Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അങ്കം മുറുകുന്നു, വെങ്സാര്‍ക്കര്‍ രാജിയ്ക്ക്

Dilip Vengsarkarമുംബെ : ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദിലീപ് വെങ്സാര്‍ക്കറും ബിസിസിഐയും തമ്മിലുളള അങ്കം മുറുകുന്നു. സെലക്ടര്‍മാര്‍ക്ക് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉപാധികളില്ലാതെ പിന്‍വലിച്ചില്ലെങ്കില്‍ സ്ഥാനമൊഴിയുമെന്ന് വെങ്സാര്‍ക്കര്‍ ബിസിസിഐ പ്രസിഡന്റ് ശരദ് പവാറിന് അയച്ച ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

ബിസിസിഐ സെക്രട്ടറി നിരഞ്ജന്‍ഷായെ രൂക്ഷമായാണ് വെങ്സാര്‍ക്കര്‍ തന്റെ ഇമെയില്‍ സന്ദേശത്തില്‍ കുറ്റപ്പെടുത്തുന്നത്. കുഴപ്പങ്ങള്‍ക്കെല്ലാം കാരണം ഷായാണെന്ന് കേണല്‍ തുറന്നടിക്കുന്നു.

സെലക്ടര്‍മാരോടുളള ബിസിസിഐയുടെ പെരുമാറ്റത്തില്‍ തനിക്ക് അമര്‍ഷവും വേദനയുമുണ്ട്. സെലക്ടര്‍മാരുടെ അഭിപ്രായ സ്വാതന്ത്ര്യം തടയുക മാത്രമല്ല ചലിക്കുന്നെങ്കില്‍ പോലും ബിസിസിഐയുടെ അനുവാദം വേണമെന്ന തരത്തില്‍ നിയന്ത്രങ്ങള്‍ കൊണ്ടു വരുന്നത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു സെലക്ടര്‍ മാത്രം അന്താരാഷ്ട്ര മത്സരം മുഴുവനും കാണുക, എല്ലാവരും മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും അകന്നു നില്‍ക്കുക മുതലായ നിബന്ധനകള്‍ അസംബന്ധമാണ്.

ബിസിസിഐയില്‍ സെക്രട്ടറി നിരഞ്ജന്‍ ഷായുടെ തോന്നിയവാസമാണ് നടമാടുന്നതെന്ന് കേണല്‍ ചൂണ്ടിക്കാട്ടുന്നു. തോന്നുമ്പോലെ മീറ്റിംഗുകള്‍ മാറ്റിവെയ്ക്കുക, സെലക്ടര്‍മാരെ ബാധിക്കുന്ന ഒരുകാര്യവും തങ്ങളോട് ആലോചിക്കാതിരിക്കുക ഇതൊക്കെയാണ് ഷായുടെ പ്രവര്‍ത്തന ശൈലി. ഇതുമൂലം വ്യക്തിപരവും പ്രധാനപ്പെട്ടതുമായ മുന്‍പരിപാടികള്‍ പലതും പലപ്പോഴും മാറ്റിവെയ്ക്കേണ്ടി വന്നിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് തീരുമാനിച്ചതായിരുന്ന കൊല്‍ക്കൊത്തയിലെ സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗ്. എല്ലാവരും ആലോചിച്ചാണ് തീയതി നിശ്ചയിച്ചത്. എന്നാല്‍ തന്നിഷ്ടപ്രകാരം ഈ മീറ്റിംഗ് ഡിസംബര്‍ അഞ്ചിന് ബാംഗ്ലൂരിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഒന്നിലധികം തവണ ഇത്തരം പെരുമാറ്റം ഷായുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്.

സെലക്ടര്‍മാര്‍ക്കെതിരെയുളള ഈ നീക്കങ്ങള്‍ക്കു പിന്നില്‍ മുന്‍ ബിസിസിഐ പ്രസിഡന്റ് ബിന്ദ്രെയാണെന്നും വെങ്സാര്‍ക്കര്‍ ആരോപിക്കുന്നു. കഴിഞ്ഞ 15 വര്‍ഷമായി പത്രങ്ങളില്‍ കോളമെഴുതി വരുമാനമുണ്ടാക്കുന്ന തനിക്ക് ബിസിസിഐയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

സെലക്ടര്‍മാരുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ യാതൊരുപാധികളുമില്ലാതെ അടുത്ത യോഗത്തിനു മുന്നേ പിന്‍വലിച്ചില്ലെങ്കില്‍ താന്‍ ഈ സ്ഥാനത്തുണ്ടാവില്ലെന്ന് അറിയിച്ചാണ് വെങ്സാര്‍ക്കര്‍ ഇമെയില്‍ സന്ദേശം അവസാനിപ്പിക്കുന്നത്.

Story first published: Wednesday, December 7, 2011, 14:15 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+