മുംബെ : ആസ്ട്രേലിയയില്‍ നടക്കുന്ന ക്രിക്കറ്റ് പര്യടനത്തില്‍ നിന്നും ടീമിനെ പിന്‍വലിക്കാനുളള അടിയന്തര തീരുമാനം കൈക്കൊളളാന്‍ ബോര്‍ഡ് പ്രസിഡന്റ് ശരദ് പവാറിന് ബിസിസിഐ അനുമതി നല്‍കി.
ബോര്‍ഡില്‍ ചര്‍ച്ച ചെയ്യാതെ ശരദ് പവാറിന് സ്വന്തം ഇഷ്ടപ്രകാരം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുളള അനുമതിയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം നല്‍കിയത്. ഇന്ത്യയിലെ ക്രിക്കറ്റ് ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പ്രസിഡന്റിന് ഇങ്ങനെയൊരു അധികാരം നല്‍കുന്നത്.
വംശീയാധിക്ഷേപം ചുമത്തി ഹര്‍ബജന്‍സിംഗിനെ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് വിലക്കാനുളള മാച്ച് റഫറിയുടെ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ആസ്ട്രേലിയയിലെ ഏകദിന പരമ്പരയില്‍ നിന്നും ഇന്ത്യ പിന്മാറുമെന്ന കാര്യം ഉറപ്പായി. മണ്ടന്‍ അമ്പയര്‍ സ്റ്റീവ് ബക്ക്നറെ പുറത്താക്കിയിട്ടും ഹര്‍ബജനെതിരെയുളള ശിക്ഷ അപ്പീല്‍ വരെ നീട്ടി വെച്ചിട്ടും ബിസിസിഐയുടെ രോഷം അടങ്ങുന്നില്ല.
ഇന്ത്യയിലെ കളിക്കാരന്റെ പേരില്‍ വംശീയാധിക്ഷേപക്കുറ്റം ചുമത്താന്‍ ഒരിക്കലും അനുവദിക്കില്ലെന്ന നിലപാടാണ് ക്രിക്കറ്റ് ബോര്‍ഡിന്. വര്‍ണവിവേചനത്തിനും വംശീയ വിദ്വേഷത്തിനും എതിരെ ശക്തമായ നിലപാട് എന്നും കൈക്കൊണ്ട ഇന്ത്യയെ അങ്ങേയറ്റം അധിക്ഷേപിക്കുന്നതാണ് ഹര്‍ബജനെതിരെയുളള ശിക്ഷയെന്ന് ബോര്‍ഡും കളിക്കാരും വിശ്വസിക്കുന്നു.
ഹര്‍ബജനു മേല്‍ ചുമത്തിയ ശിക്ഷ പിന്‍വലിച്ചില്ലെങ്കില്‍ കളി ഉപേക്ഷിക്കണമെന്നാണ് ടീമിലെ മുതിര്‍ന്ന കളിക്കാരുടെയും നിലപാട്. ക്യാപ്റ്റന്‍ കുംബ്ലെയും സച്ചിനും ഗാംഗൂലിയും ദ്രാവിഡും ഈ തീരുമാനത്തില്‍ രോഷാകുലരാണ്.
തന്നില്‍ നിക്ഷിപ്തമായ പുതിയ അധികാരം ഇന്ത്യാക്കാര്‍ക്കു വേണ്ടി ഹര്‍ബജന് അനുകൂലമായി താന്‍ പ്രയോഗിക്കുമെന്ന് ശരത് പവാറും വ്യക്തമാക്കി.
ശിക്ഷയെക്കുറിച്ച് ഇന്ത്യ നല്‍കിയ അപ്പീലിന്മേല്‍ കമ്മിഷനെ നിയോഗിക്കാമെന്നാണ് ഐസിസി സമ്മതിച്ചത്. എന്നാല്‍ ഈ കമ്മിഷന്റെ തീരുമാനവും ഇന്ത്യയ്ക്ക് എതിരാണെങ്കില്‍ പര്യടനം ഉപേക്ഷിച്ച് ടീം മടങ്ങും.
സ്റ്റീവ് ബക്ക്നറെ പുറത്താക്കിയ നടപടിയെ അനുകൂലിക്കുന്ന ആസ്ട്രേലിയയിലെ മാധ്യമങ്ങള്‍ പക്ഷേ ഹര്‍ബജനോട് പുലര്‍ത്തുന്നത് അനുകൂല മനോഭാവമല്ല.