ബാംഗ്ലൂര്‍: ശ്രീലങ്കയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരകളിലൂടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തിരിച്ചുവരവ് നടത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് ഗ്രെഗ് ചാപ്പല്‍ പറഞ്ഞു.
ഒരു തിരിച്ചുവരവിന് സച്ചിന്‍ മാനസികമായും ശാരീരികമായും തയ്യാറാണെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് ചാപ്പല്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തെ ക്യാമ്പിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ചാപ്പല്‍.
സച്ചിന്റെ അനുഭവവും പരിജ്ഞാനവും ചെറുപ്പക്കാരായ കളിക്കാരെ സഹായിക്കും. പുതിയ കളിക്കാരുമായി അദ്ദേഹം ഏറെ നേരം ചെലവിടുന്നുണ്ടെന്നും ചാപ്പല്‍ പറഞ്ഞു.
ഗാംഗുലി ടീമില്‍ തിരിച്ചെത്തുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. സെലക്ടര്‍മാരാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.