അഡ്‌ലെയ്‌ഡ്: വംശീയധിക്ഷേപ കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങിന് ലഘു ശിക്ഷ മാത്രം നല്‌കിയ ഐസിസി നടപടിയ്‌ക്കെതിരെ ആസ്‌ട്രേലിയയില്‍ വ്യാപക പ്രതിഷേധം.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ പണക്കൊഴുപ്പിനും ഭീഷണിയ്‌ക്കും മുന്നില്‍ ഐസിസിയും ക്രിക്കറ്റ് ആസ്‌ട്രേലിയയും തല താഴ്‌ത്തുകയായിരുന്നുവെന്നാണ് വിമര്‍ശനം. ആസ്‌ട്രേലിയയിലെ മാധ്യമങ്ങള്‍ ഐസിസിയെയും ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡായ 'ക്രിക്കറ്റ് ആസ്‌ട്രേലിയ'ക്കെതിരെയും കടുത്ത രീതിയിലാണ് വിമര്‍ശനം അഴിച്ചു വിട്ടിട്ടുള്ളത്.
ബിസിസിഐ മേലിലും ഇത്തരത്തിലാണ് ക്രിക്കറ്റില്‍ ഇടപെടുന്നതെങ്കില്‍ ദൈവം ക്രിക്കറ്റിനെ രക്ഷിക്കട്ടെയെന്നാണ് പ്രശസ്‌ത ക്രിക്കറ്റ് കമന്റേറ്റര്‍ റോബക്ക് സിഡ്‌നി മോണിംഗ് ഹെറാള്‍ഡില്‍ എഴുതിയത്.
ലോക ക്രിക്കറ്റില്‍ വന്‍ സാമ്പത്തിക ശക്തിയായ ഇന്ത്യ ആ ശ്‌കതിയുപയോഗിച്ചു തന്നെ ഹര്‍ഭജനെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് മാധ്യമങ്ങളുടെ വിമര്‍ശനം. ദ ആസ്‌ട്രേലിയന്‍ ദേശീയ പത്രം ഹര്‍ഭജനെ വെറുതെ വിട്ട വാര്‍ത്തയ്‌ക്ക് ക്രിക്കറ്റിന് നാണക്കേടിന്റെ ദിനം എന്നാണ് തലക്കെട്ട് നല്‌കിയിരിക്കുന്നത്.
പേരു പുറത്തു പറയാത്ത ആസ്‌ട്രേലിയന്‍ കളിക്കാരനെ ഉദ്ധരിച്ച് ഇന്ത്യ കേസില്‍ സമ്മര്‍ദം ചെലുത്തിയിരുന്നെന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഹര്‍ഭജന്‍ സംഭവം കൂടാതെ അമ്പയര്‍ ബക്‌നറെ പുറത്താക്കിയതുമടക്കം അടുത്തകാലത്ത് ഒട്ടേറെ തവണ ഇന്ത്യയുടെ സമ്മര്‍ദ്ദത്തിന് ഐസിസി വഴങ്ങിയെന്നും മാധ്യമങ്ങള്‍ ആരോപിച്ചിട്ടുണ്ട്.