ലാഹോര്‍: ഷൊയ്‌ബ് അക്തറിനെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ അഞ്ചു വര്‍ഷത്തെ വിലക്ക് അപ്പീല്‍ ട്രൈബ്യൂണല്‍ താത്‌കാലികമായി സസ്‌പെന്റ് ചെയ്‌തു.
ഒരു മാസത്തേക്കാണ് വിലക്ക് സസ്‌പെന്‍ഡ് ചെയ്‌തിരിയ്‌ക്കുന്നത്. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിയ്‌ക്കാന്‍ അക്തറിന് വഴി തെളിഞ്ഞിരിയ്‌ക്കുകയാണ്.
വിലക്ക് താത്‌കാലികമായി തടഞ്ഞിരിയ്‌ക്കുന്ന സാഹചര്യത്തില്‍ അക്തറിന് ഐപിഎല്ലില്‍ കളിയ്‌ക്കാന്‍ കഴിയുമെന്ന് ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡി അറിയിച്ചു.
ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലൂള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ് അക്തര്‍. പാക് ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ചതിനാണ് അക്തറിനെതിരെ അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ ഐപിഎല്ലില്‍ കളിയ്‌ക്കുന്നതിന് ബോര്‍ഡ് സമ്മതം നല്‌കിയിരുന്നു. പക്ഷെ ദേശീയ ടീമില്‍ വിലക്ക് ഏര്‍പ്പെടുത്തിയ താരത്തെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐ വിസമ്മതിച്ചതാണ് അക്തറിന് തടസ്സമായത്.
അപ്പലേറ്റ് ട്രൈബ്യൂണലിന് മുമ്പാകെ വിലക്ക് ഒരു മാസത്തേക്ക് നീട്ടി വെയ്‌ക്കണമെന്നാവശ്യപ്പെട്ട് അക്തര്‍ സമര്‍പ്പിച്ച ഹര്‍ജി ട്രൈബ്യൂണല്‍ അനുവദിയ്‌ക്കുകയായിരുന്നു. ജൂണ്‍ നാലു വരെയാണ് വിലക്ക് നീട്ടിയിട്ടുള്ളത്. അക്തറുമായി താന്‍ സംസാരിച്ചുവെന്നു രണ്ടു ദിവസത്തിനകം അക്തര്‍ ഇന്ത്യയിലെത്തുമെന്നും മോഡി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍