For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മധുരപ്രതികാരം, ധോണിപ്പടയ്ക്ക് കിരീടം

By Staff
India beats Aussies
ബ്രിസ്‍ബേന്‍ : 2008 മാര്‍ച്ച് നാല് ചൊവ്വാഴ്ച ഇന്ത്യയിലെ സമയം ഏതാണ്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ക്രിക്കറ്റിലെ തമ്പുരാക്കന്മാരുടെ അഹങ്കാരത്തിന്റെ പത്തി പതിനൊന്നു ചെറുപ്പക്കാര്‍ ചേര്‍ന്ന് അടിച്ചു മടക്കി.

ഉച്ചി പിളര്‍ന്ന് ചോരയും ചലവുമൊലിച്ച് അനുതാപത്തിന്റെ ഈച്ചയാര്‍ത്ത് അതിരുകളില്ലാത്ത ധാര്‍ഷ്ട്യത്തിന്റെ ശവശരീരം ബ്രിസ്‍ബേന്‍ സ്റ്റേഡിയത്തില്‍ പോസ്റ്റ്മോര്‍ട്ടം കാത്ത് കിടന്നപ്പോള്‍, നീലക്കുപ്പായമണിഞ്ഞ ധോണിപ്പട ആഹ്ലാദനൃത്തം ചവിട്ടി. കൊടും വിഷം ചീറ്റിയ ക്രിക്കറ്റ് കാളിയന്മാരുടെ പത്തി ഇനി കുറേ നാളത്തേയ്ക്ക് നിവരില്ലെന്ന് ഉറപ്പിച്ച പ്രകടനത്തിന്റെ സന്തോഷം ഒരു രാജ്യമാകെ ഏറ്റുവാങ്ങി.

ഒന്‍പതു റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ബാറ്റിംഗില്‍, ബൗളിംഗില്‍, ഫീല്‍ഡിംഗില്‍ ഇന്ത്യ ഓസീസിനെ ബഹുദൂരം കടത്തി വെട്ടി. ആജന്മവൈരികളായ ഹെ‍യ്‍ഡനെയും സിമ്മണ്ട്സിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ ഹര്‍ബജന്‍ രാജകീയമായി പകരം വീട്ടി. ഇര്‍ഫാന്‍ പത്താന്‍ എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തില്‍ ഹോപ്സിന്റെ പോരാട്ടം പീയൂഷ് ചൗളയുടെ കൈകളിലൊതുങ്ങിയപ്പോള്‍, ഏറെ കാത്തിരുന്ന ഒരു മഹാവിജയത്തിന്റെ ഉത്സവപ്രകമ്പനത്തില്‍ ഇന്ത്യ പൊട്ടിത്തരിച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ വീണ്ടും സച്ചിന്‍ മുന്നില്‍ നിന്ന് നയിച്ചു. ഫൈനലില്‍ കാലിടറുന്ന താരമെന്ന പഴി ഏറെ കേട്ട സച്ചിന്‍ കഴിഞ്ഞ ദിവസം നിര്‍ത്തിയടത്തു നിന്നാണ് തുടങ്ങിയത്. 121 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 91 റണ്‍സ്. ചുമതലാബോധത്തിന്റെ ചന്തമുളള സുന്ദരന്‍ ഇന്നിംഗ്സ് സെഞ്ച്വറിയിലെത്തേണ്ടതായിരുന്നു.

മൈക്കേല്‍ ക്ലാര്‍ക്കിന്റെ പന്തില്‍ റിക്കി പോണ്ടിംഗ് ക്യാച്ചെടുത്ത് സച്ചിന്‍ പുറത്താകുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 204 റണ്‍സെന്ന സുഭദ്രമായ നിലയിലായിരുന്നു. അവസാനപത്തോവറുകളില്‍ ഇന്ത്യയ്ക്ക് പക്ഷേ കത്തിപ്പടരാനായില്ല. അവസാന പത്തോവറില്‍ കഷ്ടിച്ച് 50 റണ്‍സ് നേടാനേ ഇന്ത്യയ്ക്കായുളളൂ.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിക്കുകയായിരുന്നു മാന്‍ ഓഫ് ദി മാച്ച് പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ ബൗളര്‍മാര്‍. ഫൈനലുകളില്‍ ഉറഞ്ഞു തുള്ളുന്ന ഗില്‍ക്രിസ്റ്റും പോണ്ടിംഗുമെല്ലാം ആവനാഴിയൊഴിഞ്ഞ് നിഷ്പ്രഭരായി കൂടാരം കയറി. ചെറുത്തു നിന്ന ഹെയ്‍ഡന്‍ റണ്ണൗട്ടായതിന് തൊട്ടുപുറകെ സിമ്മണ്ട്സ് വിക്കറ്റിനു മുന്നില്‍ കുരുങ്ങി.

ഹര്‍ബജന്റെ ഓവറിലായിരുന്നു ഈ രണ്ടു പുറത്താകലുകളും. ബാജിയും ഓസീസുകാരുമായുളള ചൂടന്‍ വാഗ്വാദങ്ങള്‍ക്ക് അതിസുന്ദരമായ പരിണാമം. ആഹ്ലാദം ഒട്ടും മറച്ചുവെയ്ക്കാതെ നൃത്തം ചവിട്ട ഹര്‍ബജന്‍ ഓര്‍മ്മിപ്പിച്ചത് കാളിന്ദിയിലെ കണ്ണനെ.

മൈക്ക് ഹസിയും ഹോപ്സും വിട്ടുകൊടുക്കാനുളള മൂഡിലായിരുന്നില്ല. ഒന്നും രണ്ടും റണ്‍സുകള്‍ കൊരുത്തെടുത്ത് വിജയത്തിന്റെ വല നെയ്ത ഈ കൂട്ടുകെട്ട് പൊളിക്കാനുളള യോഗം ശ്രീശാന്തിനായിരുന്നു. ശ്രീശാന്തിന്റെ മനോഹരമായ ഒരു പന്ത് തന്റെ ബാറ്റിനെ ഉമ്മ വെച്ച് ധോണിയുടെ ഗ്ലൗസിലെത്തിയത് ഇനിയും ഹസിക്ക് വിശ്വസിക്കാനായിട്ടില്ല. മൂന്നാം അമ്പയറുടെ തീര്‍പ്പിലാണ് ഹസി പുറത്തായത്.

വാലറ്റത്തെ സാക്ഷി നിര്‍ത്തി അവസാന നിമിഷം വരെ ഹോപ്സ് പൊരുതി. ഇടയ്ക്ക് ശ്രീശാന്തിനെ സിക്സറിന് പറത്തിയപ്പോള്‍ ഇന്ത്യയൊരു നിമിഷം നിശബ്ദമായി. വേണ്ട റണ്‍സും ബാക്കിയായ പന്തുകളും തമ്മിലുളള അകലം കുറഞ്ഞു വരുന്തോറും കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരുടെ നെഞ്ചിടിപ്പിന് വേഗതയേറി.

അമ്പതാം ഓവറിലെ നാലാം പന്ത് എല്ലാ ആകാംക്ഷകള്‍ക്കും വിരാമം കുറിച്ചു. ഹോപ്സിന്റെ ലക്ഷ്യം തെറ്റിയ ഷോട്ട് പീയൂഷ് ചൗളയുടെ കൈകളില്‍. ഏറെക്കാലമായി കൊതിച്ച ഫൈനല്‍ വിജയത്തിന്റെ ആണവസ്ഫോടനത്തില്‍ ഇന്ത്യയിലെ ഓരോ ക്രിക്കറ്റ് പ്രേമിയുടെയും ശരീരം പൊട്ടിത്തരിച്ചു.

ഇനി മേലില്‍ ഇന്ത്യയെ പുച്ഛിക്കാന്‍ റിക്കി പോണ്ടിംഗിന് നാവു പൊന്തുമോ? ഇന്ത്യയുടെ താരങ്ങളെ ബോക്സിംഗ് റിംഗില്‍ കിട്ടിയാല്‍ ഇടിച്ചു പരത്തുമെന്ന് പറയാന്‍ മാത്യു ഹെയ്‍ഡന്‍ ഇനി മൂന്നു വട്ടം ആലോചിക്കും. ശരിക്കൊന്നുറങ്ങാന്‍ ആന്‍ഡ്രൂ സിമ്മണ്ട്സ് ഇനിയെത്ര കാലം കാത്തിരിക്കണം. കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസ് ഏകദിന കിരീടം നേടി ഇന്ത്യ ആര്‍ത്തു വിളിക്കുമ്പോള്‍ റിക്കിയും സംഘവും നാണക്കേടിന്റെ ആഴക്കടലില്‍ മുഖമൊളിപ്പിക്കാന്‍ ഇടം തേടുകയാണ്.

ഒരു വൃത്തികെട്ട ധാര്‍ഷ്ട്യത്തെ രണ്ടുകാലിലും തൂക്കിയെടുത്ത് പാറക്കല്ലിലടിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടം അവസാന ഓവര്‍ വരെ നീണ്ടു നിന്നു എന്നത് ശരി. ശ്രീശാന്തിനെ സിക്സര്‍ പറത്തിയ ഹോപ്സ് ഇന്ത്യക്കാരെ വിറപ്പിച്ചുവെന്നതും ശരി. എന്നാല്‍ അതിനുമപ്പുറമാണ് ആസ്ട്രേലിയക്കാരുടെ അഹങ്കാരത്തിന് ടീം ഇന്ത്യയുടെ പയ്യന്‍പട ഏല്‍പ്പിച്ച അടി. അതിന്റെ ആഘാതം ഓസീസുകാരുടെ പെരുമയ്ക്കുണ്ടാക്കിയ പരിക്ക് ചില്ലറയല്ല.

അധിക്ഷേപത്തിന്റെയും അച്ചടക്ക നടപടികളുടെയും കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞാണ് ധോണിയുടെ നീലപ്പട വിജയത്തിന്റെ വിശാലനീലിമയില്‍ ത്രിവര്‍ണ പതാക പറപ്പിച്ച് ഒഴുകി നടക്കുന്നത്. അതുകൊണ്ടു തന്നെ ഈ വിജയത്തിന് മധുരം കൂടും.

സ്കോര്‍ ബോര്‍ഡ്

ബന്ധപ്പെട്ട വാര്‍ത്തകള്‍








Story first published: Tuesday, March 4, 2008, 17:54 [IST]
Other articles published on Mar 4, 2008
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+