‌ഡന്‍ ഹര്‍ഭജന്റെ പന്തില്‍ ഗാംഗുലി പിടിച്ചു പുറത്താകുമ്പോഴേക്കും 47 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തിരുന്നു. ആറു ഫോറുകള്‍ ഉള്‍പ്പെട്ടാതായിരുന്നു ഹെയ്‌ഡന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നു വന്ന പോണ്ടിംഗ് വീണ്ടും പരാജയപ്പെട്ടു. മൂന്ന് റണ്‍സ് മാത്രമാണ് പോണ്ടിംഗിന്റെ സംഭാവന.
മൈക്ക് ഹസിയും (36) സിമണ്ട്‌സും (44) അവരവരുടെ റോളുകള്‍ ഭംഗിയായി നിര്‍വഹിച്ചപ്പോള്‍ ന്യൂസിലണ്ട് പര്യടനത്തിലെ താരമായ ഫില്‍ ജാക്വിസ്(51) രണ്ടാമത്തെ ഇന്നിംഗ്‌സിലും അര്‍ദ്ധ സെഞ്ച്വറി നേടി. ഏഴ് വിക്കറ്റിന് 351 റണ്‍സിന് ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്യുമ്പോള്‍ ഹോഗും(34) ബ്രെറ്റ് ലീ(12)യുമായിരുന്നു ക്രീസില്‍.
ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് ബാറ്റ്‌സ്‌മാന്‍മാരെ തളയ്ക്കാന്‍ കഴിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് രണ്ടാമിന്ന്‌സില്‍ കാഴ്‌ചക്കാരാകാനേ കഴിഞ്ഞുള്ളു. 26 ഓവറില്‍ 103 റണ്‍സ് വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഭജനാണ് വിക്കറ്റ് വേട്ടിയില്‍ മുന്നില്‍. കുംബ്ലെയ്‌ക്ക് രണ്ട് വിക്കറ്റ് കിട്ടി.സഹീര്‍ഖാന്‍, രുദ്ര പ്രതാപ് സിംഗ് എന്നിവരടങ്ങിയ പേസ് പടയ്‌ക്ക് ഓരോ വിക്കറ്റുകള്‍ മാത്രമേ ലഭിച്ചുള്ളു.
രണ്ടാമിന്നിംഗ്‌സില്‍ ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ ആറ് റണ്‍സ് എടുത്തിട്ടുണ്ട്. മൂന്നു റണ്ണുമായി ദ്രാവിഡും രണ്ട് റണ്ണുമായി ജാഫറുമാണ് ക്രീസില്‍.
ഓരോ ദിവസം പിന്നിടും തോറും ബാറ്റിംഗ് ദുഷ്‌ക്കരമാകുന്ന പിച്ചില്‍ രണ്ടു ദിവസം പിടിച്ചു നില്‌ക്കുക അസാധ്യമാകും. ബ്രെറ്റ് ലീയും സ്റ്റുവര്‍ട്ടുമടങ്ങുന്ന പേസ് ബൗളിംഗ് നിരയെ എത്രത്തോളം പ്രതിരോധിക്കാമെന്നതിനെ ആശ്രയിച്ചായിരിക്കും ആദ്യ ടെസ്‌റ്റില്‍ ഇന്ത്യയുടെ ഭാവി.