കിളവന്മാരേ, ഒന്നു മതിയാക്കാമോ?
അഹമ്മദാബാദ് : ക്രിക്കറ്റിന്റെ അഭിമാനസ്തൂപങ്ങളായി കണക്കാക്കിയിരുന്നവരാണ് ഇന്ത്യയുടെ ഇപ്പോഴത്തെ സീനിയര്‍ താരങ്ങളെ ഒരുകാലത്ത്. അവരൊന്നു കളി മതിയാക്കിക്കിട്ടാന്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍.
പ്രതിഭയുടെ മിന്നല്‍ പിണരുകള്‍ ഉതിര്‍ത്താണ് സച്ചിനും ദ്രാവിഡും സൗരവും ക്രിക്കറ്റിന്റെ ലോകത്തേയ്ക്ക് ചുവടു വെച്ചത്. ആരെയും കൊതിപ്പിക്കുന്ന എത്രയോ ഇന്നിംഗ്സുകള്‍ ഇവര്‍ കളിച്ചിട്ടുമുണ്ട്. വല്ലപ്പോഴും വീണു കിട്ടുന്ന ഒന്നോ രണ്ടോ ഇന്നിംഗ്സുകള്‍ക്കായി ഇവര്‍ വഴി മുടക്കുന്നത് എത്രയോ ചെറുപ്പക്കാരുടെ അവസരങ്ങളെയാണ്.
ഹൈദരാബാദ് ടെസ്റ്റിലേറ്റ ദയനീയ പരാജയം ഇന്ത്യയുടെ സീനിയര്‍ താരങ്ങളോട് കര്‍ക്കശമായ സമീപനം സ്വീകരിക്കാന്‍ ബോര്‍ഡിനെയും സെലക്ടര്‍മാരെയും പ്രേരിപ്പിച്ചേക്കാം. ദ്രാവിഡിനും ഗാംഗൂലിക്കും പുറമെ ലക്ഷ്മണും കുംബ്ലെയും എത്രയും വേഗം കളി മതിയാക്കേണ്ടി വന്നേക്കാം.
സൗരവിനും ദ്രാവിഡിനും കുംബ്ലെയ്ക്കും ലക്ഷ്മണിനും മുന്നില്‍ ഏകദിന ടീമിന്റെ വാതില്‍ അടഞ്ഞു കഴിഞ്ഞു. വല്ലപ്പോഴും ബാറ്റിംഗില്‍ തിളങ്ങുന്നുണ്ടെങ്കിലും സൗരവിന്റെ ഫീല്‍ഡിംഗ് ശരാശരിക്കും താഴെയാണ്. പണ്ടേ നല്ല ഫീല്‍ഡര്‍മാരല്ല, സൗരവും ലക്ഷ്മണും കുംബ്ലെയുമൊന്നും.
യുവരാജ്, മുഹമ്മദ് കൈഫ് എന്നിവരുടെ പ്രതിഭയെ ടെസ്റ്റിലേയ്ക്ക് പരിഗണിക്കാന്‍ കടല്‍ക്കിഴവന്മാരുടെ കളിഭ്രമം അനുവദിക്കുന്നില്ല. തളളിപ്പുറത്താക്കിയാലും വിട്ടുപോകാന്‍ തയ്യാറാകാതെ ടീമില്‍ അളളിപ്പിടിച്ചിരിക്കുന്ന സീനിയര്‍ താരങ്ങളോട് മുഖം കറുത്ത് പറയാന്‍ തന്നെ ബോര്‍ഡിലെ ഉന്നതര്‍ തയ്യാറാകുമെന്നാണ് സൂചന.
സച്ചിന്‍ അപ്പോഴും വിഗ്രഹമായി തുടരും. എത്രകാലം കളിക്കണമെന്ന് സച്ചിനാണ് തീരുമാനിക്കേണ്ടത്. മറ്റുളളവരുടെ അന്ത്യകാലം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. സൗരവും ലക്ഷ്മണും ഈ വര്‍ഷം തന്നെ വിരമിക്കേണ്ടി വരും. പിന്നീട് കുംബ്ലെ. അവസാനം ദ്രാവിഡ്. ഇവരൊക്കെ പോയാലും സച്ചിന്‍ ടീമിലുണ്ടാകും.
അടുത്ത ലോകകപ്പിലും തനിക്ക് കളിക്കണമെന്ന് സച്ചിന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. സീനിയര്‍ കളിക്കാരും ധോണിയുടെ നേതൃത്വത്തിലുളള പുതിയ തലമുറയും തമ്മില്‍ ശക്തമായ വേര്‍തിരിവാണ് ടീമിനുളളില്‍ നിലനില്‍ക്കുന്നത്. ഫീല്‍ഡിംഗില്‍ ശോഭിക്കാത്ത മുതിര്‍ന്ന കളിക്കാരെ ഒഴിവാക്കണമെന്ന കടുംപിടിത്തക്കാരനാണ് ധോണി. ചെറുപ്പക്കാരെ അണി നിരത്തി ആക്രമണോത്സുകമായ ക്രിക്കറ്റ് കാഴ്ചവെയ്ക്കണമെന്ന ധോണിയുടെ അഭിപ്രായത്തോടാണ് ബോര്‍ഡിനും സെലക്ടര്‍മാര്‍ക്കും യോജിപ്പ്.
ഒരുകാലത്ത് ലോക ക്രിക്കറ്റിലെ അഭിമാനങ്ങളായിരുന്ന ഇന്ത്യയുടെ ക്രിക്കറ്റ് ത്രിമൂര്‍ത്തികള്‍ക്ക് വേദനാജനകമായ വിടവാങ്ങലാണോ ലഭിക്കുകയെന്ന് കാത്തിരുന്നു തന്നെ കാണാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications