അഡിലെയ്‍ഡ് : വംശീയ പരാമര്‍ശനം നടത്തിയെന്ന ഹര്‍ബജന്‍സിംഗിനെതിരെയുളള ആരോപണത്തിന്റെ അപ്പീലിന്മേല്‍ പുതിയ തെളിവുകളൊന്നും അനുവദിക്കില്ലെന്ന് ബിസിസിഐ.
ചൊവ്വാഴ്ച അപ്പീലില്‍ വാദം കേള്‍ക്കുമ്പോള്‍ സ്റ്റമ്പ് മൈക്രോഫോണില്‍ നിന്നുളള ശബ്ദം വിശകലനം ചെയ്തത് തെളിവായി സ്വീകരിക്കുമെന്ന വാര്‍ത്തയാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. കൃത്രിമം കലര്‍ത്താന്‍ എളുപ്പമുളളതാണ് ഈ തെളിവെന്നും ഇത് അംഗീകരിക്കുന്ന പ്രശ്നമേയില്ലെന്നും ബോര്‍ഡിലെ ഉയര്‍ന്ന വക്താവ് വെളിപ്പെടുത്തി. ഇതോടെ ആസ്ട്രേലിയയിലെ ത്രിരാഷ്ട്ര പരമ്പരയുടെ കാര്യം അനിശ്ചിതത്വത്തിലായി.
ന്യൂസിലാന്റിലെ ജസ്റ്റിസ് ജോണ്‍ ഹാന്‍സണാണ് അപ്പീല്‍ പരിഗണിക്കാന്‍ ഐസിസി നിയോഗിച്ച കമ്മിഷണര്‍. വാദം കേള്‍ക്കലില്‍ സ്റ്റമ്പ് മൈക്രോഫോണില്‍ നിന്നുളള ശബ്ദം തെളിവായി സ്വീകരിക്കുമെന്ന് ജോണ്‍ ഹാന്‍സണാണ് വെളിപ്പെടുത്തിയത്.
ഐസിസി മാച്ച് റഫറി മൈക്ക് പ്രോക്ടറിന് കിട്ടാത്ത ഈ തെളിവ് പരിശോധിക്കുമെന്ന് ഹാന്‍സണ്‍ വ്യക്തമാക്കി.
ആന്‍ഡ്രൂ സിമ്മണ്ട്സിനെ വംശീയമായി ഹര്‍ബജന്‍ ആക്ഷേപിച്ചെന്നായിരുന്നു ആരോപണം. ആരോപണം ശരിവെച്ച മാച്ച് റഫറി ഹര്‍ബജനെ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് വിലക്കിയിരുന്നു. ഹര്‍ബജന്റെ വിലക്ക് നീക്കിയില്ലെങ്കില്‍ നാലാം ടെസ്റ്റും തുടര്‍ന്നുളള ഏകദിന പരമ്പരയും ബഹിഷ്കരിക്കുമെന്നായിരുന്നു ബിസിസിഐയുടെ നിലപാട്.
അടുത്ത പേജില്‍