Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദൈവങ്ങള്‍ എഴുന്നെളളി, ഇന്ത്യ തോറ്റു

കൊച്ചി : ഇരുപതോവര്‍ രാജാക്കന്മാരുടെ ക്രിക്കറ്റ് കിരീടം ഇന്ത്യയുടെ തലയിലേറ്റിയ അഹങ്കാരത്തിന്റെ ചീങ്കണ്ണിയെ ആസ്ട്രേലിയക്കാര്‍ കൊച്ചിയിലിട്ട് അടിച്ചു കൊന്ന് അറബിക്കടലിലെറിഞ്ഞു.

ക്രിക്കറ്റ് ദൈവങ്ങള്‍ ഈ ടീമിന് ചുമക്കാന്‍ വയ്യാത്ത ഭാരമാണെന്ന് വീണ്ടും തെളിയിച്ച കൊച്ചി ഏകദിനത്തില്‍ മഴമേഘങ്ങളുടെ കാരുണ്യവും ഇന്ത്യയില്‍ നിന്നകന്നു പോയപ്പോള്‍ ആസ്ട്രേലിയ 84 റണ്‍സിന്റെ ആധികാരിക വിജയം നേടി.

ആസ്ട്രേലിയയുടെ ആറു വിക്കറ്റിന് 306 റണ്‍സിനെതിരെ ഇന്ത്യ 47.3 ഓവറില്‍ 222 റണ്‍സിന് ആയുധം വെച്ച് കീഴടങ്ങി.

307 റണ്‍സെന്ന ആസ്ട്രേലിയയുടെ വന്‍ സ്കോര്‍ പിന്തുടരുമ്പോള്‍ മികച്ച കൂട്ടുകെട്ടുകള്‍ അനിവാര്യമാണെന്ന സ്ക്കൂള്‍ ക്രിക്കറ്റ് പാഠം പോലും മറന്നാണ് ഇരുപതോവര്‍ രാജാക്കന്മാര്‍ കൊച്ചിയില്‍ ബാറ്റേന്തിയത്.

ട്വെന്റിയില്‍ ട്വെന്റിയില്‍ താനും അനിവാര്യമായിരുന്നുവെന്ന് തെളിയിക്കാന്‍ സിക്സര്‍ സാഹസങ്ങള്‍ നടത്തിയ രാഹുല്‍ ദ്രാവിഡും പഴയ പ്രതാപത്തിന്റെ നിഴലു പോലും തന്നില്‍ നിന്നകന്നു പോകുന്നത് തിരിച്ചറിയാത്ത സച്ചിനും ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായക പങ്കുവഹിച്ചു.

15 ഓവറില്‍ മൂന്നു വിക്കറ്റിന് 66 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നതാണ് ആസ്ട്രേലിയ. അടുത്ത 35 ഓവറില്‍ വെറും മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി അവര്‍ അടിച്ചു കൂട്ടിയത് 240 റണ്‍സ്. 50 ഓവര്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ആറുവിക്കറ്റിന് 306 റണ്‍സ് എന്ന സുഭദ്രമായ നിലയിലായിരുന്നു ലോകചാമ്പ്യന്‍മാര്‍.

മറുപടി പറയാനിറങ്ങിയ ഇന്ത്യയുടെ ആദ്യവിക്കറ്റ് നാലാം ഓവറില്‍ നഷ്ടപ്പെട്ടു. ജോണ്‍സണിന്റെ പന്തില്‍ ബൗള്‍ഡായി ഗംഭീര്‍ മടങ്ങുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ബോര്‍ഡിലുണ്ടായിരുന്നത് 11 റണ്‍സ്.

ആര്‍പ്പുവിളിയും കരഘോഷവുമായി കൊച്ചിയില്‍ തിങ്ങിനിറഞ്ഞ ക്രിക്കറ്റ് പ്രേമികള്‍ക്ക് പിന്നെയും ആശ്വസിക്കാന്‍ പേരുകള്‍ ഏറെയുണ്ടായിരുന്നു. സച്ചിനുണ്ട്, യുവരാജും ദ്രാവിഡും ധോണിയുമുണ്ട്. മുടക്കിയ പണം മുതലാക്കി ഇന്ത്യയുടെ വിജയം ആഘോഷിച്ച് ത്രിവര്‍ണപതാകയും വീശി വീട്ടില്‍ പോകാന്‍ കൊതിച്ചവര്‍ നിരാശരാകാന്‍ ഏറെ നേരം വേണ്ടി വന്നില്ല.

ഉത്തപ്പയുടെ മിന്നല്‍ പിണറിനിടയില്‍ സ്റ്റുവര്‍ട്ട് ക്ലര്‍ക്കിന്റെ പന്ത് സിമ്മണ്‍സിന്റെ കൈകളിലേയ്ക്ക് ദാനം ചെയ്ത് സച്ചിന്‍ മടങ്ങിപ്പോയി. ഗാലറികള്‍ ഒരു നിമിഷം നിശബ്ദമായി. എട്ടോവറില്‍ 58 റണ്‍സായിരുന്നു അപ്പോഴത്തെ അവസ്ഥ.

ജനം വീണ്ടും പ്രതീക്ഷിച്ചു. യുവരാജാണ് വരാനുളളത്. ആറു സിക്സറുകളുടെ രാജാവ് അറബിക്കടലിന്റെ റാണിയെ ബാറ്റിംഗ് പ്രഹരങ്ങളാല്‍ ഉന്മാദഭരിതയാക്കുമെന്ന് ആരാധകര്‍ കരുതി. പുതുമുഖം ഹോപ്സിന്റെ നോബാളിനു ശേഷം അനുവദിച്ചു കിട്ടിയ ഫ്രീഹിറ്റ് ഗാലറിയിലേയ്ക്കു പറന്നപ്പോള്‍ വരാനിരിക്കുന്ന സിക്സര്‍മഴയെ കാണികള്‍ കനവുകണ്ടു.

നിരുപദ്രവകരമായ ഹോപ്സിന്റെ മറ്റൊരു പന്ത് ഹെയ്ഡന്റെ കൈകളിലേയ്ക്ക് തോണ്ടിയെറിഞ്ഞ് യുവരാജനും മടങ്ങി. ക്യാപ്റ്റന്റെ ഭാരം തലയിലും ബാറ്റിന്റെ ഭാരം കൈകളിലുമേന്താനുളള ശേഷിയില്ലെന്ന് തുറന്നു പറ‍ഞ്ഞ് തൊപ്പി വലിച്ചെറിഞ്ഞ രാഹുല്‍ ദ്രാവിഡാണ് പിന്നീടെത്തിയത്.

ഹോഗിനെ സിക്സറടിക്കാനുളള രാഹുലിന്റെ മോഹം ബൗണ്ടറിലൈനില്‍ നിന്ന ജോണ്‍സണിന്റെ കൈകളില്‍ പൊലിഞ്ഞു വീണു. ഒരറ്റത്ത് വിക്കറ്റുകള്‍ ഒന്നൊന്നായി കൊഴിഞ്ഞു വീഴുന്നത് കണ്ടു നിന്ന മഹേന്ദ്രസിംഗ് ധോണി ആദ്യമായി ക്യാപ്റ്റന്റെ തൊപ്പിയിലെ മുളളുകളേറ്റ് പിടഞ്ഞു. ഇന്ത്യയുടെ ഇന്നിംഗ്സിലെ അവസാന വിക്കറ്റും ധോണിയുടേതു തന്നെയായിരുന്നു. 88 പന്തുകളില്‍ 2 സിക്സറുകളും 2 ഫോറുകളുമടിച്ച് 58 റണ്‍സോടെ ടോപ്പ് സ്കോററായതും ധോണി തന്നെ.

മനോരമയുടെ വെബ് പേജുകളിലൂടെ തന്നെ തെറിവിളിച്ച മലയാളികള്‍ക്ക് മൂന്നു വിക്കറ്റ് നേട്ടത്തിലൂടെയാണ് ശ്രീശാന്ത് കൊച്ചിയില്‍ മറുപടി പറഞ്ഞത്. ശ്രീശാന്തിന്റെ 9 ഓവറുകളില്‍ നിന്നു ആസ്ട്രേലിയ 67 റണ്‍സ് അടിച്ചു കൂട്ടുന്നത് കണ്‍കുളിര്‍ക്കെ കണ്ടപ്പോള്‍ മലയാളികള്‍ക്കും നെഞ്ചിലെ കല്ലിറങ്ങി.

Story first published: Wednesday, December 7, 2011, 14:15 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+